ശ്രീനഗർ: പഹൽഗാമിൽ സുരക്ഷാ വീഴ്‌ചയുണ്ടായതായി സമ്മതിച്ച് ജമ്മു കാശ്‌മീർ ലഫ്‌റ്റനന്റ് ഗവർണർ മനോജ് സിൻഹ. പഹൽഗാം ഭീകരാക്രമണം ദൗർഭാഗ്യകരമായ കാര്യമാണെന്നും നിരപരാധികളായ ആളുകൾ ക്രൂരമായി കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗവർണറുടെ പരാമർശം.
'പഹൽഗാം ഭീകരാക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. അതൊരു സുരക്ഷാ വീഴ്‌ചയായിരുന്നുവെന്ന് നിസംശയം പറയാം. ഭീകരവാദികൾ വിനോദസഞ്ചാരികളെ ലക്ഷ്യമിടില്ല എന്നതാണ് ഇവിടത്തെ പൊതുവിശ്വാസം. ആക്രമണം നടന്ന സ്ഥലം ഒരു തുറന്ന പുൽമേടാണ്. അവിടെ സുരക്ഷാസേനയുടെ സാന്നിദ്ധ്യമുണ്ടാകാനുള്ള സൗകര്യമോ സ്ഥലമോ ഇല്ല. പാകിസ്ഥാൻ സ്‌പോൺസർ ചെയ്ത ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. കേസിൽ എൻഐഎ നടത്തിയ അറസ്റ്റുകൾ പ്രാദേശിക പങ്കാളിത്തത്തെ സ്ഥിരീകരിക്കുന്നു. എന്നാൽ ജമ്മു കാശ്‌മീരിലെ സുരക്ഷാ അന്തരീക്ഷം പൂർണമായും ഇല്ലാതായി എന്ന് പറയുന്നത് തെറ്റാണ്. ആക്രമണം രാജ്യത്തിന്റെ ആത്മാവിനെ ദുർബലപ്പെടുത്താൻ മനഃപൂർവമുള്ള ശ്രമമായിരുന്നു.
വർഗീയ വിഭജനം സൃഷ്ടിക്കാനായിരുന്നു പാകിസ്ഥാൻ ലക്ഷ്യമിട്ടത്. ജമ്മു കാശ്‌മീരിൽ സമാധാനം ഉണ്ടാകണമെന്ന് പാകിസ്ഥാൻ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ജമ്മു കാശ‌്‌മീരിന്റെ സമ്പദ് വ്യവസ്ഥയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. വിനോദ സഞ്ചാരികൾ ഒഴുകിയെത്തുകയാണ്. കാശ്‌മീരിന്റെ സാമ്പത്തിക മേഖലയ്ക്ക് പാകിസ്ഥാൻ നടത്തിയ ആക്രമണം തിരിച്ചടി നൽകിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ജമ്മു കാശ്‌മീരിൽ ഒരു ആക്രമണവും ഉണ്ടായിട്ടില്ല'- ഗവർണർ മനോജ് സിൻഹ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |