
വാഷിംഗ്‌ടൺ: ഭൗമ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനിടയിലും ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മുന്നേറുകയാണ്. ഇത് സൂചിപ്പിക്കുന്നത് അമേരിക്ക ഇന്ത്യയില്‍ നിന്നുള്ള ഉല്പന്നങ്ങള്‍ക്ക് ചുമത്തിയ 50 ശതമാനം തീരുവ ഇന്ത്യയുടെ വളര്‍ച്ചയെ അത്ര ബാധിച്ചിട്ടില്ലെന്നാണ്.
2025 ജൂലായ് - സെപ്‌തംബര്‍ കാലയളവില്‍ രാജ്യം 8.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയപ്പോള്‍ ഉല്പാദനമേഖല 9.1 ശതമാനം മുന്നേറ്റമാണ് കാഴ്ചവച്ചത്. നിര്‍മ്മാണ മേഖലയാകട്ടെ 7.2 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. അതേസമയം സാമ്പത്തിക - റിയല്‍ എസ്റ്റേറ്റ് - പ്രൊഫഷണല്‍ സേവന വിഭാഗങ്ങള്‍ 10.2 ശതമാനം വളര്‍ച്ച കൈവരിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് വ്യക്തമാക്കുന്നു. കാര്‍ഷിക അനുബന്ധ മേഖലയും 3.5 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.5 ശതമാനമാകുമെന്ന് എസ് ആന്‍ഡ് പി. വിലയിരുത്തുന്നുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ച 6.7 ശതമാനമായി ഉയരുമെന്നും റേറ്റിംഗ് ഏജന്‍സിയുടെ പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ചരക്ക് - സേവന നികുതി കുറച്ചത് സെപ്‌തംബര്‍ - ഒക്ടോബര്‍ കാലയളവില്‍ രാജ്യത്ത് ഉപഭോഗം ഉയര്‍ത്തിയത് വളര്‍ച്ചയില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ ചൂണ്ടികാണിക്കുന്നത്. രാജ്യത്തെ ആഭ്യന്തര ഉപഭോഗം ശക്തമായി നില്‍ക്കുന്നതും കുറഞ്ഞ പലിശ നിരക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഏറെ ഗുണം ചെയ്തു എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ആദായ നികുതി സ്ലാബുകള്‍ പരിഷ്‌ക്കരിച്ചതും ചരക്ക്- സേവന നികുതി കുറച്ചതും ഇടത്തരക്കാര്‍ക്കിടയില്‍ ഉപഭോഗം കൂട്ടാന്‍ സഹായിച്ചതിന്റെ പ്രതിഫലനമാണ് സാമ്പത്തിക വളര്‍ച്ചയില്‍ ദൃശ്യമാകുന്നതെന്നും എസ് ആന്‍ഡ് പി വിലയിരുത്തുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ആറുമാസക്കാലത്ത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനം (ജിഡിപി) മുന്‍വര്‍ഷത്തെ 89.35 ലക്ഷം കോടി രൂപയില്‍നിന്ന് 96.52 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നത്. അതായത് 8 ശതമാനം വളര്‍ച്ച. ഇതെല്ലാം സൂചിപ്പിക്കുന്നത് പ്രതികൂല സാഹചര്യങ്ങളെയെല്ലാം മറികടന്ന് ഇന്ത്യയുടെ ജിഡിപി.
കുതിക്കുന്നുവെന്നാണ്. ഈ അവസ്ഥ വ്യക്തമാക്കുന്നത് 2025- 26 ലെ യഥാര്‍ത്ഥ വളര്‍ച്ചാ നിഗമനം ഏഴുശതമാനത്തിന് മുകളിലേക്ക് ഉയരുവാനുള്ള സാദ്ധ്യതകളാണ്. സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിച്ചതിന്റെ ക്രെഡിറ്റ് ജനങ്ങള്‍ക്ക് പ്രത്യേകിച്ച് ഗ്രാമീണ ജനതയ്ക്ക് അവകാശപ്പെട്ടതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. ഗ്രാമീണ ജനതയുടെ ഉപഭോഗം വര്‍ദ്ധിച്ചതും വിലകയറ്റം ഇടിഞ്ഞതുമാണ് വര്‍ദ്ധനയുടെ കാരണങ്ങളിലൊന്ന്. ഇന്ത്യയുടെ അഭിമാനകരമായ സാമ്പത്തിക വളര്‍ച്ചയുടെ ശോഭയ്ക്ക് മങ്ങലേല്പിക്കുന്നത് രൂപയുടെ വിലയിടിവാണ്.
രൂപ ദുര്‍ബലമായപ്പോള്‍ ഡോളര്‍ കണക്കില്‍ ജി.ഡി.പി കുറയുകയായിരുന്നു. രൂപയെ ദുര്‍ബലമാക്കിയത് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ അധിക തീരുവയാണ്. മാത്രമല്ല, ട്രംപ് യു.എസ്. പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഡോളര്‍ കരുത്താര്‍ജ്ജിക്കാന്‍ തുടങ്ങിയതും രൂപയ്ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്തുന്നതിനായി സെപ്‌തംബര്‍-നവംബര്‍ കാലയളവില്‍ റിസര്‍വ് ബാങ്ക് കരുതല്‍ ശേഖരത്തില്‍ നിന്ന് എടുത്തത് 2,600 കോടി (2.33 ലക്ഷം കോടി) രൂപയാണ്.
ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതിക്കായി ഡോളറിതര കറന്‍സിയായിരുന്നു വിനിയോഗിച്ചിരുന്നത്. അമേരിക്ക റഷ്യൻ കമ്പനികള്‍ക്കെതിരെ ഉപരോധം കൊണ്ടുവന്നതിനാല്‍ പുതിയ സ്രോതസ്സുകള്‍ ഇന്ത്യയ്ക്ക് കണ്ടെത്തേണ്ടിവന്നു. ഈ ഇടപാടുകളില്‍ പേമെന്റ് ഡോളറില്‍ വേണ്ടിവരുന്നതാണ് രൂപയുടെ മേല്‍ സമ്മദര്‍ദ്ദം കൂട്ടുന്നത്. എന്നാല്‍ ആര്‍ബിഐയുടെ ഇടപെടലിനെ തുടര്‍ന്ന് രൂപ ഡോളറിനെതിരെ നേട്ടവുമായി പിടിച്ചുനില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ ഡോളര്‍ ഇന്‍ഡക്‌സ് കുറഞ്ഞതും രൂപയ്ക്ക് അനുകൂലമാകുകയാണ്.
മാത്രമല്ല റഷ്യൻ പ്രസിഡന്റ് പുടിന്റെ ഇന്ത്യാ സന്ദർശനത്തിനിടയിൽ ഒപ്പുവച്ച കരാറുകളിൽ ഇന്ത്യ - റഷ്യ വാണിജ്യ ഇടപാടുകൾ റൂബിൾ - രൂപ വിനിയോഗത്തിൽ നടത്തുവാനും ഡോളർ ഒഴിവാക്കാനും തീരുമാനിച്ചിരിക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് ഒരേസമയം ഗുണവും ദോഷവുമാകുന്നുണ്ട്. ഇടിവ് കയറ്റുമതിക്ക് നേട്ടമാകുമ്പോള്‍ ഇറക്കുമതിയുടെ ചെലവ് കൂടുവാന്‍ വഴിയൊരുക്കും. ഇന്ത്യയുടെ ഐടി, ഫാര്‍മസിമേഖലയ്ക്ക് രൂപയുടെ മൂല്യം കുറയുന്നത് ഗുണകരമാണ്.
തൊഴില്‍ കേന്ദ്രീകൃത കയറ്റുമതി വ്യവസായങ്ങള്‍ക്ക് അമേരിക്കയുടെ തീരുവയെ മറികടക്കാന്‍ രൂപയുടെ ഇടിവ് സഹായിക്കും. അതുപോലെ വിദേശ വിനോദ സഞ്ചാരികളുടെ വരവും ഇത് കൂട്ടിയേക്കും. എന്നാല്‍ 88 ശതമാനം വരെ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് രൂപയുടെ മൂല്യത്തകര്‍ച്ച ബാധിക്കുന്നത് പെട്രോളിയം മേഖലയിലാണ്. ഇത് പരിഹരിക്കാന്‍ ഇന്ത്യ അസംസ്‌കൃത എണ്ണ ഇറക്കുമതിക്കായി തെക്കേ അമേരിക്കന്‍ രാഷ്ട്രമായ ഗയാനയെയും മറ്റും ആശ്രയിക്കുകയാണ്. രൂപയുടെ ഇടിവ് വിപണിയില്‍ ഉണ്ടാക്കുന്ന ആഘാതം അത്ര ഗുരുതരമാകില്ലെന്നാണ് സാമ്പത്തിക വിഗ്ധരുടെ നിരീക്ഷണം.
ഉയര്‍ന്ന ഉപഭോഗവും ജിഎസ്ടി പരിഷ്‌ക്കരണം വിപണിയില്‍ കൊണ്ടുവന്ന മാറ്റങ്ങളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിരോധം തീര്‍ക്കുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അനുമാനം റിസര്‍ച്ച് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സ് 7.4 ശതമാനമായാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. രണ്ടാം പാദത്തില്‍ 8.2 ശതമാനവും വളര്‍ച്ചയും ഫിച്ച് റേറ്റിംഗ്‌സ് പ്രവചിക്കുന്നു. യു.എസിന്റെ അധിക തീരുവകളും ഉപരോധവുമൊന്നും ഇന്ത്യയെ സ്പര്‍ശിച്ചിട്ടില്ലെന്ന് സാരം.

( ഫൊക്കാന മുൻപ്രസിഡന്റും നാമം ( യു.എസ്.എ) ഫൗണ്ടർ പ്രസിഡൻ്റുമാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |