ലാഹോർ:ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന പാകിസ്ഥാൻ ഇത്തവണ പരമ്പരയിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ന്യൂസിലാന്റിനോടും രണ്ടാമത് മത്സരത്തിൽ ചിരവൈരികളായ ഇന്ത്യയോടും തോറ്റതോടെ പാകിസ്ഥാൻ ഏതാണ്ട് പുറത്താകലിന്റെ വക്കിലെത്തിയിരുന്നു. തൊട്ടടുത്ത മത്സരത്തിൽ ന്യൂസിലാന്റ്, ബംഗ്ളാദേശിനെ തോൽപ്പിച്ചതോടെ ഇനി റേറ്റിംഗിനെ ആശ്രയിക്കാനും രക്ഷയില്ലാതെ പാകിസ്ഥാൻ പുറത്താകുകയായിരുന്നു. ഇതിനുപിന്നാലെ നിലവിലെ പാക് ടീമിനെ മുൻകാല ഇതിഹാസ താരങ്ങളടക്കം രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ്.
പാകിസ്ഥാൻ മുൻ നായകനായ വാസിം അക്രം പാക് ടീമിന്റെ ഭയന്നുള്ള ക്രിക്കറ്റ് കളിയെ വിമർശിച്ചു. വേണ്ടസമയത്ത് വിക്കറ്റെടുക്കാത്ത ബൗളർമാരെയും അക്രം കുറ്റപ്പെടുത്തി. സ്റ്റാർ ബൗളർമാരെന്ന് പറയുന്നവർ ചാമ്പ്യൻസ് ട്രോഫിയ്‌ക്ക് മുൻപ് നടന്ന ത്രിരാഷ്‌ട്ര ടൂർണമെന്റിൽ അടക്കം കണക്ക് നോക്കിയാൽ ആകെ 24 വിക്കറ്റുകളാണ് നേടിയത്. ബൗളിംഗ് ശരാശരി 60 റൺസാണ്. ഒരു വിക്കറ്റ് നേടാൻ 60 റൺസ് വഴങ്ങേണ്ടിവന്നുവെന്നും വസീം അക്രം വിമർശിച്ചു.
മതിയായി. നിങ്ങൾ അവരെ സ്റ്റാറുകളാക്കി. കഴിഞ്ഞ അഞ്ച് ഏകദിനങ്ങളിൽ 60 റൺസ് ശരാശരിയിൽ 24 വിക്കറ്റുകൾ മാത്രമാണ് പാകിസ്ഥാൻ ബൗളർമാർക്ക് നേടാനായത്. ഒരു വിക്കറ്റ് നേടാൻ 60 റൺസ് നൽകി എന്നർത്ഥം. നമ്മുടെ ശരാശരി ഒമാനെയും അമേരിക്കയെയും കാട്ടിലും കഷ്‌ടമാണ്. ഏകദിനം കളിക്കുന്ന 14 രാജ്യങ്ങളിൽ ബൗളിംഗ് ശരാശരിയിൽ രണ്ടാമത് ഏറ്റവും മോശം രാജ്യമാണ് പാകിസ്ഥാൻ."
2026 ട്വന്റി 20 ലോകകപ്പിനായി പൂർണമായും പുതിയൊരു ടീമിനെ സജ്ജമാക്കണമെന്നും അക്രം ആവശ്യപ്പെട്ടു.'കടുത്ത നടപടികൾ എടുക്കേണ്ടിയിരിക്കുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ നമ്മൾ പുരാതനരീതിയിലെ കളിയാണ് പിന്തുടരുന്നത്. നിർഭയരായ യുവ ക്രിക്കറ്റർമാരെ ടീമിലേക്ക് കൊണ്ടുവരണം. അഞ്ചോ ആറോ മാറ്റങ്ങൾ ടീമിൽ കൊണ്ടുവരാനായാൽ ദയവായി അത് കൊണ്ടുവരണം.' അക്രം ഒരു ക്രിക്കറ്റ് ഷോയിൽ പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തോളമായി തുടർച്ചയായി തോൽക്കുന്നു എന്നതൊരു കാര്യമല്ല 2026 ട്വന്റി20 ലോകകപ്പിനായി ഇപ്പോഴേ നല്ലൊരു ടീമിനെ വാർത്തെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ളാദേശുമായി വ്യാഴാഴ്‌ചയാണ് പാകിസ്ഥാന്റെ അവശേഷിക്കുന്ന മത്സരം. ടീമിന്റെ താൽക്കാലിക കോച്ച് അക്വിബ് ജാവേദും സപ്പോർട്ടിംഗ് സ്റ്റാഫും ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം പുറത്തുപോകും എന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |