
ന്യൂഡൽഹി: ആംആദ്മിയുടെ പത്ത് രാജ്യസഭാംഗങ്ങളിൽ ഏഴുപേർ മറുകണ്ടം ചാടുമ്പോൾ കൂറുമാറ്റ നിയമം ബാധകമാകുമോയെന്നതിൽ വ്യത്യസ്‌ത അഭിപ്രായങ്ങളാണ് ഉയരുന്നത്. അയോഗ്യരാക്കണമെന്ന ആപ്പന്റെ പരാതിയിൽ രാജ്യസഭാ ചെയർമാൻ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതി കയറിയേക്കും.
മൂന്നിൽ രണ്ട് എം.പിമാരുള്ളതിനാൽ കൂറുമാറ്റം ബാധകമാകില്ലെന്നാണ് രാഘവ് ഛദ്ദ അടക്കമുള്ളവരുടെ പ്രതീക്ഷ. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി. രാധാകൃഷ്‌ണന് രാഘവ് ഛദ്ദ കത്തു നൽകിയിട്ടുണ്ട്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം, മൂന്നിൽ രണ്ട് എം.പിമാർ ഒരു പാർട്ടിയിൽ നിന്ന് മറ്റൊരു പാർട്ടിയിലേക്ക് പോയാൽ കൂറുമാറ്റം ബാധകമാകില്ലെന്നാണ് വാദം. 2019ൽ ഗോവയിലെ 15ൽ 10 കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇവരെ അയോഗ്യരാക്കാത്ത സ്‌പീക്കറുടെ നടപടി ബോംബെ ഹൈക്കോടതി ശരിവച്ചു. ഇക്കാര്യമാണ് രാജ്യസഭാ എം.പിമാർ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടി മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ലയിക്കുന്ന സാഹചര്യത്തിലാണ് കൂറുമാറ്റത്തിൽ നിന്നുള്ള ഭരണഘടനാ പരിരക്ഷയെന്ന് ഒരുവിഭാഗം നിയമവിദഗ്ദ്ധർ പറയുന്നു. ലയിക്കാൻ പോകുന്ന പാർട്ടിയുടെ, സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്നിൽ രണ്ട് അംഗങ്ങളുടെ സമ്മതം മതിയാകും. എന്നാലിവിടെ പാർട്ടികൾ തമ്മിലുള്ള ലയനമല്ല, കൂറുമാറ്റമാണ് ആംആദ്മി പാർട്ടി ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്യസഭയിലെ പാർട്ടി ചീഫ് വിപ്പ് എൻ.ഡി. ഗുപ്‌ത മുഖേന രാജ്യസഭാ ചെയർമാന് കത്ത് നൽകിയേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |