SignIn
Kerala Kaumudi Online
Sunday, 26 April 2026 5.09 AM IST

'സഞ്ജുവും സിറാജും ട്വന്റി 20 ലോകകപ്പ് എന്തുകൊണ്ട് പള്ളിയിൽ കൊണ്ടുപാേയില്ല'; പ്രതികരിച്ച് ഗംഭീർ

Increase Font Size Decrease Font Size Print Page
sanju

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പ് ട്രോഫിയുമായി ഇന്ത്യൻ ടീം ക്യാപ്ടനും കോച്ചുമുൾപ്പെടെയുള്ളവർ ക്ഷേത്രദർശനം നടത്തിയത് വിവാദമായിരിക്കുകയാണ്. ഇതിനെ തൃണമൂൽ കോൺഗ്രസ് എംപിയും മുൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദ് കടുത്ത ഭാഷയിലാണ് വിമർശിച്ചത്.

ട്രോഫിയുമായി അഹമ്മദാബാദിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ചതിനാണ് ഗംഭീറിനെയും ഐസിസി ചെയർമാൻ ജയ് ഷായെയും ആസാദ് വിമർശിച്ചത്. ട്രോഫി ക്ഷേത്രത്തിൽ മാത്രം കൊണ്ടുപോയത് വിവേചനപരമാണെന്നും മ​റ്റ് ആരാധനാലയങ്ങളിൽ എന്തുകൊണ്ട് കൊണ്ടുപോയില്ലെന്നുമാണ് അദ്ദേഹം ചോദിച്ചത്. സിറാജ് ഒരിക്കലും ഇത് പള്ളിയിൽ പ്രദർശിപ്പിച്ചിട്ടില്ല. സഞ്ജു ഇത് ഒരിക്കലും ചർച്ചിൽ കൊണ്ടുപോയിട്ടില്ല. ഇതിൽ വലിയ പങ്കുവഹിച്ച സഞ്ജു 'പ്ലെയർ ഓഫ് ദ് ടൂർണമെന്റും' ആയിരുന്നു. ഈ ട്രോഫി എല്ലാ വിശ്വാസങ്ങളിലുമുള്ള 140 കോടി ഇന്ത്യക്കാർക്കും അവകാശപ്പെട്ടതാണ്. അല്ലാതെ ഒരു മതത്തിന്റെ മാത്രം വിജയ പ്രകടനമല്ല എന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ കീർത്തി ആസാദ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കോച്ച് ഗൗതം ഗംഭീർ. ഇത്തരം പരാമർശങ്ങൾ സ്വന്തം ടീമിനെയും കളിക്കാരെയും തരംതാഴ്ത്തുന്നതാണെന്നും അത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണെന്നാണ് ഗംഭീർ പറഞ്ഞത്.


'മറുപടി പോലും അർഹിക്കാത്തതാണ് ഈ ചോദ്യം. രാജ്യത്തിന് ഇതൊരു വലിയ നിമിഷമാണ്. ലോകകപ്പ് വിജയികളെ നമ്മൾ ആഘോഷിക്കുകയാണ് വേണ്ടതെന്നാണ് എനിക്ക് തോന്നുന്നത്. ചില പ്രസ്താവനകൾ വെറുതെ എടുത്തിടുന്നതിൽ അർത്ഥമില്ല. കാരണം അവ നേട്ടത്തെ ലഘൂകരിക്കുക മാത്രമേ ചെയ്യൂ. ആ 15 കളിക്കാരുടെ കഠിനാധ്വാനത്തെയും നേട്ടത്തെയും ഇല്ലാതാക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നാളെ ആർക്കും എന്ത് പ്രസ്താവനയും നടത്താം. അതെല്ലാം ഗൗരവമായി എടുക്കാൻ തുടങ്ങിയാൽ അത് ആ കുട്ടികളോട് ചെയ്യുന്ന അനീതിയാകും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം തോ​റ്റതിന് ശേഷം ആ കുട്ടികൾ അനുഭവിച്ച സമ്മർദ്ദം എത്രത്തോളമാണെന്ന് ചിന്തിച്ചു നോക്കൂ. അത്രയും പ്രയാസകരമായ ഘട്ടത്തിലൂടെയാണ് അവർ കടന്നുപോയത്. ഇന്ന് നിങ്ങൾ ഇത്തരമൊരു പ്രസ്താവന നടത്തുമ്പോൾ സ്വന്തം കളിക്കാരെയും സ്വന്തം ടീമിനെയുമാണ് തരംതാഴ്ത്തുന്നത്. അത് ചെയ്യാൻ പാടില്ല. ഇന്ത്യയുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം എന്ന നേട്ടത്തിലായിരിക്കണം ശ്രദ്ധ. ടീം എങ്ങനെ ആഘോഷിക്കുന്നു എന്നതിലല്ല'- അഭിമുഖത്തിൽ ഗംഭീർ പറഞ്ഞു.

ഈ വിഷയത്തിൽ ഇന്ത്യൻ താരം ഇഷാൻ കിഷനും നേരത്തേ ക്ഷുഭിതനായിരുന്നു. പാട്ന വിമാനത്താവളത്തിൽ മാദ്ധ്യമപ്രവർത്തകർ ഈ വിഷയത്തിൽ പ്രതികരണം ആരാഞ്ഞപ്പോഴാണ് താരം ക്ഷുഭിതനായത്. 'നമ്മൾ എത്ര മനോഹരമായാണ് ലോകകപ്പ് ജയിച്ചത്. അതിനെക്കുറിച്ച് നല്ല ചോദ്യങ്ങൾ ചോദിക്കൂ. അനാവശ്യ ചോദ്യങ്ങൾ ചോദിക്കരുത്'- എന്നാണ് ഇഷാൻ മറുപടി പറഞ്ഞത്.

TAGS: NEWS 360, SPORTS, T20 WORLD CUP, SANJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.