മുംബയ്: സെപ്തംബർ ഒമ്പത് മുതൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ ടീമിൽ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെയും ഉൾപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ. കഴിഞ്ഞ വർഷം ജൂലായിലാണ് ഇന്ത്യയ്ക്കായി അവസാനമായി അദ്ദേഹം ട്വന്റി 20 ഫോർമാറ്റിൽ കളിച്ചത്. ഇപ്പോഴിതാ യുഎഇയിൽ നടക്കുന്ന മത്സരത്തിൽ വൈസ് ക്യാപ്റ്റനായാണ് ഗിൽ എത്തുന്നത്. മൂന്ന് ഫോർമാറ്റുകളിലും ഒരു ക്യാപ്റ്റൻ എന്ന നയം നടപ്പിലാക്കുന്നതിന് മുന്നോടിയായിട്ടാണ് ഗില്ലിനെ ട്വന്റി 20 ടീമിന്റെ വൈസ് ക്യാപ്റ്റനാക്കുന്നതിലൂടെ ടീം മാനേജ്മെന്റ് ലക്ഷ്യമിടുന്നത്.
ഗില്ലിന് മുമ്പ് അക്സർ പട്ടേലാണ് ട്വന്റി 20 ഫോർമാറ്റിൽ വൈസ് ക്യാപ്റ്റന്റെ കുപ്പായം അണിഞ്ഞിരുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ചതിനെ തുടർന്ന് ഗില്ലിനെ എല്ലാ ഫോർമാറ്റിലുമുള്ള താരമായി അവതരിപ്പിക്കാനുള്ള ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചുള്ള സൂചനയാണ് സൂര്യകുമാർ യാദവിന്റെ വാക്കുകളിലൂടെ നൽകുന്നത്.
എന്നാൽ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ചുമതലപ്പെടുത്തിയത് പലർക്കും അത്ര രസിച്ചിട്ടില്ലെന്ന കാര്യവും വ്യക്തമാണ്. അക്സറിന് പകരം ഗില്ലിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.
"ട്വന്റി 20 ലോകകപ്പിന് ശേഷം ഞങ്ങൾ സിംബാബ്‌വെയിലേക്ക് പോയപ്പോഴല്ല. മറിച്ച് ശ്രീലങ്കയിലേക്ക് പോയപ്പോഴാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി ഞാൻ നയിച്ച ട്വന്റി 20യിൽ വൈസ് ക്യാപ്റ്റനായി കളിച്ചത്. അന്ന് മുതലാണ് ഞങ്ങൾ ട്വന്റി 20 ലോകകപ്പിനു മുന്നോടിയായി പുതിയൊരു മാറ്റത്തിന് ആരംഭം കുറിച്ചത്.
പിന്നീട് ടെസ്റ്റ് പരമ്പരകളിൽ അദ്ദേഹം തിരക്കിലായിരുന്നു. അതിനാൽ, ചാമ്പ്യൻസ് ട്രോഫിയിലും ടെസ്റ്റ് ക്രിക്കറ്റിലും കളിക്കുന്ന സമയത്ത് ട്വന്റി 20യിൽ കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. ഇപ്പോൾ അദ്ദേഹം ടീമിലുള്ളത് എല്ലാവർക്കും സന്തോഷം തരുന്ന കര്യമാണ്'. സൂര്യകുമാർ പറഞ്ഞു.
എട്ട് ടീമുകളുള്ള ഏഷ്യാ കപ്പ് ട്വന്റി20 ടൂർണമെന്റ് സെപ്തംബർ ഒമ്പത് മുതൽ 28 വരെ അബുദാബിയിലും ദുബായിലുമായി നടക്കും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പാകിസ്ഥാൻ, ഒമാൻ, യുഎഇ എന്നിവർക്കൊപ്പം ഗ്രൂപ്പ് 'എ'യിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |