ന്യൂഡൽഹി : ജനുവരി 13ലെ പൗഷ് പൗർണമി ദിനത്തിൽ ആരംഭിച്ച പ്രയാഗ്‌രാജ് മഹാകുംഭമേളയ്‌ക്ക്, നാളെ മഹാശിവരാത്രി ദിവസത്തെ പുണ്യ സ്‌നാനത്തോടെ സമാപനം. കോടികണക്കിന് ഭക്തരാണ് മഹാശിവരാത്രി പുണ്യം തേടി പ്രയാഗ്‌രാജിലേക്ക് ഒഴുകുന്നത്. ഇതുവരെ 62 കോടിയിൽപ്പരം തീർത്ഥാടകരെത്തിയെന്നാണ് കണക്കുകൾ. മേഖലയിൽ സുരക്ഷാസന്നാഹം ശക്തമാക്കി. മെഡിക്കൽ യൂണിറ്റുകൾ 24 മണിക്കൂറും സജ്ജം. ഇന്നലെ 15,000ൽപ്പരം ശുചീകരണ തൊഴിലാളികൾ പങ്കെടുത്ത ശുചീകരണ യജ്ഞം നടത്തി. 10 കിലോമീറ്ററോളം തൂത്തു വൃത്തിയാക്കി. ശൂചീകരണ യജ്ഞങ്ങളിൽ ഇത് ലോക റെക്കോർഡാണെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. തിക്കും തിരക്കും നിയന്ത്രിക്കാൻ ന്യൂഡൽഹി, പ്രയാഗ്‌രാജ് റെയിൽവേ സ്റ്രേഷനുകളിൽ ഉൾപ്പെടെ ക്രമീകരണങ്ങൾ ഊർജ്ജിതമാണ്. കുംഭമേളയിലും ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിലും തിക്കിലും തിരക്കിലും മരണങ്ങളുണ്ടായ സാഹചര്യത്തിലാണ് അതിജാഗ്രത. ഇന്നലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, ബോളിവുഡ് നടൻ അക്ഷയ് കുമാർ, നടി കത്രീന കൈഫ് എന്നിവർ ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്‌തു.
പ്രതിപക്ഷത്തെ വിമർശിച്ച് യോഗി
കുംഭമേള ക്രമീകരണങ്ങളിൽ ആരോപണമുന്നയിക്കുന്ന പ്രതിപക്ഷ നേതാക്കളെ കഴുകന്മാരെന്നും, പന്നികളെന്നും ആക്ഷേപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒറ്റപ്പെട്ട സംഭവങ്ങളെ ഊതിപെരുപ്പിക്കുന്നു. സമാജ്‌വാദി പാർട്ടിയെ പോലെ വിശ്വാസം വച്ചു കളിച്ചിട്ടില്ലെന്നും യോഗി കുറ്റപ്പെടുത്തി.
കേസെടുത്ത് പൊലീസ്
കുംഭമേളയുമായി ബന്ധപ്പെട്ട് തെറ്രിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്‌ത 140 സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾക്കെതിരെ യു.പി പൊലീസ് കേസെടുത്തു. സ്ത്രീകൾ സ്‌നാനം ചെയ്യുന്ന ദൃശ്യങ്ങളെ മോശമായി ചിത്രീകരിച്ച് ഷെയർ ചെയ്‌ത 17 പേർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു. ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം, കുംഭമേളയ്‌ക്കെന്ന് പറഞ്ഞു വിളിച്ചുകൊണ്ടു പോയി ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിൽ ഭർത്താവിനെ പ്രയാഗ്‌രാജിൽ അറസ്റ്റ് ചെയ്‌തു. കാമുകിയുമായി ജീവിക്കാൻ ഭാര്യയെ ഒഴിവാക്കുന്നതിനായിരുന്നു കൊലപാതകമെന്ന് ഡൽഹി സ്വദേശിയായ ഭർത്താവ് പൊലീസിനോട് സമ്മതിച്ചു.
വാഹനാപകടത്തിൽ ആറു മരണം
കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയ കർണാടക സ്വദേശികളായ ആറുപേർ വാഹനാപകടത്തിൽ മരിച്ചു. മദ്ധ്യപ്രദേശിലെ ജബൽപൂരിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. രണ്ടു പേരുടെ നില ഗുരുതരമാണ്. അമിത വേഗതയിലായിരുന്ന കാർ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |