ജക്കാർത്ത: സിനിമകളിൽ നീലക്കണ്ണുകൾ ഉളള നായകൻമാരെയും നായികമാരെയും കാണുമ്പോൾ ചിലർക്കെങ്കിലും അങ്ങനെയുളള കണ്ണുകൾ വേണമെന്ന് മോഹമുണ്ടാകാറുണ്ട്. അതിനായി ചിലരെങ്കിലും പലനിറത്തിലുളള ലെൻസുകളും കണ്ണുകളിൽ വയ്ക്കാറുണ്ട്. എന്നാൽ ഒരു ഗ്രാമത്തിലെ എല്ലാവർക്കും നീല കണ്ണുകളാണെങ്കിലോ? ഇന്തോനേഷ്യയിലെ ഒരു ഗോത്ര വിഭാഗത്തിലെ ജനങ്ങൾക്കാണ് നിലക്കണ്ണുകൾ ലഭിച്ചിരിക്കുന്നത്. ബ്യൂട്ടൺ ഗോത്രത്തിലുളള ഒരോ വ്യക്തികളും ജനിക്കുന്നത് തിളങ്ങുന്ന നീലക്കണ്ണുകളോടെയാണ്.
ഇന്തോനേഷ്യയിലെ സുലവേസി പ്രവിശ്യയിലാണ് ബ്യൂട്ടൺ ഗോത്രം താമസിക്കുന്നത്. പുറത്തുവന്ന വിവരം അനുസരിച്ച് ഇത് ഒരു അപൂർവ ജനിതക അവസ്ഥയാണ്. സാധാരണ 42,000ൽ ഒരാൾക്ക് മാത്രമേ നീലക്കണ്ണുകൾ കാണുകയുളളൂ. മറ്റുളളവർക്ക് ഈ കണ്ണുകൾ അതിമനോഹരമായി തോന്നുമെങ്കിലും ഇത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.
വാർഡൻബർഗ് സിൻഡ്രോം എന്നറിയപ്പെടുന്ന ഒരു ജനിതക വൈകല്യമാണ് ഈ നീലക്കണ്ണുകൾക്ക് പിന്നിലെ പ്രധാന കാരണം. ഈ അവസ്ഥ ബാധിക്കുന്നവർക്ക് പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. ഇത് കണ്ണുകൾക്ക് ആകർഷകമായ നീലനിറം നൽകുമെങ്കിലും, കേൾവിക്കുറവ്, ശരീരത്തിലെ നിറത്തിന്റെ കുറവ് തുടങ്ങിയ നിരവധി ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഇത് ഉണ്ടാക്കും. ഈ വൈകല്യം ബാധിക്കുന്നവരുടെ ഒരു കണ്ണ് നീല നിറത്തിലും മറ്റേ കണ്ണ് തവിട്ട് നിറത്തിലും ആകാനും സാദ്ധ്യതയുണ്ട്. ഈ അവസ്ഥ മൂർഛിക്കുമ്പോൾ ചിലരുടെ ശരീരത്തിൽ വെളള പാടുകളും ഉണ്ടാകും.
ഫീറ്റസിന്റെ (ഗർഭപിണ്ഡത്തിന്റെ) വളർച്ചയ്ക്കിടയിൽ സംഭവിക്കുന്ന ഒരു മ്യൂട്ടേഷന്റെ ഭാഗമായാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. അതിനാൽത്തന്നെ നീലക്കണ്ണുകൾ സൗന്ദര്യസങ്കൽപ്പമായി ചിലരെങ്കിലും കാണുമ്പോൾ ഈ ഗോത്രത്തിലുളളവരുടെ അവസ്ഥ ദയനീയമാണ്. ഈ അവസ്ഥയെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |