ന്യൂഡൽഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി പദത്തിലേയ്ക്ക് ഒഴിവില്ലെന്നും ബിജെപിയിൽ നരേന്ദ്ര മോദി ചോദ്യം ചെയ്യപ്പെടാത്ത നേതാവായി തുടരുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജ്‌നാഥ് സിംഗിന്റെ പരാമർശം.
"ലോകത്തിലെ ഉന്നത നേതാക്കൾ പോലും ആഗോള കാര്യങ്ങളിൽ മോദിയുടെ ഉപദേശം തേടാറുണ്ട്. ലോക നേതാക്കളിൽ നിന്ന് ജന്മദിനത്തിന് ഇത്രയധികം വ്യക്തിപരമായ കോളുകൾ ലഭിക്കുന്ന മറ്റൊരു പ്രധാനമന്ത്രിയെ ഞാൻ കണ്ടിട്ടില്ല'- രാജ്‌നാഥ് സിംഗ് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ സർക്കാരിന്റെ പ്രതികരണം മോദിയുടെ പ്രവർത്തന ശൈലിയുടെ ഉദാഹരണമായി അദ്ദേഹം ഉദ്ധരിച്ചു. ഓപ്പറേഷൻ സിന്ദൂറിന് മുന്നോടിയായി സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകുന്നതിന് മുമ്പ് പ്രധാനമന്ത്രി മൂന്ന് സൈനിക മേധാവികളുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും കൂടിയാലോചിച്ചിരുന്നുവെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
2013ൽ മോദിയെ പ്രചാരണ കൺവീനറായും പിന്നീട് പാർലമെന്ററി ബോർഡിന്റെ പിന്തുണയോടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായും ബിജെപി പ്രഖ്യാപിച്ചത് എങ്ങനെയെന്ന് പ്രതിരോധ മന്ത്രി ഓർമ്മിച്ചു. അന്നത്തെ രാജ്യത്തിന്റെ സാഹചര്യങ്ങൾ മോദിയുടെ നേതൃത്വം ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.'2014ലെ പ്രചാരണ വേളയിൽ ഞങ്ങൾ പലപ്പോഴും ഒരുമിച്ച് യാത്ര ചെയ്തു. മോദിക്ക് പൂർണ ഭൂരിപക്ഷം ലഭിക്കുമെന്ന് ഞാൻ പറയാറുണ്ടായിരുന്നു, പക്ഷേ അദ്ദേഹത്തിന് അതത്രയും ഉറപ്പില്ലായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് അടുത്തൊന്നും ഒരു ഒഴിവുമില്ല. 2029, 2034 വർഷങ്ങളിലും അതിനുശേഷവും മോദി ഞങ്ങളുടെ സ്ഥാനാർത്ഥിയായി തുടരും'- രാജ്നാഥ് സിംഗ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |