ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ 117ഓളം മദ്രസകൾ എൻസിഇആർടി സിലബസിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതെന്ന് സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് അറിയിച്ചു. മദ്രസയിലെ പാഠഭാഗങ്ങൾക്കൊപ്പം സംസ്‌കൃതവും പഠിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രധാന്യം ഉൾക്കൊണ്ടുകൊണ്ടാണ് വഖഫ് ബോർഡ് ഹൈബ്രിഡ് മാതൃക വിദ്യാഭ്യാസം അവതരിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ മദ്രസ വിദ്യാർത്ഥികൾ ഇസ്ലാമിക ദൈവശാസ്ത്രവും, അറബിക്കും മാത്രമല്ല പഠിപ്പിക്കുന്നത്. എൻസിഇആർടി സിലബസും കൂടി ഉൾപ്പെടുത്തിയതോടെ വിദ്യാത്ഥികൾക്ക് മറ്റ് വിഷയങ്ങളെ കുറിച്ച് പഠിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിക്കുകയാണ്. 'ഉത്തരാഖണ്ഡിലെ 117 മദ്രസകളിലാണ് നിലവിൽ എൻസിആർടി സിലബസ് ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഈ സിലബസിൽ സംസ്‌കൃതവും ഉൾപ്പെടുന്നു. ഹിന്ദി, ഇംഗ്ലീഷ്, ഗണിതം, സയൻസ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, അറബിക്ക് എന്നീ വിഷയങ്ങൾക്കൊപ്പം സംസ്‌കൃതവും പഠിക്കുകയാണ്'- വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞു.
'കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. സർക്കാരും കൂടെയുണ്ട്. സർക്കാർ എപിജെ അബ്ദുൾ കലാമിന്റെ പാത പിന്തുടരുകയാണ് '- അദ്ദേഹം വ്യക്തമാക്കി. ഒരു പൈലറ്റ് പ്രോജക്റ്റ് എന്ന നിലയിലാണ് ഉത്തരാഖണ്ഡ് മദ്രസയിൽ ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കിയത്. ഡെറാഡൂണിലെ മുസ്ലീം കോളനിയിലെ തിരഞ്ഞെടുത്ത നാല് സ്ഥാപനങ്ങളിലും റൂർക്കിയിലെ റഹ്മാനിയ മദ്രസയിലും (ഹരിദ്വാറിലെ), യുഎസ് നഗറിലെ ഖാത്തിമയിലെ റഹ്മാനിയ മദ്രസയിലും നൈനിറ്റാൾ ജില്ലയിലെ രാംനഗറിലെ ജുമാ മസ്ജിദ് മദ്രസയിലുമാണ് ആദ്യം പദ്ധതി നടപ്പാക്കിയതെന്ന് ബോർഡ് ചെയർമാൻ പറഞ്ഞു.
സംസ്ഥാനത്തെ മദ്രസകൾക്ക് വേണ്ട എല്ലാ പിന്തുണയും സർക്കാർ നൽകുന്നുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി. പുസ്തകങ്ങളും യൂണിഫോമുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെ എല്ലാ പിന്തുണയും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉറപ്പുനൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |