ദിസ്പൂർ: അദ്ധ്യാപകർക്ക് കർശന ഡ്രസ് കോഡ് നടപ്പാക്കി ആസാം സർക്കാർ. ജീൻസ്, ലെഗിംഗ്സ്, കളർഫുളായ വസ്ത്രങ്ങൾ എന്നിവ അദ്ധ്യാപകർ ധരിക്കരുതെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. പുരുഷ-വനിതാ അദ്ധ്യാപകർ ഒരുകാരണവശാലും ജീൻസും ടീ ഷർട്ടും ധരിച്ച് സ്കൂളുകളിൽ എത്തരുതെന്നും വൃത്തിയുള്ളതും മാന്യമായുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും നിർദ്ദേശമുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെ നടപടിയുമുണ്ടാകും.
പൊതുജനങ്ങൾ അംഗീകരിക്കാൻ തയ്യാറാകാത്തതും അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ വസ്ത്രങ്ങൾ ധരിച്ച് അദ്ധ്യാപകർ സ്കൂളിൽ എത്താൻ തുടങ്ങിയതോടെയാണ് സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ട്. ആസാമിലെ പരമ്പരാഗത വസ്ത്രത്തിന് പുറമേ സാരിയും സൽവാറുമാണ് വനിതാ അദ്ധ്യാപകർക്ക് നിർദ്ദേശിച്ചിട്ടുള്ള വസ്ത്രം. പരമ്പരാഗതമായത് ഉൾപ്പടെ വൃത്തിയുള്ളതും മാന്യമായ വസ്ത്രങ്ങളുമാണ് പുരുഷ അദ്ധ്യാപകർക്ക് നിർദ്ദേശിച്ചിട്ടുള്ളത്.
നേരത്തേ ഹരിയാന ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളും സർക്കാർ ജീവനക്കാർക്കും ഡോക്ടർമാർക്കുമുൾപ്പെടെ ഡ്രസ്‌കോഡ് ഏർപ്പെടുത്തിയിരുന്നു. ഹരിയാനയിൽ ഡോക്ടർമാർ ഉൾപ്പെടയുള്ള ആരോഗ്യപ്രർത്തകർ ജീൻസ്, ടീ ഷർട്ട്, മേക്കപ്പ് എന്നിവ ഇടുന്നതിനൊപ്പം നഖം വളർത്തുന്നതും അസ്വാഭാവികമായ രീതിയിൽ മുടികെട്ടുന്നതും വിലക്കിയിരുന്നു..ജീവനക്കാർക്കൊപ്പം മെഡിക്കൽ വിദ്യാർത്ഥികൾക്കും ഡ്രസ്‌കോഡ് ബാധകരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |