റാവല്‍പിണ്ടി: ന്യൂസിലാന്‍ഡ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയതോടെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ആതിഥേയരായ പാകിസ്ഥാന്‍ പുറത്തായി. പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റുകള്‍ നഷ്ടത്തില്‍ കിവീസ് മറികടക്കുകയായിരുന്നു. യുവതാരം രചിന്‍ രവീന്ദ്ര നേടിയ തകര്‍പ്പന്‍ സെഞ്ച്വറി 112(105) ആണ് വിജയത്തിന് അടിത്തറ പാകിയത്. ഗ്രൂപ്പില്‍ നിന്ന് ഇന്ത്യയും ന്യൂസിലാന്‍ഡും സെമിയിലേക്ക് മുന്നേറിയപ്പോള്‍ പാകിസ്ഥാനും ബംഗ്ലാദേശും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.
237 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡിന്റെ രണ്ട് വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായി. വില്‍ യങ് 0(6), മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ 5(4) എന്നിവരെ പുറത്താക്കി ബംഗ്ലാദേശ് അട്ടിമറിയുടെ ലക്ഷണങ്ങള്‍ കാണിച്ചു. എന്നാല്‍ രചിന്‍ രവീന്ദ്രയ്ക്ക് ഒപ്പം ഡെവോണ്‍ കോണ്‍വേ 30(45) ആത്മവിശ്വാസത്തോടെ ബാറ്റ് വീശി. കോണ്‍വേയെ മുസ്താഫിസുര്‍ മടക്കിയതോടെ ക്രീസിലെത്തിയ ടോം ലതാം 55(76) അര്‍ദ്ധ സെഞ്ച്വറി നേടി രചിന് മികച്ച പിന്തുണ നല്‍കി. നാലാം വിക്കറ്റില്‍ 129 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് നേടിയിരുന്നു. 77 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ, 45 റണ്‍സെടുത്ത ജാക്കര്‍ അലി എന്നിവരുടെ പ്രകടനമാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. തന്‍സീദ് ഹസന്‍ തമീം 24(24), മെഹ്ദി ഹസന്‍ മിറാസ് 13(14) റണ്‍സ് നേടി. ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയ തൗഹിദ് ഹൃദോയ് 7(24), വെറ്ററന്‍ താരം മുഷ്ഫിഖ്വര്‍ റഹീം 2(5), മഹ്‌മദുള്ളുള്ള 4(14) എന്നിവര്‍ നിറം മങ്ങി.
ന്യൂസിലാന്‍ഡിന് വേണ്ടി ഓഫ് സ്പിന്നര്‍ മൈക്കിള്‍ ബ്രേസ്വെല്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. വില്യം ഒറൂക്കിന് രണ്ട് വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും ലഭിച്ചു. അടുത്ത ഞായറാഴ്ച ദുബായില്‍ നടക്കുന്ന ഇന്ത്യ - ന്യൂസിലാന്‍ഡ് മത്സരത്തിലെ വിജയികള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലേക്ക് മുന്നേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |