
ഭുവനേശ്വർ: കരടിയുടെ ആക്രമണത്തിൽ നിന്ന് ഭർത്താവിനെ അതിസാഹസികമായി രക്ഷിച്ച് യുവതി. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള കരഞ്ചിയയിലെ മിലു ഗ്രാമത്തിലാണ് സംഭവം. കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാൽഡെ സോറൻ ചികിത്സയിലാണ്.
ഒഡീഷ സ്വദേശിയായ മാൽഡെ സോറനും ഭാര്യ ലിലി സോറനും കാടിന് സമീപമുള്ള പ്രദേശത്ത് ഇലകൾ ശേഖരിക്കുന്നതിനിടെയാണ് കരടിയുടെ ആക്രമണം ഉണ്ടായത്. സംഭവസമയം അവിടെ ആറുകരടികൾ ഒന്നിച്ചുണ്ടായിരുന്നു. പെട്ടെന്ന് കൂട്ടത്തിലൊരു കരടി മാൽഡെയെ ആക്രമിക്കുകയായിരുന്നെന്ന് ഫോറസ്റ്റ് റേഞ്ചർ പ്രശാന്ത് കുമാർ സ്വയിൻ പറഞ്ഞു.
മാൽഡെ സോറനെ കരടി കടിച്ചുകീറാൻ തുടങ്ങിയതോടെ ലിലി ധൈര്യം സംഭരിച്ച് അതിനെ നേരിടുകയായിരുന്നു. ടാങ്കിയ എന്നറിയപ്പെടുന്ന കോടാലിക്ക് സമാനമായ ആയുധം ഉപയോഗിച്ചാണ് ലിലി കരടിയെ നേരിട്ടത്. ഈ ആക്രമണത്തിൽ പരിക്കേറ്റ കരടി കാട്ടിലേക്ക് പിൻവാങ്ങുകയായിരുന്നു. മാൽഡെയുടെ തലയോട്ടിയിൽ ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക ആരോഗ്യവിഭാഗം സ്ഥലത്തെത്തി ഇയാളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വന്യജീവി ആക്രമണത്തിൽ ആളുകൾക്ക് പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ കാട്ടാന ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാലുപേരടക്കം ആറുപേർ കൊല്ലപ്പെട്ടിരുന്നു. വ്യാഴാഴ്‌ച രാത്രി ചർച്ചു ബ്ലോക്കിലെ ഗോണ്ട്വാർ ഗ്രാമത്തിൽ പ്രവേശിച്ച കാട്ടാനക്കൂട്ടം വെള്ളിയാഴ്‌ച പുലർച്ചെയാണ് ആക്രമണം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |