
രാജപക്‌സെ സഹോദരന്മാർക്കായി ഗൂഢാലോചന
കൊളംബോ: 2019ൽ ശ്രീലങ്കയിലുണ്ടായ ഈസ്റ്റർ ഭീകരാക്രമണ കേസിന്റെ അന്വേഷണത്തിൽ വഴിത്തിരിവ്. സ്റ്റേറ്റ് ഇന്റലിജൻസ് സർവീസ് (എസ്.ഐ.എസ്) മുൻ മേധാവി റിട്ട. മേജർ ജനറൽ സുരേഷ് സല്ലേയെ ശ്രീലങ്കൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) അറസ്റ്റ് ചെയ്തു. ഗൂഢാലോചന, അക്രമികളെ സഹായിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. എൻ.ജി.ഒയിലെ ജോലിക്കായി പോകുംവഴി ബുധനാഴ്ച കൊളംബോയിലെ പെലിയഗോഡയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മഹിന്ദ, ഗോതബയ രാജപക്‌സെ സഹോദരൻമാരെ അധികാരത്തിലെത്തിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായിരുന്നു ആക്രമണമെന്ന് ആരോപണം ഉയർന്നിരുന്നു. ബോംബർമാർക്കും രാജപക്സെമാർക്കും ഇടയിലെ പാലമായി സല്ലേ പ്രവർത്തിച്ചെന്നാണ് ആരോപണം. ആക്രമണത്തിലൂടെ രാജ്യത്തുണ്ടാകുന്ന അസ്ഥിരതയെ തിരഞ്ഞെടുപ്പിനായി മുതലെടുക്കുകയായിരുന്നു ലക്ഷ്യം. 2019 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഗോതബയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സഹോദരൻ മഹിന്ദ പ്രധാനമന്ത്രിയായി.
2019 ഏപ്രിൽ 21ന് ഈസ്റ്റർ ദിനത്തിൽ, ഐസിസുമായി ബന്ധമുള്ള ശ്രീലങ്കയിലെ നാഷണൽ തൗഹീദ് ജമാഅത്ത് ഗ്രൂപ്പിൽപ്പെട്ട ഒമ്പത് ചാവേറുകൾ (എല്ലാവരും ശ്രീലങ്കൻ പൗരന്മാർ) കൊളംബോയിലെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും സ്ഫോടനങ്ങൾ നടത്തുകയായിരുന്നു. 11 ഇന്ത്യക്കാർ അടക്കം 270 പേർ മരിച്ചു. 500 ലേറെ പേർക്ക് പരിക്കേറ്റു.
# ബോംബർമാരെ കണ്ടു ?
ആക്രമണത്തെക്കുറിച്ച് സല്ലേക്ക് അറിവുണ്ടായിരുന്നോ, തീവ്രവാദ സെല്ലുകളെക്കുറിച്ചുള്ള
അന്വേഷണങ്ങൾ തടസപ്പെടുത്തിയോ തുടങ്ങിയ കാര്യങ്ങൾ അധികൃതർ അന്വേഷിക്കുന്നു
ബോംബർമാരും സല്ലേയും 2018 ഫെബ്രുവരിയിൽ കണ്ടുമുട്ടിയെന്ന് ആരോപണം.
2023ൽ ഒരു ഡോക്യുമെന്ററിയിലാണ് വെളിപ്പെടുത്തലുണ്ടായത്
അധികാരത്തിലേറിയ പിന്നാലെ ഗോതബയ സല്ലേയെ എസ്.ഐ.എസ് മേധാവിയാക്കി.
സല്ലേ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി അന്വേഷണം തടസപ്പെടുത്തിയെന്നും ആരോപണം
ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ നീതിക്ക് മുന്നിൽ കൊണ്ടുവരുമെന്ന
വാഗ്ദാനവുമായാണ് നിലവിലെ പ്രസിഡന്റ് അനുര കുമാര ദിസനായകെ അധികാരത്തിലേറിയത്.
2024 അവസാനം ദിസനായകെ സല്ലേയെ എസ്.ഐ.എസ് മേധാവി സ്ഥാനത്ത് നിന്ന് പുറത്താക്കി
2016 - 2018ൽ താൻ മലേഷ്യയിൽ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നെന്നും
ശ്രീലങ്കയിൽ വച്ച് അക്രമികളെ കണ്ടെന്ന വാദം തെറ്റാണെന്നും സല്ലേ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |