വിദേശത്തെ ജീവിതം പ്രത്യേകിച്ച് കാനഡ പോലുള്ള രാജ്യങ്ങളിൽ ജീവിക്കുകയെന്നത് നിരവധി പേരുടെ സ്വപ്നമാണ്. കൈനിറയെ സമ്പാദിക്കാമെന്നത് തന്നെയാണ് മിക്കവരെയും ആകർഷിക്കുന്നത്. അവിടെ പോയാൽ പെട്ടെന്നുതന്നെ കോടീശ്വരനാകാമെന്നാണ് പലരുടെയും ധാരണ. എന്നാൽ കാനഡയിലെ ജീവിതം നമ്മൾ വിചാരിക്കുന്നത്ര ഈസിയല്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അവിടെ താമസിക്കുന്ന ഇന്ത്യക്കാരിയായ യുവതി.
വിദേശത്തേക്ക് ചേക്കാറാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഉൾക്കാഴ്ച കൂടി നൽകുകയാണ് യുവതി. @kanutalescanada എന്ന ഉപയോക്താവാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 'കൂട്ടുകാരെ, കാനഡയിൽ ധാരാളം ജോലിയും പണവും ഉണ്ടെന്ന് കരുതുന്ന നമ്മുടെ ഇന്ത്യൻ സുഹൃത്തുക്കൾക്കോ അവരുടെ ബന്ധുക്കൾക്കോ ഈ വീഡിയോ കാണിച്ചു കൊടുക്കൂ'- എന്ന അടിക്കുറിപ്പോടെയാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തത്.
തൊഴിൽ മേളയ്‌ക്കെത്തിയ ആളുകളാണ് വീഡിയോയിലുള്ളത്. അഞ്ചോ ആറോ പേർക്ക് മാത്രമേ ജോലി ലഭിക്കുകയുള്ളൂ. എന്നാൽ നൂറുകണക്കിനാളുകളാണ് തൊഴിൽ മേളയിൽ പങ്കെടുക്കാൻ ക്യൂ നിന്നിരിക്കുന്നത്. 'ഇതാണ് കാനഡിയിലെ യാഥാർത്ഥ്യം. ഇതിന് റെഡിയാണെങ്കിൽ മാത്രം കാനഡയിലേക്ക് വരൂ. അല്ലെങ്കിൽ ഇന്ത്യയാണ് നല്ലത്.'- എന്നാണ് യുവതി പറയുന്നത്.
'വിദേശ ജീവിതം എപ്പോഴും സ്വപ്ന തുല്യമായിരിക്കണമെന്നില്ല. ചിലപ്പോൾ അത് വെറും നീണ്ട ക്യൂ ആയിരിക്കും' എന്നും യുവതി കുറിച്ചു. ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. നിരവധി പേർ യുവതി പറഞ്ഞത് സത്യമാണെന്ന് കമന്റ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |