SignIn
Kerala Kaumudi Online
Thursday, 19 February 2026 4.35 AM IST

ആദ്യം മുഖത്ത് മുളക് പൊടി എറിഞ്ഞു, പിന്നാലെ കെെകൾ പിന്നിൽ കെട്ടി; ഓം പ്രകാശിന്റെ കൊലപാതകത്തിൽ  കൂടുതൽ  വിവരങ്ങൾ പുറത്ത്

Increase Font Size Decrease Font Size Print Page
om-prakash

ബംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തർക്കത്തിനിടെ ഓം പ്രകാശിന്റെ മുഖത്ത് ഭാര്യയായ പല്ലവി മുളക് പൊടി എറിഞ്ഞെന്നാണ് വിവരം. ഇതിന് ശേഷം കെെകൾ കെട്ടിയിട്ട് ഓം പ്രകാശിനെ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നു. ഗ്ലാസ് കുപ്പി ഉയോഗിച്ചും ഭാര്യ ഓം പ്രകാശിനെ ആക്രമിച്ചതായാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഓം പ്രകാശിന്റെ കൊലപാതക വിവരം പല്ലവി ആദ്യം വീഡിയോ കോൾ വഴി അറിയിച്ചത് ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയാണ്. വൈകിട്ട് നാലരയോടെയാണ് കുടുംബസുഹൃത്ത് കൂടിയായ ഐപിഎസുകാരന്റെ ഭാര്യയെ പല്ലവി വിവരമറിയിച്ചത്. 'ആ പിശാചിനെ ഞാൻ കൊന്നു' എന്നാണ് പല്ലവി അറിയിച്ചത്. സംഭവസമയത്ത് പ്രതി പല്ലവിയോടൊപ്പം മകളും വീട്ടിലുണ്ടായിരുന്നു.

കൊലപാതക വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ വീടിന്റെ സ്വീകരണ മുറിയിൽത്തന്നെയായിരുന്നു പല്ലവിയും മകളും. ആദ്യം ഇവർ വാതിൽ തുറക്കാൻ തയ്യാറായില്ല. ബലം പ്രയോഗിച്ച് വാതിൽ തകർത്താണ് പൊലീസ് അകത്തുകയറിയത്. മൂന്നുനില വീടിന്റെ താഴത്തെ നിലയിലായിരുന്നു രക്തത്തിൽ കുളിച്ച നിലയിൽ ഓം പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്.

ഓം പ്രകാശും ഭാര്യ പല്ലവിയും തമ്മിൽ സ്വത്തുതർക്കമുണ്ടായിരുന്നതായാണ് വിവരം. കോടികൾ വിലയുള്ള സ്വത്ത് ഓം പ്രകാശ് സഹോദരിയുടെ പേരിൽ എഴുതിവച്ചതാണ് തർക്കത്തിനിടയാക്കിയത്. ചിലസ്വത്തുക്കൾ മകനും എഴുതിവച്ചിരുന്നു. മകൻ നൽകിയ പരാതിയിലാണ് ഇപ്പോൾ പൊലീസ് കേസെടുത്തത്.

ഞായറാഴ്‌ച വൈകിട്ട് അഞ്ചോടെ ബംഗളൂരു എച്ച്.എസ്.ആർ ലേ ഔട്ടിലെ വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിലാണ് കർണാടക മുൻ ഡി.ജി.പി ഓം പ്രകാശിന്റെ (68) മൃതദേഹം പൊലീ‌സ്‌ കണ്ടെത്തിയത്. സംഭവത്തിൽ അദ്ദേഹത്തിന്റെ ഭാര്യ പല്ലവിയെ ഉടനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഓം പ്രകാശിന്റെ ശരീരത്തിൽ നിരവധി തവണ കുത്തേറ്റിട്ടുണ്ട്. പൊലീസ് എത്തുമ്പോൾ ഭാര്യയും മകളും വീടിന്റെ സ്വീകരണമുറിയിൽ ഉണ്ടായിരുന്നു. പൊലീസ് ആവശ്യപ്പെട്ടിട്ടും ആദ്യം ഇവർ വാതിൽ തുറക്കാൻ തയ്യാറായില്ല. കൊലപാതകത്തിലേക്കു നയിച്ച കാരണമെന്ത്, ആർക്കെല്ലാം പങ്കുണ്ട് എന്നിവയറിയാൻ എല്ലാവരേയും വിശദമായി ചോദ്യം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.

അസാധാരണമായ മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബീഹാറിലെ ചമ്പാരൻ സ്വദേശിയാണ് ഓം പ്രകാശ്. കർണാടക കേഡർ 1981 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 2015 മുതൽ സംസ്ഥാനത്തെ ഡി.ജി ആൻഡ് ഐ.ജി.പിയായി സേവനമനുഷ്ഠിച്ചു. 2017 ൽ വിരമിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS, WIFE, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY