ടോക്യോ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് മെഡലില്ല. ഫൈനലില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യന്‍ സൂപ്പര്‍താരം ഫിനിഷ് ചെയ്ത്. പാകിസ്ഥാന്റെ ഒളിമ്പിക് ജേതാവ് അര്‍ഷാദ് നദീമിനും മെഡല്‍ നേടാനായില്ല. ഒരു അത്‌ലറ്റിക് ഇവന്റില്‍ പങ്കെടുത്തശേഷം നീരജിന് മെഡല്‍ ലഭിക്കാതിരിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അഞ്ചാമത്തെ ത്രോ ഫൗളായി മാറിയതാണ് താരത്തിനും ഇന്ത്യക്കും തിരിച്ചടിയായത്. 84.03 മീറ്റര്‍ ആണ് ഫൈനലില്‍ നീരജിന് കണ്ടെത്താന്‍ കഴിഞ്ഞ ഏറ്റവും മികച്ച ദൂരം.
അതേസമയം നീരജിന് പിഴച്ചെങ്കിലും ഫൈനലിലെ ഇന്ത്യയുടെ മറ്റൊരു താരം സച്ചിന്‍ യാദവ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നേരിയ വ്യത്യാസത്തിനാണ് സച്ചിന് മെഡല്‍ ലഭിക്കാതിരുന്നത്. 2021ല്‍ ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ ശേഷം ഇതാദ്യമായാണ് നീരജ് ഒരു മെഡലില്ലാതെ മത്സരിച്ച് മടങ്ങുന്നത്. ഫൈനലില്‍ ട്രിനിഡാഡ് ആന്റ് ടൊബാഗോയുടെ കെഷോണ്‍ വാല്‍കോട്ട് 88.16 മീറ്റര്‍ ദൂരമെറിഞ്ഞ് സ്വര്‍ണം നേടി.
ഗ്രനേഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് 87.38 മീറ്റര്‍ ദൂരമെറിഞ്ഞ് വെള്ളിയും യുഎസ്എയുടെ കര്‍ടിസ് തോംസണ്‍ 86.67 മീറ്റര്‍ ദൂരമെറിഞ്ഞ് വെങ്കലവും നേടി. ഇന്നലെ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ മത്സരിക്കാനിറങ്ങിയ നീരജ് ആദ്യശ്രമത്തില്‍ തന്നെ 84.85 മീറ്റര്‍ദൂരത്തേക്ക് ജാവലിന്‍ പായിച്ച് ഫൈനലിലേക്ക് ടിക്കറ്റെടുത്തു. 84.50 മീറ്ററായിരുന്നു ഫൈനലിലേക്കുള്ള യോഗ്യതാമാര്‍ക്ക്. 2023ലെ ലോകചാമ്പ്യന്‍ഷിപ്പിലും പാരീസ് ഒളിമ്പിക്സിലും നീരജ് യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ ഫൈനല്‍ ഉറപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |