
അഹമ്മദാബാദ്: ഐപിഎല്‍ 18ാം സീസണ്‍ അതിന്റെ കലാശപ്പോരിലേക്ക് എത്തി നില്‍ക്കുകയാണ്. കൈപ്പിടിയില്‍ ഇതുവരെയെത്താത്ത മോഹിപ്പിക്കുന്ന കിരീടത്തിന്റെ കലാശപ്പോരിനായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു യോഗ്യത നേടിക്കഴിഞ്ഞു. എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് ഫൈനലിന് തോട്ടരികില്‍ നില്‍ക്കുകയാണ് മുംബയ് ഇന്ത്യന്‍സ്. ഒന്നാം ക്വാളിഫയറില്‍ തോറ്റ് നില്‍ക്കുന്ന പഞ്ചാബ് കിംഗ്‌സ് മുംബയ് ഇന്ത്യന്‍സ് പോരാട്ടത്തിലെ വിജയികളെയാണ് ജൂണ്‍ മൂന്നിന് നടക്കുന്ന കലാശപ്പോരില്‍ ബംഗളൂരു നേരിടുക.
ഐപിഎല്‍ ഫൈനലില്‍ മികച്ച റെക്കോഡുള്ള മുംബയ് ഇന്ത്യന്‍സിനെ നേരിടാന്‍ ആര്‍സിബി ഒരിക്കലും ആഗ്രഹിക്കില്ലെന്നാണ് രവിചന്ദ്രന്‍ അശ്വിന്‍ ഉള്‍പ്പെടെയുള്ള താരങ്ങളും നിരവധി ആരാധകരും അഭിപ്രായപ്പെടുന്നത്. ഇതുവരെ ആറ് ഫൈനലുകളില്‍ മുംബയ് കളിച്ചിട്ടുണ്ട്. (2010,2013,2015,2017,2019,2020) ഇതില്‍ 2010ല്‍ ഒഴികെ എല്ലാതവണയും കപ്പുമായിട്ടാണ് മുംബയ് മടങ്ങിയത്. ഇതാണ് മുംബയ് ഫൈനലില്‍ പ്രവേശിക്കരുതെന്ന് ആര്‍സിബി ആരാധകര്‍ ആഗ്രഹിക്കാന്‍ കാരണം.
എന്നാല്‍ ഐപിഎല്‍ തുടങ്ങിയപ്പോള്‍ മുതല്‍ കാത്തിരിക്കുന്ന ആ കിരീടം ഐപിഎല്‍ വമ്പന്‍മാരെ വീഴ്ത്തി തന്നെ നേടണമെന്ന് ആഗ്രഹിക്കുന്ന ആരാധകരുടെ എണ്ണവും കുറവല്ല. മറുഭാഗത്ത് മുംബയ് ഇന്ത്യന്‍സ് ആരാധകരെ ആശങ്കയിലാഴ്ത്തുന്ന ഒരു വസ്തുതയെന്താണെന്നാല്‍ എലിമിനേറ്റര്‍ കളിക്കേണ്ടി വന്ന ഒരു സീസണിലും മുംബയ് ഫൈനലിലേക്ക് യോഗ്യത നേടിയിട്ടില്ല. എലിമിനേറ്ററിലോ അല്ലെങ്കില്‍ ക്വാളിഫയര്‍ രണ്ടിലോ തോറ്റ് മടങ്ങിയിട്ടുള്ളതാണ് മുംബയ് ആരാധകര്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത റെക്കോഡ്.
എലിമിനേറ്റര്‍ കളിക്കേണ്ടി വന്ന ടീം ഐപിഎല്‍ ചരിത്രത്തില്‍ ഒരേയൊരു തവണ മാത്രമേ കപ്പ് നേടിയിട്ടുള്ളൂ. 2016 സീസണിലെ വിജയികളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേരിലാണ് ആ റെക്കോഡ്. അന്ന് ഫൈനലില്‍ തോറ്റതാകട്ടെ ആര്‍സിബിയും. അതുകൊണ്ട് തന്നെ ഇത്തവണ ഇതില്‍ ഏതെങ്കിലുമൊക്കെ ചരിത്രം ആവര്‍ത്തിക്കുമോയെന്നും തകര്‍ക്കപ്പെടുമോയെന്നും ഇരു ടീമുകളുടേയും ആരാധകര്‍ക്ക് ഒരുപോലെ ആശങ്കയും പ്രതീക്ഷയുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |