ബ്ളാസ്റ്റേഴ്സിന് എതിരാളി റൗണ്ട് ഗ്ളാസ് പഞ്ചാബ്
ബംഗളൂരു എഫ്.സി ഇന്ന് ശ്രീനിധിയെ നേരിടും
കോഴിക്കോട്: ഹീറോ സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് ഇന്ന് കോഴിക്കോട്ട് തുടക്കമാവും. കലിപൂണ്ട കൊമ്പന്മാരായി കേരള ബ്ലാസ്റ്റേഴ്സും ചിരവൈരികളായ ബംഗളൂരു എഫ്.സിയും ഇന്ന് വ്യത്യസ്ത മത്സരങ്ങൾക്കായി ബൂട്ടുകെട്ടും. ഐ.എസ്.എലിലെ വിവാദ പ്ലേഓഫിന് ശേഷം ആദ്യമായി ബൂട്ടു കെട്ടുന്ന മഞ്ഞപ്പട ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സിയോടാണ് കൊമ്പുകോർക്കുന്നത്. കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ രാത്രി 8.30നാണ് മത്സരം. വൈകീട്ട് അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്.സി ഐ. ലീഗിലെ രണ്ടാം സ്ഥാനക്കാരായ ശ്രീനിധി ഡെക്കാനെ നേരിടും.
കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിലും മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലുമായാണ് സൂപ്പർ കപ്പ് നടക്കുന്നത്.ഗ്രൂപ്പ് എ, ഗ്രൂപ്പ് സി മത്സരങ്ങളും ഒരു സെമിയും ഫൈനലുമാണ് കോഴിക്കോട്ട് നടക്കുക. ഒമ്പതിനാണ് പയ്യനാട്ടെ മത്സരങ്ങൾ ആരംഭിക്കുക. ബി,ഡി ഗ്രൂപ്പ് മത്സരങ്ങളും ഒരു സെമി ഫൈനലുമാണ് പയ്യനാട് നടക്കുന്നത്.
ഐ.എസ്എല്ലിലെ 11 ടീമുകളും ഐ ലീഗിലെ അഞ്ച് ടീമുകളും മത്സരിക്കും. ആകെ 27 മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്. ഇന്ന് രാത്രി എട്ടിനാണ് ഉദ്ഘാടന ചടങ്ങ്.
തിരിച്ചടികൾ കരുത്താക്കാൻ കേരള ബ്ലാസ്റ്റേഴ്സ്
ഐ.എസ്.എൽ പ്ലേ ഓഫിൽ ബംഗളൂരു എഫ്.സിയ്ക്കെതിരെ സുനിൽ ഛേത്രിയുടെ വിവാദമായ ക്വിക്ക് ഫ്രീക്കിക്ക് ഗോളിലൂടെ തോൽവി വഴങ്ങേണ്ടിവന്നതും ഗോളിനെതിരേ പ്രതിഷേധിച്ച് മത്സരം ഉപേക്ഷിച്ചതും തുടർന്ന് ശിക്ഷ നടപടികൾ ഏൽക്കേണ്ടി വന്നതുമെല്ലാം മനസിലുള്ള ബ്ളാസ്റ്റേഴ്സ് സൂപ്പർ കപ്പിനിറങ്ങുന്നത് പുതിയ തുടക്കത്തിനാണ്.
തിരിച്ചടികൾ കരുത്താക്കി മുന്നേറാനുള്ള ഒരുക്കത്തിലാണ് മഞ്ഞപ്പട. മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ വിലക്കും അഡ്രിയാൻ ലൂണയുടെയും പരിക്കേറ്റ ജെസൽ കർണെയ്‌റോയുടെയും അഭാവവും മറികടക്കാനാവുമെന്നാണ് ടീമിന്റെ വിശ്വാസം.
അസിസ്റ്റന്റ് കോച്ച് ആയ ഫ്രാങ്ക് ഡോവെനാണ് മഞ്ഞപ്പടയുടെ മുഖ്യ പരിശീലകൻ.
വിദേശതാരങ്ങൾ ഉൾപ്പടെ ശക്തമായ ടീമിനെയാണ് കൊമ്പന്മാർ അണി നിരത്തുക. മാർക്കൊ ലെസ്‌കോവിച്ച്, ഇവാൻ കലിയൂഷ്‌നി, ദിമിത്രിയോസ് ഡയമാന്റകോസ്, അപ്പൊസ്‌തൊലസ് ജിയാനു എന്നിവർ ഇറങ്ങും.
പ്രഭ്‌സുഖൻ സിംഗ് ഗിൽ വല കാക്കും. സന്ദീപ് സിംഗ്, മാർക്കൊ ലെസ്‌കോവിച്ച്, ഹോർമിപാം റൂയിവ, നിഷു കുമാർ എന്നിവരാവും പ്രതിരോധക്കോട്ട കെട്ടുക. സഹൽ അബ്ദുൾ സമദ്, ഇവാൻ കലിയൂഷ്‌നി, വിബിൻ മോഹനൻ , ജീക്‌സൺ സിംഗ്, കെ. പി. രാഹുൽ എന്നിവർ മധ്യനിരയിലും ദിമിത്രിയോസ് ഡയമാന്റകോസ്, അപ്പൊസ്‌തൊലസ് ജിയാനു എന്നിവരാകും സ്ട്രൈക്കർമാർ.
നാല് ഗ്രൂപ്പുകൾ
ഗ്രൂപ്പ് എ - കേരളബ്ലാസ്റ്റേഴ്സ്, ബംഗളൂരു എഫ്.സി, റൗണ്ട് ഗ്ലാസ് പഞ്ചാബ്, ശ്രീനിധി ഡെക്കാൻ
ഗ്രൂപ്പ് ബി - ഹൈദരാബാദ് എഫ്.സി, ഒഡീഷ എഫ്.സി, ഈസ്റ്റ് ബംഗാൾ, ഐസോൾ എഫ്.സി
ഗ്രൂപ്പ് സി - എ.ടി.കെ മോഹൻബഗാൻ, എഫ്.സി ഗോവ, ജംഷഡ്പൂർ എഫ്.സി, ഗോകുലം കേരള എഫ്.സി
ഗ്രൂപ്പ് ഡി - മുംബെ സിറ്റി എഫ്.സി, ചെന്നൈ എഫ്.സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ചർച്ചിൽ ബ്രദേഴ്സ്
ടിക്കറ്റിന് 250
സൂപ്പർ കപ്പ് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലെയും കോഴിക്കോട് കോർപറേഷൻ സ്‌റ്റേഡിയത്തിലെയും ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. ബുക്ക് മൈ ഷോ ഓൺലൈൻവഴി ടിക്കറ്റെടുക്കാം. അതത് ഗ്രൗണ്ടിലെ കൗണ്ടറിലും ടിക്കറ്റുകൾ ലഭിക്കും. സീസൺ ടിക്കറ്റും ലഭ്യമാവും
ലൈവ്
മത്സരങ്ങൾ സോണി സ്‌പോർട്‌സ് 2ൽ ലൈവ് ഉണ്ടാവും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |