യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിഫനലിൽ ബാഴ്സലോണ ഇന്ന്
ഇന്റർ മിലാനെ നേരിടുന്നു
ആദ്യ പാദത്തിൽ ഇരുടീമുകളും 3-3ന് സമനിലയിൽ പിരിഞ്ഞിരുന്നു.
സാൻസിറോ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ഇക്കുറി ഫൈനൽ ടിക്കറ്റ് ലഭിക്കണമെങ്കിൽ മുൻ ചാമ്പ്യന്മാരായ സ്പാനിഷ് ക്ളബ് ബാഴ്സലോണയ്ക്ക് ഇന്ന് മറ്റൊരു മുൻ ചാമ്പ്യന്മാരായ ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാനെതിരെ രണ്ടാംഘട്ട സെമിഫൈനൽ എൻട്രൻസ് ടെസ്റ്റ് പാസാകണം!.
ഇരുടീമുകളും തമ്മിലുള്ള ആദ്യ പാദ സെമിഫൈനൽ 3-3ന് സമനിലയിൽ പിരിഞ്ഞിരുന്നു. ബാഴ്സയുടെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ ആദ്യം 0-2നും പിന്നീട് 2-3 നും പിന്നിട്ടുനിന്നശേഷമാണ് ബാഴ്സ സമനില പിടിച്ചത്. ഇന്ന് ഇന്ററിന്റെ തട്ടകമായ സാൻസിറോ സ്റ്റേഡിയത്തിലാണ് രണ്ടാം പാദ മത്സരം.
സ്പാനിഷ് ലാ ലിഗയിൽ നാലുപോയിന്റ് ലീഡിൽ തുടരുകയും കോപ്പ ഡെൽ റേ കിരീടം നേടുകയും ചെയ്ത ബാഴ്സ സീസണിൽ മൂന്ന് കിരീടങ്ങൾ എന്ന ലക്ഷ്യത്തിലേക്കാണ് ബൂട്ട് കെട്ടുന്നത്. മികച്ച ഫോമിലുള്ള റഫീഞ്ഞ,ലാമിൻ യമാൽ,ഫെറാൻ ടോറസ്,ഡാനി ഓൾമോ,പെഡ്രി,യൂൾസ് കൗണ്ടേ,കുബാർസി,ഷീഷെൻസി തുടങ്ങിയവരിലാണ് ബാഴ്സയുടെ പ്രതീക്ഷകൾ.
ആദ്യ പാദത്തിൽ ഒരു സെൽഫ് ഗോൾ വഴങ്ങേണ്ടിവന്നതുകൊണ്ട് സമനിലയിൽ കുരുങ്ങിയതിന്റെ നിരാശ സ്വന്തം തട്ടകത്തിൽ തീർക്കുകയാണ് ഇന്റർ ലക്ഷ്യമിടുന്നത്. അർജന്റീനിയൻ ഗോളടി യന്ത്രം ലൗതാരോ മാർട്ടിനെസാണ് ഇന്ററിന്റെ തുറുപ്പുചീട്ട്. മാർക്കസ് തുറാം,കലാനോഗ്ളു,ബറേല,ഡംഫ്രീസ്,മിഖിത്‌രായൻ,ഗോളി യാൻ സോമ്മർ തുടങ്ങിയവരും ഇന്റർ നിരയിലുണ്ട്.
14ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലാണ് ഇന്ററും ബാഴ്സയും ഇതിന് മുമ്പ് ഏറ്റുമുട്ടിയത്.
6 മത്സരങ്ങളിൽ ബാഴ്സ ജയിച്ചു.
6 എണ്ണം സമനിലയിലായി.
2 വിജയങ്ങളേ ഇന്ററിന് നേടാനായുള്ളൂ.
2009-10 സീസണിന്റെ സെമിഫൈനലിൽ ഇന്റർ മിലാൻ മറികടന്നത് ബാഴ്സയെയാണ്. അന്ന് ആദ്യപാദത്തിൽ ബാഴ്സ 1-0ത്തിന് ജയിച്ചപ്പോൾ രണ്ടാം പാദത്തിൽ ഇന്റർ 3-1ന് ജയിച്ച് ഫൈനലിലെത്തി. അക്കുറി ഫൈനലിൽ ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ച് ഇന്റർ കിരീടമണിയുകയും ചെയ്തിരുന്നു.
2022-23 സീസണിലെ ഗ്രൂപ്പ് മത്സരത്തിലാണ് പിന്നീട് ഇന്റർ ബാഴ്സയെ തോൽപ്പിച്ചത് (1-0).
ഇന്റർ മിലാൻ Vs ബാഴ്സലോണ
രാത്രി 12.30 മുതൽ
സോണി സ്പോർട്സ് ചാനലിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |