അപകടകരമായ വിവാഹത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി പങ്കുവച്ചിട്ടുള്ള ഒരു യുവതിയുടെ കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. വിവാഹത്തിന് മുമ്പ് ഡിജിറ്റൽ പശ്ചാത്തലം പരിശോധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് യുവതി കുറിപ്പിൽ വിശദീകരിക്കുന്നത്. നിർബന്ധിത വിവാഹത്തെക്കുറിച്ച് താൻ പങ്കുവച്ച റെഡ്ഡിറ്റ് പോസ്റ്റ് ഒരു സമൂഹമാദ്ധ്യമ ഉപഭോക്താവിന്റെ ശ്രദ്ധയിൽപ്പെട്ടുവെന്നും ഇയാളാണ് ഡിജിറ്റൽ പശ്ചാത്തലത്തെക്കുറിച്ചുള്ള അവബോധം നൽകിയതെന്നും 22 കാരിയായ തന്റെ കുറിപ്പിൽ വ്യക്തമാക്കി.
'2025ലെ അറേഞ്ച്‌ഡ് മാര്യേജ്: പെൺകുട്ടികൾ ഡിജിറ്റൽ പശ്ചാത്തല പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത' എന്ന തലക്കെട്ടോടെയാണ് യുവതി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 'ഞാൻ എല്ലാ കാര്യങ്ങളും പരിശോധിച്ചു. ഇതിൽ നിന്ന് എനിക്ക് മനസിലായത് ചില 'നല്ല സ്ഥാനം വഹിക്കുന്ന' പുരുഷന്മാർ എത്രത്തോളം അപകടകാരികളാണ് എന്നതാണ്. കൂടുതൽ പെൺകുട്ടികൾ സ്വയം സംരക്ഷിക്കാൻ പഠിക്കുന്നതിന് വേണ്ടിയാണ് ഞാൻ ഇത് ഇവിടെ പങ്കുവയ്ക്കുന്നത്.
അയാൾക്ക് ഒരു പ്രൊഫഷണൽ ജോലി ഉണ്ടായിരുന്നു. ബഹുമാനം തോന്നിക്കുന്ന വ്യക്തിത്വമായിരുന്നു പുറമെ. എന്നാൽ സ്വകാര്യതയിലോ? കൃത്രിമം കാണിക്കുന്ന, വൈകാരികമായി അസ്ഥിരമായ, ആവശ്യപ്പെടാതെ തന്നെ നഗ്നചിത്രങ്ങൾ അയയ്ക്കുന്ന, സ്വയം ഉപദ്രവിക്കുന്നതിനെ മഹത്വവത്ക്കരിക്കുന്ന, സമ്മതം നിരസിക്കുന്ന, സംഭാഷണങ്ങൾ നിയന്ത്രിക്കുന്നതിൽ അമിതമായ അഭിനിവേശം കാട്ടുന്ന ആളായിരുന്നു അയാൾ. എന്റെ സുഹൃത്തിന്റെ ഐഡി ഉപയോഗിച്ചാണ് ഞാൻ അയാളോട് സംസാരിച്ചത്. ഗ്രാഫിക് ചിത്രങ്ങൾ അയച്ചുകൊണ്ട് അശ്ലീല വീഡിയോകൾ കാണുന്നതിനെക്കുറിച്ച് അയാൾ പൊങ്ങച്ചം പറയുമായിരുന്നു. അതൊന്നും വലിയ കാര്യമല്ല എന്നാണ് അയാൾ പറഞ്ഞിരുന്നത്. ഒരു തൊഴിലോ പദവിയോ കുടുംബപാരമ്പര്യമോ മാത്രം ഇക്കാലത്ത് വിശ്വസിക്കരുത്. ലിങ്ക്‌ഡ്ഇൻ, ഇൻസ്റ്റഗ്രാം കമന്റുകൾ തുടങ്ങിയവയൊക്കെ പരിശോധിക്കണം. സ്‌മാർട്ട് ആയിരിക്കൂ, കാര്യങ്ങൾ തിരഞ്ഞ് കണ്ടുപിടിക്കൂ, എന്തെങ്കിലും പ്രശ്നമുണ്ടെന്ന് മനസ് പറഞ്ഞാൽ അത് വിശ്വസിക്കൂ'- എന്നാണ് യുവതി കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |