
ലഖ്നൗ: വെറും ഒരുലക്ഷം രൂപയുള്ള സ്കൂട്ടറിന് കിട്ടിയത് 21 ലക്ഷം രൂപയുടെ പിഴ. ഹെൽമെറ്റ് ഇല്ലാതെ സഞ്ചരിച്ച യുവാവിനാണ് 21 ലക്ഷം രൂപയുടെ പിഴ പൊലീസ് നൽകിയത്. പിഴ ലഭിച്ച രസീത് യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും സംഭവം വൈറലാവുകയും ചെയ്തു. ഉത്തർപ്രദേശിലെ മുസഫർ നഗറിലാണ് സംഭവം.
ന്യൂമണ്ഡി ഏരിയയിൽ നടന്ന് വാഹന പരിശോധനയിൽ യുവാവിനെ പൊലീസ് തടയുകയായിരുന്നു. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുക, വാഹനത്തിന് ആവശ്യമായ രേഖകൾ ഇല്ലാതിരിക്കുക എന്നിവയായിരുന്നു പിഴ ചുമത്താനുള്ള കാരണങ്ങൾ. എന്നാൽ പിഴ തുകയുടെ രസീത് കണ്ടപ്പോൾ യുവാവ് ശരിക്കും ഞെട്ടി. 20,74,000 രൂപയായിരുന്നു യുവാവിന് കിട്ടിയ പിഴ. പിന്നാലെ ബന്ധപ്പെട്ട അധികാരികൾ വിശദീകരണവുമായി എത്തുകയും ചെയ്തു.
വാഹനം പരിശോധിച്ച ഉദ്യോഗസ്ഥൻ വകുപ്പും തുകയും എഴുതിയപ്പോൾ ഒന്നായിപോയതാകാം എന്നാണ് പൊലീസ് പറയുന്നത്. സബ് ഇൻസ്പെക്ടറുടെ അശ്രദ്ധ മൂലമാണ് ഇത്തരമൊരു പിശക് സംഭവിച്ചതെന്ന് മുസഫർനഗർ ട്രാഫിക് പൊലീസ് സൂപ്രണ്ട് അതുൽ ചൗബെ പറഞ്ഞു. യുവാവിനെതിരെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 207 പ്രകാരമാണ് നടപടി എടുത്തത്. എന്നാൽ സബ് ഇൻസ്പെക്ടർ 207ന് ശേഷം 'എംവി ആക്ട്' എന്ന് ചേർക്കാൻ മറന്നു. 207ഉം ആ വകുപ്പിലെ ഏറ്റവും കുറഞ്ഞ പിഴത്തുകയായ 4,000 രൂപയും ഒരുമിച്ച് 20,74,000 രൂപ എന്നായി. യുവാവ് 4,000 രൂപ പിഴ മാത്രം അടച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |