ലോകത്ത് ജീവൻ ആവിർഭവിച്ചത് കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപാണെന്ന് നമുക്കറിയാം. ഇന്ന് സസ്‌തനികൾ, ഉരഗങ്ങൾ, പക്ഷികൾ, ഫംഗസുകൾ തുടങ്ങി നിരവധി ജീവികളായി അവ മാറിയിട്ടുണ്ട്. ഈ ജീവികൾക്കെല്ലാം ഒരു പൊതുപൂർവികൻ ഉണ്ടായിരുന്നതായാണ് ശാസ്‌ത്രലോകം മുൻപ് തെളിയിച്ചിട്ടുള്ളത്. ലൂക്ക (ലാസ്റ്റ് യൂണിവേഴ്‌സൽ കോമൺ ആൻസിസ്റ്റർ) എന്നറിയപ്പെടുന്ന ഒരു പൊതുപൂർവികനാണ് നമുക്കെല്ലാമുള്ളത്. ബ്രിസ്റ്റോൾ സർവകലാശാലയിലെ എഡ്‌മണ്ട് മൂഡിയുടെ പഠനമനുസരിച്ച് മുൻപ് കണക്കാക്കിയതിനെക്കാൾ കൂടുതൽ വർഷങ്ങൾക്ക് മുൻപാണ് ലൂക്ക ജീവിച്ചിരുന്നത് എന്ന് തെളിഞ്ഞിരിക്കുകയാണ്. 400 മില്യൺ (40 കോടി) വർഷങ്ങൾക്ക് മുൻപാണ് ലൂക്ക ജീവിച്ചിരുന്നതെന്നാണ് മുൻപുള്ള ധാരണ. എന്നാൽ ഇവ 4.2 ബില്യൺ (420 കോടി) വർഷങ്ങൾക്ക് മുൻപാണ് നിലനിന്നിരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
4.5 ബില്യൺ വർഷങ്ങൾ മുൻപ് ഭൂമി രൂപം കൊണ്ടതിന് പിന്നാലെ തന്നെ ലൂക്ക രൂപം കൊണ്ടു. ലൂക്ക എന്ന ആദിമ സൂക്ഷ്‌മ ജീവി വഴി ബാക്‌ടീരിയ, ഫംഗസ്, സസ്‌തനികൾ, സസ്യങ്ങൾ ഇങ്ങനെ ഇപ്പോഴുള്ള എല്ലാ ജീവജാലങ്ങളും പരിണാമത്തിലൂടെ രൂപംകൊണ്ടു. മതിയായ സാഹചര്യമുണ്ടായപ്പോൾ ജീവൻ വളരെവേഗം രൂപപ്പെട്ടു എന്ന സിദ്ധാന്തത്തിന് കൂടുതൽ കരുത്ത് പകരുന്നതാണ് എഡ്‌മണ്ട് മൂഡിയുടെ പഠനം. ലളിതമായ ഘടനയായാണ് ലൂക്ക രൂപം കൊണ്ടതെങ്കിലും ഇതിന് വിശിഷ്‌ടമായ ചില കഴിവും ഉണ്ടായിരുന്നു. ഇവയ്‌ക്ക് മർമ്മം ഉണ്ടായിരുന്നില്ല എന്നാൽ പ്രത്യുൽപാദനത്തിനാവശ്യമായ ഘടകങ്ങൾ ഉണ്ടായിരുന്നു ഒപ്പം പ്രകൃതിയുമായി സമ്പർക്കം വരുന്നതിന് സഹായിക്കുന്ന ഘടകവും ജനിതക വിവരങ്ങൾ വീണ്ടും കൈമാറാനും ഉപാപചയ പ്രവർത്തനം നടത്താനുമുള്ള കഴിവുണ്ടായിരുന്നു.
ജൈവശാസ്‌ത്രപരമായ ഈ ഘടകങ്ങൾ ഇന്ന് കാണും പോലെ വിവിധ ജീവജാലങ്ങൾ രൂപംകൊള്ളാൻ സഹായകമായി. വിവിധ ജീവജാലങ്ങളിലെ ഡിഎൻഎ ഘടകങ്ങളെടുത്ത് പഠിച്ചാണ് ലൂക്കയുടെ ജീവകാലവും സ്വഭാവവും കൃത്യമായി ശാസ്‌ത്രജ്ഞർ കണ്ടെത്തിയത്. ലൂക്കയുടെ ഫോസിലുകളൊന്നും ലഭിച്ചില്ലെങ്കിലും എല്ലാ ജീവജാലങ്ങളിലും പൊതുവായി കാണുന്ന സ്വഭാവ സവിശേഷതകൾ ഇവയുടെ ഘടനയും പ്രവർത്തനവും മനസിലാക്കാൻ സഹായകമായി. അതികഠിനമായ ജലാന്തരീക്ഷത്തിൽ ലൂക്ക രൂപം കൊണ്ടു എന്നുതന്നെയാണ് കരുതുന്നത്. ഭൂമി രൂപംകൊണ്ട കാലത്തെ കഠിനമായ കാലാവസ്ഥകളെ പ്രതിരോധിക്കാൻ മികച്ച പ്രതിരോധ ശേഷിയും ലൂക്കയ്‌ക്ക് ഉണ്ടായിരുന്നതായാണ് സൂചന. ലോകത്തിലെ ആദ്യ കോശങ്ങൾ എങ്ങനെ രൂപം കൊണ്ടു എന്ന കാലങ്ങളായുള്ള ചോദ്യങ്ങൾക്കടക്കം ഇത് ഉത്തരമേകിയേക്കും എന്ന് പ്രതീക്ഷയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |