
സ്ത്രീകൾക്ക് വേണ്ടി മാത്രം ഒരിടം. കേൾക്കുമ്പോൾ തന്നെ വളരെ കൗതുകമായി തോന്നുമെങ്കിലും ശരിക്കും അങ്ങനെയൊരു സ്ഥലമുണ്ട്. കടലാൽ ചുറ്റപ്പെട്ട ഒരു ദ്വീപിൽ സ്ത്രീകൾക്ക് മാത്രമേ പ്രവേശനമുള്ളൂ. ഫിൻലാൻഡിലാണ് ഈ 'സൂപ്പർഷി ഐലൻഡ്' സ്ഥിതി ചെയ്യുന്നത്. പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത ഈ ദ്വീപ് ബാൾട്ടിക് കടലിലാണ് ഉള്ളത്. സ്ത്രീകൾക്ക് വിശ്രമിക്കാനും ധ്യാനിക്കാനും വേണ്ടിയാണ് ഇവിടം രൂപ കൽപന ചെയ്തിരിക്കുന്നത്.
സ്ത്രീകൾക്ക് വേണ്ടിയുള്ള വിശ്രമകേന്ദ്രം
ഫിൻലാൻഡിലെ ഹെൽസിങ്കി നഗരത്തിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ റാസെപോരിക്ക് സമീപമാണ് 'സൂപ്പർഷി ദ്വീപ്' സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ എത്താൻ ആഗ്രഹിക്കുന്ന ഒരു ദ്വീപാണിത്. 8.4 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഇവിടം മരങ്ങളും പാറക്കെട്ടുകളും നിറഞ്ഞതാണ്. ഇവിടെ എത്തുന്ന സ്ത്രീകൾക്ക് ദെെനംദിന ജീവിതത്തിലെ തിരക്കിൽ നിന്ന് മാറി ശാന്തമായ ഒരു അന്തരീക്ഷം ലഭിക്കുന്നു.

സംരംഭക ക്രിസ്റ്റീന റോത്താണ് ഈ ദ്വീപിൽ ഇങ്ങനെയൊരു സംരംഭം ആരംഭിച്ചത്. ഇവർ ഒരു കൺസൾട്ടൻസി സ്ഥാപനത്തിലെ സിഇഒ ആയിരുന്നു. ഒരേ സമയം പരിമിതമായ അതിഥികൾ മാത്രമേ ഇവിടെ ഉണ്ടാകും. ഒരു സമയം എട്ട് സ്ത്രീകൾക്കാണ് പ്രവേശനം. ഇത് സ്വകാര്യതയ്ക്ക് പ്രധാന്യം നൽകുന്നു. യോഗ, മെഡിറ്റേഷൻ, വനയാത്ര, പോഷകാഹാരം, കയാക്കിംഗ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് വിശ്രമിക്കാൻ മാത്രമല്ല, ശാരീരികമായും മാനസികമായും ശാന്തത നൽകുന്ന സ്ഥലമായി കൂടി ഇത് മാറണമെന്ന് റോത്ത് ആഗ്രഹിച്ചിരുന്നു.

പ്രകൃതിയോട് ഇണങ്ങിയ ഡിസെെൻ
പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന തടികൊണ്ടുള്ള കോട്ടേജുകളും ചെറിയ വില്ലകളുമാണ് ഇവിടത്തെ താമസത്തിനായി ഒരുക്കിയിരിക്കുന്നത്. വൃത്തിയും സുരക്ഷിതവുമായ ഇടമാണിത്. ഇവിടെ അതിഥികൾക്ക് സമയക്രമമൊന്നുമില്ല. അവർക്ക് ഇഷ്ടമുള്ള രീതിയിൽ ചെലവഴിക്കാം. ഈ ദ്വീപിൽ വർക്ക്ഷോപ്പുകളും നടത്താറുണ്ട്. മാനസികാരോഗ്യം, പോഷകാഹാരം, സർഗ്ഗാത്മകത, സംരംഭകത്വം എന്നിവയെക്കുറിച്ചുള്ള സെഷനുകളിലാണ് കൂടുതലും വർക്ക്ഷോപ്പുകൾ നടത്തുന്നത്. ഈ മേഖലളിൽ ഉള്ളവരുടെ അനുഭവങ്ങൾ പങ്കിടുന്നതായിരിക്കും സെഷനുകൾ.

ഭക്ഷണം
സമുദ്രവിഭവങ്ങൾ, സസ്യാഹാര വിഭവങ്ങൾ, ഹെർബൽ ടീകൾ, സാലഡുകൾ എന്നിവയെല്ലാം ഇവിടെ വിളമ്പുന്നു. ഫോൺ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഇവിടെ ഉപയോഗിക്കുന്നത് വളരെ കുറവാണ്. ഒന്ന് ആഡംബര പൂർവമായി വിശ്രമിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഇത് നല്ലൊരു ഓപ്ഷനാണ്.

ചെലവ് നാല് ലക്ഷം
ഒരു ആഴ്ച താമസിക്കുന്നതിന് €4,600 (ഏകദേശം നാല് ലക്ഷം) ആണ് അതിഥികൾ നൽകുന്നത്. കൂടാതെ ഒരു അപേക്ഷയും പൂരിപ്പിച്ച് കൊടുക്കണം. ഇത് ചില വിമർശനങ്ങൾക്ക് കാരണമായിരുന്നു. 2019ത്തിന്റെ അവസാനത്തോടെ സൂപ്പർഷി എന്ന ആപ്പിൾ അംഗങ്ങൾ ആയവർക്ക് മാത്രമേ ഈ ദ്വീപിൽ പ്രവേശനമുള്ളൂവെന്ന നിബന്ധന കമ്പനി മുന്നോട്ടുവച്ചു.
ഈ സ്ഥലം ആദ്യം പരിചയപ്പെടുത്തിയത് റോത്തിന്റെ കാമുകനായിരുന്നുവെന്നാണ് റിപ്പോർട്ട്. ദ്വീപ് വാങ്ങിയശേഷം റോത്ത് പുരുഷന്മാരെ നിരോധിക്കുകയായിരുന്നു. എന്നാൽ ഇവിടത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുരുഷന്മാർ എത്തിയിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ അതിന് ശേഷം പുരുഷന്മാരെ ഈ ദ്വീപിലേക്ക് പ്രവേശിപ്പിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |