ന്യൂഡൽഹി: കുട്ടിക്കാലത്തെ ദാരിദ്ര്യം ഒരിക്കലും ഭാരമായി തോന്നിയിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ അതീവ ദാരിദ്ര്യത്തിലാണ് വളർന്നതെന്നും മോദി പറഞ്ഞു. യുഎസ് പോഡ്‌കാസ്റ്റർ ലെക്‌സ് ഫ്രിഡ്‌മാനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സ്‌കൂളിൽ ധരിക്കുന്ന വെള്ള ഷൂസിന്റെ നിറം മങ്ങിയത് മറയ്ക്കാനായി ഉപയോഗിച്ചു ബാക്കിയാവുന്ന ചോക്കുകൾ ശേഖരിക്കുമായിരുന്നു. അമ്മാവനാണ് ആ ഷൂസ് സമ്മാനിച്ചത്. ജീവിതത്തിലെ ഓരോ ഘട്ടത്തെയും നന്ദിയോടെയാണ് സ്വീകരിച്ചത്. എല്ലാ പ്രവർത്തനങ്ങൾക്കും ഉദ്ദേശമുണ്ട്. ഒരു വലിയ ശക്തിയാണ് എന്നെ അയച്ചത്. ഞാൻ ഒറ്റയ്ക്കല്ല, എന്നെ അയച്ചയാൾ എപ്പോഴും കൂടെയുണ്ട്'- മോദി പറഞ്ഞു.
തന്റെ ജന്മനാടായ ഗുജറാത്തിലെ മേസന ജില്ലയിലുള്ള വദ്‌നഗറിനെക്കുറിച്ചും മോദി സംസാരിച്ചു. 'വളരുന്തോറും എന്നിൽ ജിജ്ഞാസ വർദ്ധിച്ചു. വദ്‌നഗറിന് വലിയൊരു ചരിത്രമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. വദ്‌നഗർ പണ്ടുകാലത്ത് ബുദ്ധിസ പഠനകേന്ദ്രമായിരുന്നു. ഹ്യുയാൻ സാംഗ് എന്ന ഒരു ചൈനീസ് ചിന്തകൻ വദ്‌നഗറിൽ താമസിച്ചിരുന്നതായി പറയുന്ന ഒരു ചൈനീസ് സിനിമയെക്കുറിച്ച് വായിച്ചിട്ടുണ്ട്. 1400കളിൽ അവിടം ഒരു പ്രമുഖ ബുദ്ധിസം വിദ്യാഭ്യാസ ഹബ്ബായിരുന്നു.
12ാം നൂറ്റാണ്ടിലെ ഒരു വിജയ സ്‌മാരകം അവിടെയുണ്ട്. 17ാം നൂറ്റാണ്ടിലെ ഒരു ക്ഷേത്രവുമുണ്ട്. 16ാം നൂറ്റാണ്ടിലെ പ്രമുഖ സംഗീതജ്ഞരായ തന, റിരി എന്നിവരുടെ ജന്മനാടായിരുന്നു വദ്‌നഗർ. ഗുജറാത്തിലെ മുഖ്യമന്ത്രിയായതിനുശേഷം അവിടെ വലിയ തോതിൽ ഖനന പ്രക്രിയകൾക്ക് തുടക്കം കുറിച്ചു. ആയിരക്കണക്കിന് ബുദ്ധസന്യാസിമാർ അവിടെ പഠനം നടത്തിയിരുന്നതായി ഇതിലൂടെ കണ്ടെത്തി. നമുക്ക് പുസ്‌തകങ്ങളിൽ മാത്രമുള്ളതല്ല ചരിത്രം. എല്ലാ കല്ലുകളും സംസാരിക്കും. എല്ലാ മതിലുകൾക്കും ഒരു കഥ പറയാനുണ്ടാവും'- മോദി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |