യാത്രാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് മലരിക്കൽ ആമ്പൽ വസന്തം. ഈ വർഷം നേരത്തെ തന്നെ ആമ്പൽ വിരിഞ്ഞ് തുടങ്ങിയിരുന്നു. ഫോട്ടോഷൂട്ടിനും റീൽസ് എടുക്കുന്നതിനും വേണ്ടി അന്യജില്ലകളിൽ നിന്നുൾപ്പെടെ നിരവധി പേരാണ് ഇത്തവണയും ആമ്പൽവസന്തം കാണാനെത്തുന്നത്.
സഞ്ചാരികൾക്കായി പാടങ്ങളിൽ നൂറിലേറെ വള്ളങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒരേസമയം രണ്ട് മുതൽ ഏഴ് പേർക്ക് വരെ യാത്ര ചെയ്യാം. ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്തിന്റെ മലരിക്കൽ ഭാഗത്തും, 820 ഏക്കറുള്ള തിരുവായിക്കരി പാടത്തുമാണ് പൊതുവെ കൂടുതലായി ആമ്പൽ വിരിയുന്നത്.
2018ൽ തുടക്കം
ഗ്രാമീണ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 2018 മുതലാണ് മലരിക്കൽ ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തിൽ ആമ്പൽ ഫെസ്റ്റ് ആരംഭിച്ചത്. സഞ്ചാരികളുടെ വരവ് വർദ്ധിച്ചതോടെ സംസ്ഥാന സർക്കാർ മുമ്പ് റോഡ് നവീകരണത്തിന് തുക അനുവദിച്ചിരുന്നു.
കഴിഞ്ഞ വർഷം രണ്ട് കോടി വരുമാനം
കാർഷിക ഗ്രാമമായ മലരിക്കലിൽ 150 വീടുകളാണ് സ്ഥിതി ചെയ്യുന്നത്. എഴുപത് ദിവസത്തെ ആമ്പൽ ഫെസ്റ്റ് കൊണ്ട് രണ്ടുകോടിയിലേറെ രൂപയുടെ വരുമാനം ലഭിച്ചതായാണ് മലരിക്കൽ ടൂറിസം സൊസൈറ്റിയുടെ കണക്ക്.
വള്ളങ്ങൾ, വീടുകളിലെ പാർക്കിംഗ് എന്നിവയ്ക്കു പുറമേ ആമ്പൽ പൂക്കൾ വിറ്റും ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയുമാണ് പ്രാദേശിക ജനത വരുമാനം നേടിയത്. പാർക്കിംഗിന് വീടുകളിലെ ഗേറ്റ് തുറന്നിട്ടുനൽകി. 30 രൂപയായിരുന്നു നിരക്ക്. ദിനംപ്രതി 1000 രൂപ വരെ ഒരു കുടുംബത്തിന് വരുമാനം കിട്ടി. കുടുംബശ്രീ അംഗങ്ങളാണ് ആമ്പൽ പൂക്കൾ കെട്ടുകളാക്കി വിറ്റത്. 10 പൂക്കളുള്ള കെട്ടിന് 30 രൂപ ഈടാക്കി. ഈ സീസണിൽ ചെലവ് കഴിച്ച് 50,000 രൂപ വരെ മിച്ചം കിട്ടി. ടോയ്‌ലറ്റ് സൗകര്യവും വീടുകളിൽ ഒരുക്കി. ചെറിയ കടകൾ, റസ്റ്റോറന്റ്, ഹോംസ്‌റ്റേ എന്നിവയ്ക്കും വരുമാനം കിട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |