ന്യൂഡൽഹി: 2008ലെ മുംബയ് ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ സൈനിക നടപടിക്ക് ഇന്ത്യ ആലോചിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ പി ചിദംബരം. എന്നാൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സമ്മർദവും മുതിർന്ന നയതന്ത്രജ്ഞരുടെ ഉപദേശവും പരിഗണിച്ച് പ്രതികാര നടപടി വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ഹിന്ദി വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചിദംബരം ഇക്കാര്യം വെളിപ്പെടുത്തിയത്.
"യുദ്ധം തുടങ്ങരുതെന്ന് ഞങ്ങളോട് പറയാൻ ലോകം മുഴുവൻ ഡൽഹിയിലേക്ക് ഒഴുകിയെത്തിയെന്ന് ചിദംബരം പറഞ്ഞു. മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസുമായുള്ള ചർച്ചയും സായുധ പ്രതികരണം വേണ്ടെന്ന് വയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞാൻ ചുമതലയേറ്റ് രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷം എന്നെയും പ്രധാനമന്ത്രിയെയും കാണാൻ കോണ്ടലീസ റൈസ് വന്നു. ദയവ് ചെയ്ത് പ്രതികരിക്കരുതെന്ന് അവർ അഭ്യർത്ഥിച്ചു. ഇത് സർക്കാർ എടുക്കേണ്ട തീരുമാനമാണെന്ന് ഞാൻ അവരോട് പറഞ്ഞു. എങ്കിലും ഒരു പ്രതികാര നടപടി എന്റെ മനസിൽ ഉണ്ടായിരുന്നു,"- ചിദംബരം പറഞ്ഞു.
'ആക്രമണം നടക്കുന്ന സമയത്തുപോലും പ്രധാനമന്ത്രി പ്രതികാര സൈനിക നടപടി ചർച്ച ചെയ്തിരുന്നു. എന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെയും ഐഎഫ്എസ് ഉദ്യോഗസ്ഥരുടെയും ഉപദേശം ഞങ്ങളെ കാര്യമായി സ്വാധീനിച്ചു. അതുകൊണ്ട് സാഹചര്യത്തോട് പ്രതികരിക്കേണ്ടതില്ലെന്ന നിഗമനത്തിലെത്തുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ചിദംബരത്തിന്റെ വെളിപ്പെടുത്തൽ ചർച്ചയായതോടെ ബിജെപി ഇത് ഏറ്റെടുത്തു. അഭിമുഖത്തിന്റെ ക്ലിപ്പ് എക്സിൽ പങ്കുവച്ചുകൊണ്ട് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി മുൻ ആഭ്യന്തര മന്ത്രിയെയും കോൺഗ്രസിനെയും പരിഹസിച്ചു. "17 വർഷങ്ങൾക്ക് ശേഷം മുൻ ആഭ്യന്തര മന്ത്രി ചിദംബരം രാജ്യം അറിഞ്ഞിരുന്ന സത്യം സമ്മതിച്ചിരിക്കുന്നു. മുംബയ് ഭീകരാക്രമണം കൈകാര്യം ചെയ്തത് വിദേശ ശക്തികളുടെ സമ്മർദം മൂലമാണ്. വൈകി വന്ന വെളിപ്പെടുത്തൽ." അദ്ദേഹം കുറിച്ചു.
മുംബയ് ഭീകരാക്രമണത്തിൽ ആകെ 175 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ആക്രമണത്തിന് നേതൃത്വം നൽകിയ ഭീകരരിൽ ജീവനോടെ പിടികൂടാനായത് അജ്മൽ കസബിനെ മാത്രമായിരുന്നു. കസബിനെ 2012ൽ തൂക്കിലേറ്റി. ആക്രമണത്തിനു പിന്നാലെ സുരക്ഷാ വീഴ്ചയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അന്നത്തെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീൽ രാജിവച്ചിരുന്നു. തുടർന്നാണ് ചിദംബരം ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്.
2008 നവംബർ 26നാണ് രാജ്യത്തെ നടുക്കിയ മുംബയ് ഭീകരാക്രമണം അരങ്ങേറിയത്. പാകിസ്ഥാനിൽ നിന്നെത്തിയ പത്ത് ഭീകരരാണ് മുംബയ് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ ഛത്രപതി ശിവജി ടെർമിനസ്, ഒബ്‌റോയ് ട്രൈഡന്റ്, താജ്‌മഹൽ പാലസ് ആൻഡ് ടവർ ഹോട്ടൽ, ലിയോപോൾഡ് കഫേ, കാമ ഹോസ്പിറ്റൽ, നരിമാൻ ഹൗസ് എന്നിവിടങ്ങളിൽ ഒരേസമയം ആക്രമണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |