
ന്യൂഡൽഹി: യാത്രാ നിരക്കുകളിൽ പുതിയ പരിഷ്‌കാരവുമായി ഇന്ത്യൻ റെയിൽവേ. ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്ന പുതിയ പരിഷ്കാരങ്ങൾ ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ സാധാരണക്കാരായ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും ഇത് പ്രതികൂലമായി ബാധിക്കില്ലെന്നാണ് വിവരം.
പുതിയ ഉത്തരവ് പ്രകാരം ഓർഡിനറി ക്ലാസുകളിൽ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് കിലോമീറ്ററിന് ഒരു പെെസ വീതം അധികം നൽകണം. മെയിൽ, എക്‌സ്‌പ്രസ് ട്രെയിനുകളുടെ നോൺ - എസി, എസി ക്ലാസുകളിൽ കിലോമീറ്ററിന് രണ്ട് പെെസയാണ് വർദ്ധിപ്പിച്ചത്. 215 കിലോമീറ്ററിൽ താഴെ യാത്ര ചെയ്യുന്നവർക്ക് നിരക്ക് വർദ്ധന ബാധകമല്ല. അതായത് നോൺ - എസി കോച്ചിൽ 500 കിലോമീറ്റർ ദൂരം യാത്ര ചെയ്യുന്ന ഒരാൾക്ക് 10 രൂപ മാത്രമാണ് അധികമായി ചെലവാകുക.
റെയിൽവേയുടെ ചെലവിലുണ്ടായ വർദ്ധനവാണ് നിരക്ക് പരിഷ്കാരണത്തിന് പ്രധാന കാരണമായത്. നിലവിൽ ജീവനക്കാരുടെ ശമ്പളഇനത്തിൽ മാത്രം 1,15,000 കോടി രൂപ റെയിൽവേയ്ക്ക് വേണം. പെൻഷന് 60,000 കോടി രൂപയാണ് ചെലവ്. 2024 - 25 സാമ്പത്തിക വർഷത്തിൽ റെയിൽവേയുടെ ആകെ പ്രവർത്തന ചെലവ് 2,63,000 കോടി രൂപയായി വർദ്ധിച്ചു. ഈ അധിക ബാദ്ധ്യത മറികടക്കുന്നതിനായി ചരക്ക് നീക്കം വർദ്ധിപ്പിക്കുന്നതിനൊപ്പം യാത്രാനിരക്കകളിൽ ചെറിയതോതിലുള്ള മാറ്റങ്ങൾ വരുത്തിയതെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |