അഹമ്മദാബാദ് : ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ട് ക്രിക്കറ്റ് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം നാളെ അഹമ്മദാബാദിൽ തുടങ്ങുന്നു. പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിലെ ഇന്ത്യയുടെ ആദ്യ ഹോം സിരീസാണിത്. ജൂലായ്‌യിൽ പുതിയ നായകൻ ശുഭ്മാൻ ഗില്ലിന് കീഴിൽ ഇംഗ്ളണ്ട് പര്യടനത്തിലാണ് ഇന്ത്യ അവസാനമായി ടെസ്റ്റ് കളിച്ചത്. ആ പരമ്പര 2-2ന് സമനലയിൽ കലാശിച്ചു.
നായകനായി ആദ്യ ഹോം സിരീസിനിറങ്ങുന്ന ശുഭ്മാൻ ഗില്ലിന് ഉപനായകനായി രവീന്ദ്ര ജഡേജയാണുള്ളത്. ഇംഗ്ളണ്ട് പര്യടനത്തിലേറ്റ പരിക്കിൽ നിന്ന് മുക്തനാകാത്ത റിഷഭ് പന്ത് ടീമിലില്ല.ഇംഗ്ളണ്ട് പര്യടനത്തിൽ കളിച്ച മറുനാടൻ മലയാളി താരം കരുൺ നായർ ഒഴിവാക്കപ്പെട്ടപ്പോൾ മറ്റൊരു മറുനാടൻ മലയാളി ദേവ്‌ദത്ത് പടിക്കലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.യശസ്വി ജയ്സ്വാൾ, സായ് സുദർശൻ, ധ്രുവ് ജുറേൽ, കെ.എൽ രാഹുൽ,വാഷിംഗ്ടൺ സുന്ദർ, നിതീഷ് റെഡ്ഡി,അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, സിറാജ്,കുൽദീപ് യാദവ്,പ്രസിദ്ധ് കൃഷ്ണ എന്നിവർ സ്ഥാനം നിലനിറുത്തിയപ്പോൾ രണ്ടാം വിക്കറ്റ് കീപ്പറായി എൻ.ജഗദീശന് അവസരം ലഭിച്ചു.
ആൾറൗണ്ടർ റോസ്റ്റൺ ചേസിന്റെ നേതൃത്വത്തിലാണ് വിൻഡീസ് ടെസ്റ്റ് ടീം ഇന്ത്യയിലെത്തിയിരിക്കുന്നത്. പരിക്കേറ്റ യുവപേസർ ഷമാർ ജോസഫ് ഇല്ലാതെയാണ് വിൻഡീസ് ടീം പ്രഖ്യപിച്ചത്. പിന്നാലെ പരിചയസമ്പന്നനായ പേസർ അൽസാരി ജോസഫിന് അവസാന നിമിഷം പരിക്കേറ്റത് ടീമിന് തിരിച്ചടിയായി. ജോസഫിന് പകരം നേപ്പാളിനെതിരെ ട്വന്റി-20 കളിക്കുന്ന ജാസൺ ഹോൾഡറെ ടീമിലെടുക്കാൻ വിൻഡീസ് ബോർഡ് ശ്രമിച്ചെങ്കിലും പരിക്കിന് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നതിനാൽ ഹോൾഡർ വിസമ്മതിച്ചു. ഇതോടെ ഇടം കയ്യൻ പേസർ ജെദീയ ബ്ളേഡ്സിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പർ ഷായ് ഹോപ്പ്, ജോമൽ വാരിക്കൻ,ജെയ്ഡൻ സീൽസ്,ബ്രാൻഡൺ കിംഗ്,ടാഗേനരെയ്ൻ ചന്ദർപോൾ, അലിക് അതാൻസെ തുടങ്ങിയവർ ടീമിലുണ്ട്.
ഇന്ത്യൻ ടീം : ശുഭ്മാൻ ഗിൽ(ക്യാപ്ടൻ),രവീന്ദ്ര ജഡേജ (വൈസ് ക്യാപ്ടൻ),ദേവ്ദത്ത് പടിക്കൽ,യശസ്വി ജയ്സ്വാൾ, സായ് സുദർശൻ, ധ്രുവ് ജുറേൽ, കെ.എൽ രാഹുൽ,വാഷിംഗ്ടൺ സുന്ദർ, നിതീഷ് റെഡ്ഡി,അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്,പ്രസിദ്ധ് കൃഷ്ണ,മുഹമ്മദ് സിറാജ്, എൻ.ജഗദീശൻ.
വിൻഡീസ് ടീം : റോസ്റ്റൺ ചേസ് (ക്യാപ്ടൻ),ജോമൽ വാരിക്കൻ( വൈസ് ക്യാപ്ടൻ),കെൽവോൺ ആൻഡേഴ്സൺ,
അലിക് അതാൻസെ,ജെദീയ ബ്ളേഡ്സ്,ജോൺ കാംപ്ബെൽ, ടാഗേനരെയ്ൻ ചന്ദർപോൾ,ജസ്റ്റിൻ ഗ്രീവ്സ്, ഷായ് ഹോപ്പ്,ടെവിൻ ഇമ്ളാച്ച്,ബ്രാൻഡൺ കിംഗ്, യൊഹാൻ ലേയ്ൻ,ആൻഡേഴ്സൺ ഫിലിപ്പ്,ഖ്വാറി പിയറി,ജെയ്ഡൻ സീൽസ്.
ടെസ്റ്റ് ഷെഡ്യൂൾ
ഇന്ത്യ Vs വെസ്റ്റ് ഇൻഡീസ്
ഒന്നാം ടെസ്റ്റ്
ഒക്ടോബർ 2-6
അഹമ്മദാബാദ്
രണ്ടാം ടെസ്റ്റ്
ഒക്ടോബർ 10-14
ന്യൂഡൽഹി
ടിവി ലൈവ് : സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും രാവിലെ 9.30 മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |