
മുംബയ് : പിതാവിന് ഹൃദയാഘാതമുണ്ടായതിന് പിന്നാലെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയാ പോസ്റ്റുകൾ നീക്കം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാന, സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിവാഹം മാറ്റി വയ്ക്കുകയും ചെയ്തതിന് പിന്നാലെയാണിത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അടുത്തിടെ ലോകകപ്പ് ഉയർത്തിയ ഡി,വൈ പാട്ടീൽ സ്റ്റേഡിയത്തിൽ വച്ച് പ്രതിശ്രുത വരൻ പലാഷ് മുഛൽ തന്നെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ അടക്കം നീക്കം ചെയ്തവയിൽ പെടുന്നു.
ഇന്ത്യൻ ടീമിവെ സഹതാരങ്ങളും സ്മൃതിയുടെ അടുത്ത സുഹൃത്തുക്കളുമായ ജെമീമ റൊഡ്രിഗസ്, ശ്രേയങ്ക പാട്ടീൽ എന്നിവരും സ്മൃതിയുടെ വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം റീലുകളാണ് നീക്കം ചെയ്തവയിൽ കൂടുതലും. പ്രൊപ്പോസൽ വീഡിയോയ്ക്ക് പിന്നാലെ ഹൽദി, മെഹന്ദി, സംഗീത് ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇരുവരും സംഗീത് ചടങ്ങിനിടെ ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു. ഇവയെല്ലാം തന്നെ താരം ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയിൽ സ്മൃതിയുടെ ജന്മനാടായ സാംഗ്ലിയിൽ താരത്തിന്റെ ഫാംഹൗസിൽ രണ്ട് ദിവസമായി വിവാഹ ആഘോഷച്ചടങ്ങുകൾ നടന്നുവരികയായിരുന്നു. വിവാഹ ദിനമായി നിശ്ചയിച്ചിരുന്ന ഞായറാഴ്ച രാവിലെ പ്രഭാത ഭക്ഷണത്തിനിടെ ശ്രീനിവാസിന് അസ്വസ്ഥതയുണ്ടാവുകയായിരുന്നു. ഉടൻ വിവാഹ വേദിയിലേക്ക് ആംബുലൻസ് എത്തിച്ച് ശ്രീനിവാസിനെ ആശുപത്രിയിലേക്ക് മാറ്റി. പിതാവ് സുഖമായി തിരിച്ചെത്തിയ ശേഷം വിവാഹച്ചടങ്ങുകൾ നടത്തിയാൽ മതിയെന്ന് സ്മൃതിയാണ് തീരുമാനമെടുത്തത്. നിലവിൽ ശ്രീനിവാസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ഒബ്സർവേഷനിലാണെന്നുമാണ് ഡോക്‌ടർമാർ അറിയിച്ചത്. രക്തസമ്മർദ്ദവും ഉയർന്ന അളവിലാണ്. ഇത് തുടർന്നാൽ ആൻജിയോഗ്രാം ചെയ്യുന്നതടക്കം പരിഗണിക്കുമെന്നും ഡോക്‌ടർമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |