ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ഗ്രീൻ ടീ. ശരീരഭാരം കുറയ്ക്കാനും ഊർജം വർദ്ധിപ്പിക്കാനും സ്ഥിരമായി ഗ്രീൻ ടീ കുടിക്കുന്നവരുണ്ട്. മിക്കയാളുകളും അവരുടെ ഒരു ദിവസം ആരംഭിക്കുന്നതുവരെ ഗ്രീൻ ടീ കുടിച്ചു കൊണ്ടായിരിക്കും. വെറുംവയറ്റിൽ ഗ്രീൻ കുടിക്കുന്നത് നല്ലതാണോ? പലരും ഇതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് പറയുന്നത്. എന്നാൽ മിക്ക ആരോഗ്യവിദഗ്ദരും വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കണമെന്നാണ് പറയുന്നത്. അതിനുളള കാരണം പരിശോധിക്കാം.
ഗ്രീൻ ടീയിൽ ടാനിനുകളും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. വെറും വയറ്റിലാണ് ഗ്രീൻ ടീ കുടിക്കുന്നതെങ്കിൽ ആമാശയത്തിലെ അസിഡ് ഉൽപ്പാദനം വർദ്ധിപ്പിക്കും. ഇത് അസിഡിറ്റി, നെഞ്ചെരിച്ചിൽ, ദഹനക്കേട്, ഓക്കാനം എന്നീ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കൂടാതെ ആമാശയത്തിന്റെ സ്വാഭാവിക പ്രവർത്തനത്തെയും ബാധിക്കും. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിനുകൾ ഭക്ഷണത്തിൽ നിന്ന് ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും.
എപ്പോഴാണ് ഗ്രീൻ ടീ കുടിക്കേണ്ടത്?
വിദഗ്ദരുടെ നിർദ്ദേശ പ്രകാരം ഉച്ചഭക്ഷണത്തിനുശേഷമോ ലഘുവായ പ്രഭാതഭക്ഷണത്തിനുശേഷമോ ഗ്രീൻ ടീ കുടിക്കുന്നതാണ് ഉത്തമം. ലഘുവായ പ്രഭാത ഭക്ഷണത്തിനുശേഷം ഗ്രീൻ ടീ കുടിക്കുന്നതാണ് കൂടുതൽ ഗുണം ചെയ്യുക. ഇത് ശരീരത്തിനാവശ്യമായ ആന്റിഓക്സിഡന്റുകളും ഊർജവും ലഭിക്കാൻ സഹായിക്കും. അതുപോലെ ഉച്ചഭക്ഷണത്തിനുശേഷം ഗ്രീൻ ടീ കുടിക്കുന്നത് ദഹനം എളുപ്പമാക്കാനും സഹായിക്കും.
മിക്കവരും വൈകുന്നേരമാകുന്നതോടെ ക്ഷീണിതരാകും. വൈകുന്നേരങ്ങളിൽ ഗ്രീൻ ടീ കുടിക്കുന്നത് ഊർജം വർദ്ധിപ്പിക്കാൻ സഹായിക്കും. എന്നാൽ ചിലർ വ്യായാമം ചെയ്യുന്നതിന് മുൻപോ ശേഷമോ ഗ്രീൻ ടീ കുടിക്കാറുണ്ട്. ഇത് വ്യായാമം ചെയ്യാനുളള ഊർജം വർദ്ധിപ്പിക്കാൻ സഹായിക്കും. ദിവസവും രണ്ട് മുതൽ മൂന്ന് കപ്പ് വരെ ഗ്രീൻ ടീ കുടിക്കാം. അമിത അളവിൽ ഗ്രീൻ ടീ കുടിക്കുകയാണെങ്കിൽ ഉദരസംബന്ധമായ അസുഖങ്ങൾ, ഉറക്കമില്ലായ്മ, കരൾ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |