
ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ താൻ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി വിദേശ സഞ്ചാരി. കനേഡിയൻ പൗരനായ സ്റ്റീവ് എന്ന യാത്രികനാണ് ഇന്ത്യയിൽ തനിക്കുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. കപ്പലണ്ടി കച്ചവടക്കാർ മുതൽ ഓട്ടോ ഡ്രൈവർമാർ വരെ തന്നെ പറ്റിക്കാൻ ശ്രമിച്ചെന്ന് സ്റ്റീവ് പറയുന്നു. ഡൽഹിയിലെത്തിയ ശേഷം ഇന്ത്യ എന്ന രാജ്യം യാത്രയിൽ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് പോലും താൻ ചിന്തിച്ചു പോയതായി അദ്ദേഹം പറഞ്ഞു.
'എല്ലാ ദിവസവും ഓരോരുത്തരും എന്നെ കബളിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒരാൾ നുണ പറയുന്നത് പിടിക്കപ്പെട്ടാൽ അവർക്ക് യാതൊരു കുറ്റബോധവുമില്ല. പകരം ഒരു പുഞ്ചിരിയോടെ അത് സമ്മതിക്കും. പണം ചിലവാക്കേണ്ടി വരുന്ന ഓരോ സന്ദർഭത്തിലും ഞാൻ വഞ്ചിക്കപ്പെടുകയാണോ എന്ന അസ്വസ്ഥതയാണ് അനുഭവപ്പെട്ടത്,'-സ്റ്റീവ് വീഡിയോയിൽ വ്യക്തമാക്കി.
ഡൽഹിയിലെ അനുഭവങ്ങൾ മോശമായിരുന്നെങ്കിലും ഇന്ത്യയെ പൂർണമായും തള്ളിക്കളയാൻ സ്റ്റീവ് തയ്യാറായിരുന്നില്ല. ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യയിലെ അനുഭവങ്ങൾ വ്യത്യസ്തമായിരിക്കുമെന്ന് തന്റെ ഭാര്യ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രശസ്ത കൊമേഡിയൻ റസൽ പീറ്റേഴ്സിന്റെ വീഡിയോ കണ്ടതും ഇന്ത്യയ്ക്ക് ഒരു അവസരം കൂടി നൽകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
നിലവിൽ മുംബയ് സന്ദർശിക്കാനുള്ള തയ്യാറെടുപ്പിലാണ് ദമ്പതികൾ. മുംബയിലെ സാഹചര്യം ഡൽഹിയിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും സ്റ്റീവ് പ്രത്യാശ പ്രകടിപ്പിച്ചു. കനേഡിയൻ പൗരന്റെ വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് തുടക്കമിട്ടത്.
നിരവധി വിദേശ സഞ്ചാരികൾ തങ്ങൾക്കും സമാനമായ അനുഭവങ്ങൾ ഡൽഹിയിൽ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് സ്റ്റീവിനെ പിന്തുണച്ചു. എന്നാൽ, ചുരുക്കം ചിലരുടെ പെരുമാറ്റം വച്ച് ഒരു രാജ്യത്തെ മുഴുവൻ ആളുകളെയും മോശമായി വിലയിരുത്തുന്നത് ശരിയല്ലെന്നും ഇത്തരം സംഭവങ്ങൾ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാണെന്നും മറ്റുചിലർ അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |