
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുമായുള്ള വിവാഹം മുടങ്ങിയതിൽ പ്രതികരണവുമായി സംഗീത സംവിധായകൻ പലാഷ് മുഛൽ. വിവാഹം മാറ്റി വച്ചതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് പലാഷ് വിഷയത്തിൽ പ്രതികരണം നടത്തുന്നത്.
'എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ നിന്ന് മുന്നോട്ട് പോകാനും എന്റെ വ്യക്തിപരമായ ബന്ധത്തിൽ നിന്ന് പിന്മാറാനും ഞാൻ തീരുമാനിച്ചു. എന്നെ സംബന്ധിച്ച് ഏറ്റവും പവിത്രമായ ഒന്നിനെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ പ്രചരണങ്ങളോട് ആളുകൾ ഇത്ര എളുപ്പത്തിൽ പ്രതികരിക്കുന്നത് കാണുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ഘട്ടമാണിത്. എന്റെ വിശ്വാസങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് ഞാൻ അതിനെ ഭംഗിയായി നേരിടും. ഗോസിപ്പുകളുടെ അടിസ്ഥാനത്തിൽ ഒരാളെ വിലയിരുത്തുന്നതിന് മുമ്പ് സമൂഹം എന്ന നിലയിൽ അതിനെക്കുറിച്ച് ചിന്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത്തരം വാർത്തകളുടെ ഉറവിടങ്ങൾ ഒരിക്കലും തിരിച്ചറിയാൻ കഴിയില്ല. നമ്മുടെ വാക്കുകൾ നമ്മൾ ചിന്തിക്കാത്ത വിധത്തിൽ മറ്റുള്ളവരെ മുറിവേൽപ്പിക്കും'- പലാഷ് മുഛൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
തെറ്റായതും അപകീർത്തികരവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ദുഷ്‌കരമായ സമയത്ത് തന്നോടൊപ്പം നിന്നവർക്കെല്ലാം പലാഷ് നന്ദി പറയുകയും ചെയ്‌തു.
അതേസമയം, പലാഷുമായുള്ള വിവാഹം നടക്കില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്‌മൃതി മന്ദാന. ഇൻസ്റ്റഗ്രാം പോസ്‌റ്റിലൂടെയാണ് വിവാഹം റദ്ദാക്കിയതായി താരം തുറന്ന് പറഞ്ഞത്. വിവാഹം മാറ്റിവച്ചതിന് ശേഷമുള്ള താരത്തിന്റെ ആദ്യ പ്രതികരണമാണിത്. വിവാഹവുമായി ബന്ധപ്പെട്ട് ആഴ്‌ചകളായി നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ വിരാമമായത്.
'കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതവുമായി ബന്ധപ്പെട്ട് ധാരാളം ഊഹാപോഹങ്ങൾ പ്രചരിച്ചിരിക്കുന്നുണ്ട്. ഈ സമയത്ത് ഞാൻ തുറന്നു സംസാരിക്കേണ്ടത് അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നു. ഞാൻ വളരെ സ്വകാര്യമായി ജീവിതം നയിക്കുന്ന വ്യക്തിയാണ്. അത് അങ്ങനെ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ വിവാഹം റദ്ദാക്കിയ കാര്യം എനിക്ക് വ്യക്തമാക്കേണ്ടതുണ്ട്'- സ്‌മൃതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വിവാഹം വേണ്ടെന്ന് വച്ചെന്ന് തുറന്ന് പറഞ്ഞതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ഇരുവരും പരസ്‌പരം അൺഫോളോ ചെയ്‌തു. നേരത്തെ തന്നെ വിവാഹവുമായി
ബന്ധപ്പെട്ടുള്ള എല്ലാ പോസ്‌റ്റുകളും സ്‌മൃതി സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്‌തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |