
ന്യൂഡൽഹി: അമിതവണ്ണത്തിനെതിരായ പ്രചാരണത്തിന് നേതൃത്വം നൽകാൻ നടൻ മോഹൻലാൽ ഉൾപ്പെടെ 10 പ്രമുഖരുടെ പേര് നിർദ്ദേശിച്ച് പ്രധാനമന്ത്രി. ഭക്ഷ്യ എണ്ണയുടെ ഉപഭോഗം പത്തു ശതമാനമെങ്കിലും കുറയ്ക്കാനാണ് മോദിയുടെ ആഹ്വാനം.
വർദ്ധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി അമിതവണ്ണക്കാർക്കിടയിൽ അവബോധം വളർത്തലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കലുമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി എക്‌സിലൂടെ അറിയിച്ചു. ഇവർ ഓരോരുത്തരും പത്തു പേരെക്കൂടി ചലഞ്ച് ചെയ്യണം.
ജമ്മുകാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ഗായിക ശ്രേയ ഘോഷാൽ, നടനും നിർമ്മാതാവുമായ ആർ. മാധവൻ, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, പൊതുപ്രവർത്തകയും എം.പിയുമായ സുധ മൂർത്തി, വ്യവസായി ആനന്ദ് മഹീന്ദ്ര, ഒളിമ്പിക് ഭാരോദ്വഹന താരം മീരാഭായ് ചാനു, ഷൂട്ടിംഗ് ചാമ്പ്യൻ മനു ഭാക്കർ, ഭോജ്പുരി ഗായകൻ നിരാഹുവ എന്നിവരാണ് പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്‌ത മറ്റുള്ളവർ.
ഞായറാഴ്‌ച പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻകീബാത്തിലെ ആഹ്വാനത്തിനു പിന്നാലെയാണ് പ്രമുഖരെ പ്രചാരണത്തിന് നിർദ്ദേശിച്ചത്. പ്രചാരണത്തിൽ പങ്കു ചേരണമെന്ന അഭ്യർത്ഥനയോടെ നിരവധി പ്രശസ്ത വ്യക്തികളെ എക്‌സിലെ പോസ്റ്റിൽ മോദി ടാഗ് ചെയ്തു.
ആരോഗ്യം വിട്ടൊരു
കളിയില്ല...
മോഹൻലാൽ ആരോഗ്യത്തിലും വ്യായാമത്തിലും അങ്ങേയറ്റം ശ്രദ്ധിക്കുന്നയാളാണ്. ജിമ്മിൽ വർക്കൗട്ടിന് സമയം ചെലവിടും. വീട്ടിൽ ആധുനികമായ ജിമ്മും പരിശീലകനുമുണ്ട്. ലാലിന്റെ വർക്കൗട്ട് വീഡിയോകൾ വൈറലാണ്. ആരോഗ്യകാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ല. ശരീരഭാരം കൃത്യമായി നിലനിറുത്തും. എണ്ണയും മസാലയും കുറച്ച് എരിവുകുറഞ്ഞ പുതുമ മാറാത്ത സാധനങ്ങൾ മാത്രം ഉപയോഗിക്കുന്ന ജാപ്പനീസ് ഭക്ഷണത്തിന്റെ ആരാധകനാണിപ്പോൾ താരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |