
ന്യൂഡൽഹി: ഡൽഹിമദ്യനയ അഴിമതികേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി. മദ്യനയത്തിലെ അഴിമതിയിൽ സിബിഐ എടുത്ത കേസിലാണ് റോസ് അവന്യൂ കോടതിയുടെ നടപടി. തെളിവുകളില്ലാതെ കേസിൽ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. സിബിഐ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും കോടതി അറിയിച്ചു. വിധിക്കെതിരെ അപ്പീൽ പോകാനുള്ള ശ്രമത്തിലാണ് സിബിഐ.
താനും സിസോദിയെയും സത്യസന്ധനാണ്. സത്യം ജയിച്ചു. മോദിയും അമിത്ഷായും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അഴിമതി കേസ്. കേജ്‌രിവാൾ പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പൊട്ടിക്കരയുകയും ചെയ്തു.
12ന് സിബിഐയുടെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷം കോടതി വിധി പറയാൻ കേസ് മാറ്റിവച്ചിരുന്നു. കേജ്‌രിവാളിനും സിസോദിയയ്ക്കും പുറമെ കേസിൽ ഉൾപ്പെട്ടിരുന്ന മറ്റ് 21 പേരെയും കോടതി വെറുതെവിട്ടിട്ടുണ്ട്. റദ്ദാക്കപ്പെട്ട ഡൽഹി മദ്യനയത്തിൽ അനുകൂലമായ മാറ്റങ്ങൾ വരുത്താൻ സൗത്ത് ലോബിയിൽ നിന്ന് 100 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു സിബിഐയുടെ ആരോപണം.
കേജ്‌രിവാൾ, സിസോദിയ, കെ കവിത തുടങ്ങി 23 പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഈ ഗൂഢാലോചനയിൽ എല്ലാവർക്കും പങ്കുണ്ടെന്നും വിചാരണ നേരിടാൻ ആവശ്യമായ തെളിവുകൾ ഉണ്ടെന്നുമാണ് അഡീഷണൽ സോളിസിറ്റർ ജനറൽ ഡിപി സിംഗ് കോടതിയിൽ വാദിച്ചത്.
കേജ്‌രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എൻ ഹരിഹരൻ സിബിഐയുടെ ആരോപണങ്ങളെ ശക്തമായി എതിർത്തു. ആദ്യത്തെ മൂന്ന് അനുബന്ധ കുറ്റപത്രങ്ങളിലും കേജ്‌രിവാളിന്റെ പേരുണ്ടായിരുന്നില്ല. നാലാമത്തെ കുറ്റപത്രത്തിൽ മാത്രമാണ് അദ്ദേഹത്തെ ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകൾ മാത്രമാണ് അദ്ദേഹം നിർവഹിച്ചത്. ഗൂഢാലോചനയുമായി ബന്ധിപ്പിക്കാൻ കേജ്‌രിവാളിനെതിരെ വ്യക്തമായ തെളിവുകളില്ലെന്നും പ്രതിഭാഗം വാദിച്ചു. കോടതി വിധി എഎപി ക്യാമ്പിന് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.
മദ്യനയക്കേസ് ഉയർത്തിവിട്ട രാഷ്ട്രീയ കൊടുങ്കാറ്റിലായിരുന്നു അരവിന്ദ് കേജ്‌രിവാളിന് ഡൽഹി മുഖ്യമന്ത്രി പദം നഷ്ടമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ പ്രതിരോധത്തിലാക്കാൻ ബിജെപി പ്രയോഗിച്ച ഏറ്റവും വലിയ രാഷ്ട്രീയ ആയുധവും ഈ അഴിമതി ആരോപണമായിരുന്നു. കേജ്‌രിവാൾ നേരിട്ട് പണം കൈപ്പറ്റിയെന്നും സിസോദിയ ഇടനിലക്കാരനായി നിന്നുവെന്നും ബിജെപി പ്രചരിപ്പിച്ചു. ഡൽഹിയിൽ ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് ഈ ആരോപണങ്ങൾ കരുത്തുപകർന്നു. കേസിൽപ്പെട്ട സിസോദിയ ഒന്നരവർഷത്തോളവും കേജ്‌രിവാൾ ആറ് മാസത്തോളവുമാണ് ജയിലിൽ കഴിയേണ്ടിവന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |