
ന്യൂഡൽഹി: മദ്യനയക്കേസിൽ അരവിന്ദ് കേജ്‌രിവാൾ അടക്കമുള്ള നേതാക്കളെ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയതിന്റെ ആഹ്ളാദത്തിൽ നിൽക്കുമ്പോഴാണ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ രാജ്യസഭാ എം.പിമാർ ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ഫെബ്രുവരി 27നായിരുന്നു കോടതി വിധി. ഇതോടെ, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വരുത്തിയ ആഘാതത്തിൽ നിന്ന് പാർട്ടി മെല്ലെ കരകയറാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു.
പാർട്ടി അതിന്റെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്ന വികാരം പല നേതാക്കൾക്കുമുണ്ട്. പഞ്ചാബ് സർക്കാർ കേജ്‌രിവാളിന്റെ റിമോട്ട് കൺട്രോൾ ഭരണത്തിലാണെന്ന് ചില പ്രാദേശിക നേതാക്കൾ പറയുന്നു. പഞ്ചാബിനെ എ.ടി.എമ്മായി ഉപയോഗിക്കുന്നതായും ആരോപണമുണ്ട്. പഞ്ചാബിൽ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിൽ രാഘവ് ഛദ്ദയ്‌ക്കുംസന്ദീപ് പഥകിനും നിർണായക പങ്കുണ്ടായിരുന്നു. പഞ്ചാബിൽ കളംപിടിക്കാൻ കഴിയാത്ത ബി.ജെ.പി, രാഷ്ട്രീയ തന്ത്രങ്ങളിലൂടെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആം ആദ്മി പാർട്ടി പറയുന്നു. ഓപ്പറേഷൻ താമരയെന്ന ആരാേപണം കടുപ്പിക്കുകയാണ്. ഈ പ്രചാരണം എം.എൽ.എമാരെയും അണികളെയും കൂടെ നിറുത്താൻ പ്രയോജനപ്പെടുമെന്നാണ് ആംആദ്മി പാർട്ടി പ്രമുഖരുടെ വിലയിരുത്തൽ.
ബംഗ്ളാവിൽ മോടി കൂട്ടുന്നു
കേജ്‌രിവാളിന് ലോധി എസ്റ്റേറ്റിൽ അനുവദിച്ച പുതിയ ബംഗ്ലാവും അത്യാഢംബരമായി മോടി പിടിപ്പിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. സ്വകാര്യ പണമാണ് ഉപയോഗിക്കുന്നത്. ആരോപണം ആംആദ്മി പാർട്ടി നിഷേധിച്ചു.
അന്നാ ഹസാരെയും
പാർട്ടി ശരിയായ പാതയിലായിരുന്നെങ്കിൽ നേതാക്കൾ ഇറങ്ങി പോകില്ലായിരുന്നുവെന്ന് സാമൂഹ്യപ്രവർത്തകൻ അന്നാ ഹസാരെ കുറ്റപ്പെടുത്തി. ബി.ജെ.പി എല്ലാ ജനാധിപത്യ മാനദണ്ഡങ്ങളും കാറ്റിൽ പറത്തുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |