
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ബാറ്റിംഗ് നിരയെക്കുറിച്ചുള്ള ചർച്ചകൾക്ക് മറുപടി നൽകി ക്യാപ്ടൻ സൂര്യകുമാർ യാദവ്. ട്വന്റി-20 ഫോർമാറ്റിൽ മൂന്ന് മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യുന്നവർക്ക് നിശ്ചിത സ്ഥാനമില്ലെന്നും ബാറ്റിംഗ് പൊസിഷനുകളിൽ കളിക്കാർ ഫ്ലെക്‌സിബിൾ ആയിരിക്കണമെന്നും സൂര്യകുമാർ പറഞ്ഞു. ഓപ്പണിംഗ് സ്ഥാനത്ത് ശുഭ്മാൻ ഗില്ലിനെ സ്ഥിരപ്പെടുത്തിയതിനെക്കുറിച്ചും മലയാളി താരം സഞ്ജു സാംസണിന്റെ ഇപ്പോഴത്തെ സ്ഥാനത്തെക്കുറിച്ചും മറുപടി പറയുകയായിരുന്നു അദ്ദേഹം.
'ആദ്യം സഞ്ജു ടീമിൽ എത്തിയപ്പോൾ ടോപ് ഓർഡറിലായിരുന്നു ബാറ്റ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഓപ്പണർമാരല്ലാത്ത എല്ലാവരും ഏത് പൊസിഷനിലും കളിക്കാൻ തയ്യാറായിരിക്കണം. ഓപ്പണിംഗ് സ്ഥാനത്ത് സഞ്ജു നന്നായി കളിച്ചിരുന്നു. പക്ഷേ ശ്രീലങ്കയുമായുള്ള പരമ്പരയിൽ സഞ്ജുവിന് മുമ്പ് ടേ3പ്പ് ഓർഡറിൽ കളിച്ചിരുന്നത് ഗിൽ ആയിരുന്നു. അതുകൊണ്ട് ആ ഓപ്പണിംഗ് സ്ഥാനം ഗില്ലിന് അർഹതപ്പെട്ടതായിരുന്നു,'- സൂര്യകുമാർ വ്യക്തമാക്കി.
നിലവിൽ സഞ്ജു മൂന്നാം നമ്പറിലോ അഞ്ചാം നമ്പറിലോ ആണ് ബാറ്റ് ചെയ്യുന്നത്. 'സഞ്ജുവിന് ഞങ്ങൾ വേണ്ടത്ര അവസരങ്ങൾ കൊടുത്തിട്ടുണ്ട്. ഏത് നമ്പറിൽ ബാറ്റ് ചെയ്യാനും അദ്ദേഹം തയ്യാറാണ്. ഏത് പൊസിഷനിലും സാഹചര്യത്തിനനുരിച്ച് മൂന്നാം സ്ഥാനം മുതൽ ആറാം സ്ഥാനം വരെ അദ്ദേഹത്തിന് ബാറ്റ് ചെയ്യാൻ കഴിയും. ഗില്ലും സഞ്ജുവും ടീമിന്റെ അഭിവാജ്യഘടകമാണ്. ഒരാൾ ഓപ്പണർ ആകുമ്പോൾ മറ്റൊരാൾക്ക് ലോവർ ഓഡറിൽ കളിക്കാം. അല്ലെങ്കിൽ ഇരുവർക്കും ഏത് റോളുകളും ഏറ്റെടുക്കാം. അതുകൊണ്ട് തന്നെ ടീമിനു രണ്ടു പേരും മുതൽകൂട്ടാണ്'.- സൂര്യകുമാർ പറയുന്നു.
ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് സൂര്യകുമാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പരിക്ക് മാറി തിരിച്ചെത്തിയ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ സാന്നിദ്ധ്യം അടുത്ത വർഷത്തെ ട്വന്റി-20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനു താളം നൽകുമെന്ന് സൂര്യകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |