
കച്ച്: ഇപ്പോൾ പാകിസ്ഥാനിലാണെങ്കിലും സിന്ധ് ഭാവിയിൽ ഇന്ത്യയിലായേക്കാമെന്ന് സൂചിപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സിന്ധി വിഭാഗക്കാരുടെ ഒരു ചടങ്ങിൽ പങ്കെടുക്കവെയാണ് രാജ്‌നാഥ് സിംഗ് പുതിയ ഈ വെളിപ്പെടുത്തൽ നടത്തിയത്. അതിർത്തികൾ മാറാം എന്നും നാളെ സിന്ധ് ഇന്ത്യയുടെ ഭാഗമാകാം എന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി അദ്ദേഹത്തിന്റെ പുസ്‌തകത്തിൽ സിന്ധിനെക്കുറിച്ച് പറഞ്ഞത് രാജ്‌നാഥ് സിംഗ് പരാമർശിച്ചു. 'എൽ കെ അദ്വാനിയെപ്പോലെയുള്ള സിന്ധികൾ, സിന്ധ് ഇന്ത്യയിൽ നിന്നും വിഭജിച്ച് പോയത് അംഗീകരിച്ചിട്ടില്ല.'
'സിന്ധിൽ മാത്രമല്ല ഇന്ത്യയിലാകെയുള്ള ഹിന്ദുക്കൾ സിന്ധു നദിയെ പവിത്രമായാണ് കാണുന്നത്. സിന്ധ് എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും. ഭൂമിയുടെ കാര്യം പറഞ്ഞാൽ അതിർത്തികൾ എപ്പോഴും മാറിമറിയാം. ആർക്കറിയാം സിന്ധ് നാളെ ഇന്ത്യയുടെ ഭാഗമാകില്ലെന്ന്, സിന്ധു നദി പുണ്യനദിയായി കാണുന്ന സിന്ധികൾ അവർ എവിടെയായാലും എപ്പോഴും നമ്മുടെ ആളുകളായിരിക്കും.' മന്ത്രി പറഞ്ഞു.
ഇത് രണ്ടാം തവണയാണ് ഇന്ത്യൻ അതിർത്തികൾ വിശാലമാകുമെന്ന് രാജ്‌നാഥ് സിംഗ് പറയുന്നത്. നേരത്തെ മൊറോക്കോയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവേയും കേന്ദ്ര പ്രതിരോധ മന്ത്രി ഇന്ത്യൻ അതിർത്തികൾ വലുതാകുമെന്ന് പറഞ്ഞിരുന്നു. പാക് അധീന കാശ്‌മീരിനെ സൂചിപ്പിച്ചായിരുന്നു ഇത്.
പഞ്ചാബ്, സിന്ധ്, ഗുജറാത്ത്, മറാത്ത എന്ന് അഭിമാനത്തോടെയാണ് ഇപ്പോഴും ഇന്ത്യക്കാർ ദേശീയ ഗാനം പാടുന്നതെന്ന് ഓർമ്മിപ്പിച്ച രാജ്‌നാഥ് സിംഗ് മക്കയിലെ സംസം ജലം പോലെ പരിശുദ്ധവും പവിത്രവുമാണ് സിന്ധു നദിയിലെ ജലമെന്ന് കരുതുന്ന നിരവധി മുസ്ളീങ്ങളുമുണ്ടെന്ന് അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |