
നാഗ്പൂർ: കാര്യങ്ങൾ സുഗമമായി മുന്നോട്ടുപോകുമ്പോൾ ഏതൊരു പ്രസ്ഥാനത്തിലും തലമുറമാറ്റം നടപ്പാക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. അടുത്തതലമുറ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കമെന്നും അപ്പോൾ പഴയതലമുറ മാറിനിൽക്കണമെന്നും ഗഡ്കരി പറഞ്ഞു. നാഗ്പൂരിൽ അസോസിയേഷൻ ഫോർ ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് (എഐഡി) പ്രസിഡന്റ് ആശിഷ് കാലെ സംഘടിപ്പിച്ച അഡ്വാന്റേജ് വിദർഭ- ഖസ്ദർ ഔദ്യോഗിക മഹോത്സവത്തെക്കുറിച്ചുനടത്തിയ പത്രസമ്മേളനത്തിലായിരുന്നു പരാമർശം. അതിനിടെ, അദ്ദേഹം നടത്തിയ പ്രസ്താവന ബിജെപിയെയും ആർഎസ്എസിനെയും ലക്ഷ്യംവച്ചുള്ളതാണെന്ന് ചില കോണുകളിൽ നിന്ന് അഭിപ്രായമുയർന്നുകഴിഞ്ഞു. എന്നാൽ നേതൃത്വങ്ങൾ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. നേരത്തേയും ഇത്തരത്തിലുള്ള പ്രസ്താവനകൾ ഗഡ്‌കരി നടത്തിയിട്ടുണ്ട്.
'ആശിഷിന്റെ പിതാവ് എന്റെ സുഹൃത്താണ്. അഡ്വാന്റേജ് വിദർഭ സംരംഭത്തിൽ യുവതലമുറയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രമേണ തലമുറയും മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു. കാര്യങ്ങൾ സുഗമമായി മുന്നോട്ടുപോവുകയാണെങ്കിൽ പഴയതലമുറയിലുള്ളവർ വിരമിക്കാൻ നിർബന്ധിതരാകണം. ഉത്തരവാദിത്തം പുതിയ തലമുറയ്ക്ക് നൽകണം. പിൻവാങ്ങുന്നവർ മറ്റെന്തെങ്കിലും ജോലി ചെയ്യണം'- ഗഡ്കരി പറഞ്ഞു.
അടുത്തമാസം ആറുമുതൽ എട്ടുവരെയാണ് മൂന്നാമത് വിദർഭ സംരംഭം നടക്കുന്നത്. ഇന്ത്യയുടെ വ്യാവസായിക ഭൂപടത്തിൽ ശക്തവും വളർന്നുവരുന്നതുമായി ഒരു കേന്ദ്രമായി വിദർഭയെ മാറ്റിയെടുക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം. എഐഡിയുടെ മുഖ്യ ഉപദേഷ്ടാവാണ് ഗഡ്കരി . ഒരു പ്രദേശത്തിന്റെ വികസനത്തിന് വ്യാവസായിക മേഖല, സേവന മേഖല, കൃഷി അനുബന്ധമേഖലകളുടെ പ്രാധാന്യത്തെക്കുറിച്ചും ഗഡ്‌കരി വ്യക്തമാക്കി. തുണിത്തരങ്ങൾ, പ്ലാസ്റ്റിക്കുകൾ, ധാതുക്കൾ, കൽക്കരി, വ്യോമയാനം, ലോജിസ്റ്റിക്സ്, ഐടി, ആരോഗ്യ സംരക്ഷണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, റിയൽ എസ്റ്റേറ്റ്, പുനരുപയോഗ ഊർജം, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള വ്യവസായങ്ങളുടെ പങ്കാളിത്തം അഡ്വാന്റേജ് വിദർഭ എക്സ്‌പോയിൽ ഉണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |