SignIn
Kerala Kaumudi Online
Friday, 01 May 2026 2.39 AM IST

തോല്‍വി വഴങ്ങി ആര്‍സിബി; പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി ഗുജറാത്ത് ടൈറ്റന്‍സ്

Increase Font Size Decrease Font Size Print Page
gujarat-titans

അഹമ്മദാബാദ്: ഐപിഎല്‍ സീസണില്‍ മൂന്നാം തോല്‍വി വഴങ്ങി നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ഗുജറാത്ത് ടൈറ്റന്‍സാണ് ബംഗളൂരുവിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. ബംഗളൂരു ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 15.5 ഓവറുകളില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടക്കുകയായിരുന്നു. മദ്ധ്യ ഓവറുകളില്‍ ആര്‍സിബി ശക്തമായി തിരിച്ചുവന്നെങ്കിലും ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ എന്നിവര്‍ നല്‍കിയ മികച്ച തുടക്കത്തിന്റെ ബലത്തില്‍ ടൈറ്റന്‍സ് ജയിച്ച് കയറുകയായിരുന്നു.


വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് ഓപ്പണര്‍ സായ് സുദര്‍ശന്റെ വിക്കറ്റ് 6(5) ആണ് ആദ്യം നഷ്ടമായത്. ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍ 43(18), ജോസ് ബട്‌ലര്‍ 39(19) എന്നിവര്‍ അതിവേഗം റണ്‍സ് കണ്ടെത്തിയപ്പോള്‍ മികച്ച റണ്‍നിരക്കുമായി ടൈറ്റന്‍സ് കുതിച്ചു. എന്നാല്‍ ഗില്ലും ബട്‌ലറും പുറത്തായതോടെ ടീം പതറി. 7.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 92 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ ടൈറ്റന്‍സ്. പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമാകുകയും ചെയ്തു.


വാഷിംഗ്ടണ്‍ സുന്ദര്‍ 12(12), ഷാരൂഖ് ഖാന്‍ 8(8) എന്നിവര്‍ പുറത്തായതോടെ ഇംപാക്ട് സബ് ആയി രാഹുല്‍ തെവാത്തിയയെ കളത്തിലിറക്കി. ജേസണ്‍ ഹോള്‍ഡര്‍ 12(10) ആറാമനായി പുറത്താകുമ്പോള്‍ ടൈറ്റന്‍സിന് ജയത്തിലേക്കുള്ള ദൂരം 15 റണ്‍സ് ആയിരുന്നു. പിന്നീട് ശ്രദ്ധയോടെ ബാറ്റ് വീശിയ രാഹുല്‍ തെവാത്തിയ 27*(17) - റാഷിദ് ഖാന്‍ 7*(6) സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടൈറ്റന്‍സിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. ആര്‍സിബിക്കായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍ ബൗളിംഗില്‍ തിളങ്ങി.


ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 19.2 ഓവറില്‍ 155 റണ്‍സിന് എല്ലാവരും പുറത്തായി. 7.3 ഓവറില്‍ 79ന് രണ്ട് എന്ന ശക്തമായ നിലയില്‍ നിന്നതിന് ശേഷം ബാറ്റിംഗ് തകര്‍ച്ച നേരിടുകയായിരുന്നു നിലവിലെ ചാമ്പ്യന്‍മാര്‍. പേസര്‍മാരും സ്പിന്നര്‍ റാഷിദ് ഖാനും ഒരുപോലെ തിളങ്ങിയതാണ് ടൈറ്റന്‍സിന് തുണയായത്. മലയാളി താരം ദേവദത്ത് പടിക്കല്‍ 40(24) ആണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍.


ഓപ്പണര്‍ ജേക്കബ് ബെഥല്‍ 5(5), വിരാട് കൊഹ്ലി 28(13) എന്നിവര്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ വെറും 35 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ദേവദത്തിനൊപ്പം ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 19(15) അല്‍പ്പനേരം പിടിച്ചുനിന്നെങ്കിലും അര്‍ഷദ് ഖാന്‍ പാട്ടിദാറിനെ മടക്കിയതോടെ സഖ്യം പിരിയുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ 1(3), ടിം ഡേവിഡ് 9(6) എന്നിവര്‍ നിരാശപ്പെടുത്തി. ക്രുണാല്‍ പാണ്ഡ്യ 4(4), റൊമാരിയോ ഷെപ്പേര്‍ഡ് 17(15) എന്നിവരും പെട്ടെന്ന് പുറത്തായതോടെ സ്‌കോര്‍ 126ന് എട്ട് എന്ന നിലയിലേക്ക് വീണു.


ഇംപാക്ട് സബ് ആയി വെങ്കിടേഷ് അയ്യരെ കളത്തിലിറക്കിയെങ്കിലും 12(15) റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്നാല്‍ പുറത്താകാതെ നിന്ന ഭുവനേശ്വര്‍ കുമാര്‍ 15*(15) ടീം സ്‌കോര്‍ 150 കടത്തുകയായിരുന്നു. ജോഷ് ഹേസില്‍വുഡ് റണ്ണൊന്നും നേടാതെ പുറത്തായി. ടൈറ്റന്‍സിനായി അര്‍ഷദ് ഖാന്‍ മൂന്ന് വിക്കറ്റുകളും റാഷിദ് ഖാന്‍, ജെയ്സണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി. പേസര്‍മാരായ കാഗിസോ റബാഡയ്ക്കും മുഹമ്മദ് സിറാജിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

TAGS: NEWS 360, SPORTS, IPL 2026, RCB VS GT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.