
ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനം നടത്തിയ ഭീകരർ വാങ്ങിയ രണ്ടാമത്തെകാർ ഹരിയാനയിൽ നിന്ന് കണ്ടെത്തി. ഭീകരരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്‌ത ഹരിയാനയിലെ ഫരീദാബാദിലെ ഖണ്ഡാവാലി ഗ്രാമത്തിൽ നിന്നാണ് ഇന്ന് കാർ കണ്ടെത്തിയിരിക്കുന്നത്. ചെങ്കോട്ട സ്‌ഫോടനത്തിൽ തകർന്ന ഐട്വന്റി കാറിന് പുറമേ ഭീകരർ വാങ്ങിയത് ഇക്കോസ്‌പോർട്ട് ആണെന്ന് മനസിലായതോടെ ഈ കാറിന് വേണ്ടി വ്യാപക തിരച്ചിൽ നടക്കുകയായിരുന്നു.
2017 നവംബർ 22ന് ഡൽഹിയിൽ രജിസ്റ്റർ ചെയ്‌ത ഡിഎൽ 10 സികെ 0458 നമ്പർ ഇക്കോസ്‌പോർട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ചെങ്കോട്ട സ്‌ഫോടനത്തിൽ മരിച്ച ഡോ. ഉമർ ഉൻ നബിയാണ് ഈ വാഹനം ഇപ്പോൾ വാങ്ങിയത്. ഖണ്ഡാവാലി ഗ്രാമത്തിലെ ഒരു വീട്ടിനുള്ളിൽ പാർക്ക് ചെയ്‌ത നിലയിലാണ് വാഹനം കണ്ടത്. അൽ ഫലാ സർവകലാശാലയിൽ നിന്ന് 12 കിലോമീറ്റർ ദൂരെയാണ് ഈ സ്ഥലം. സ്‌ഫോടനത്തിൽ സംശയിക്കപ്പെടുന്ന ഡോക്‌ടർമാരും മതപണ്ഡിതന്മാരുമടക്കം ഈ സർവകലാശാലയിൽ നിന്നാണ് പിടിയിലായത്. ഇവർക്ക് ജയ്‌ഷെ മുഹമ്മദ്, അൻസാർ ഗസ്‌വത് ഉൽ ഹിന്ദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യാജ മേൽവിലാസത്തിലാണ് ഇക്കോസ്‌പോർട്ട് കാർ ഡോക്‌ടർ ഉമർ വാങ്ങിയത്. വാഹനം കണ്ടെത്തിയതിന് പിന്നാലെ ഇത് പരിശോധനാ വിധേയമാക്കാൻ വിദഗ്ദ്ധരെ നിയോഗിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |