ബാഗ്ലൂർ: ആവശം അവസാന പന്ത് വരെ നീണ്ട ഇന്നലെ നടന്ന ഐ.പി.എൽ ത്രില്ലർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ലക്നൗ സൂപ്പർ ജയ്‌ന്റ്സിന് ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന മികച്ച ടോട്ടൽ നേടി. സാധ്യതകൾ മാറിമറിഞ്ഞ ചേസിംഗിൽ അവസാന പന്തിൽ ലക്നൗ വിജയറൺസ് നേടുകയായിരുന്നു (213/9).
ഒരുഘട്ടത്തിൽ തോൽവി മുന്നിൽക്കണ്ട ലക്നൗ ഈ ഐ.പി.എൽ സീസണിലെ ഏറ്രവും വേഗമേറിയ അർദ്ധ സെഞ്ച്വറിയുമായി തകർത്തടിച്ച നിക്കോളാസ് പൂരന്റെയും (19 പന്തിൽ 62), നിറഞ്ഞാടിയ മാർകസ് സ്റ്റോയിനിസിന്റെയും (30 പന്തിൽ 62) മിടുക്കിലാണ് വിജയം സ്വന്തമാക്കിയത്. ഇംപാക്ട് പ്ലെയറായി എത്തിയ ആയുഷ് ബധോനിയും (24 പന്തിൽ 30) തന്റെ റോൾ ഭംഗിയാക്കി. ആദ്യ നാല് ഓവർ അവസാനിക്കുമ്പോൾ 23/3 എന്ന നിലയിലായിരുന്നു ലക്നൗ. മേയേഴ്സ് (0), ഹൂഡ (9), ക്രുനാൽ(0) എന്നിവർ പുറത്തായിക്കഴിഞ്ഞിരുന്നു. തുടർന്ന് ക്രീസിലെത്തിയ സ്റ്റോയിനിസ് ക്യാപ്ടൻ രാഹുലിനെ (18) കാഴ്ചക്കാരനാക്കി അടിച്ചു തകർത്തതോടെ ലക്നൗ വിജയപ്രതീക്ഷയിലായി.നാലാം വിക്കറ്റി രാഹുലിനൊപ്പം സ്റ്റോയിനിസ് 40 പന്തിൽ 76 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 6 ഫോറും 5 സിക്സും സ്റ്റോയിനിസ് നേടി. സ്റ്രോയിനിസിനെ കരണും രാഹുലിനെ സിറാജും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയതോടെ 11.1 ഓവറിൽ 101/5 എന്ന നിലയിലായി ലക്നൗ. പിന്നീട് ക്രീസിലേക്കെത്തിയ പൂരൻ ബധോനിയെക്കൂട്ടു പിടിച്ച് അടിച്ച് തകർത്തതോടെ ലക്നൗ വീണ്ടും വിജയവഴിയിലായി. 16 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച പൂരൻ ബധോനിക്കൊപ്പം അഞ്ചാം വിക്കറ്റിൽ 35 പന്തിൽ കൂട്ടിച്ചേർത്ത 84 റൺസാണ് ലക്നൗവിന്റെ വിജയത്തിൽ നിർണായകമായത്. പതിനാറാം ഓവറിന്റെ അവസാന പന്തിൽ പൂരനെ സിറാജ് മടക്കി. 7സിക്സും 4 ഫോറും പൂരൻ നേടി. 19-ാം ഓവറിലെ മൂന്നാം പന്തിൽ ജയിക്കാൻ ഏഴ് റൺസ് വേണ്ടപ്പോൾ മാർക്ക് വുഡ്ഡിനെ ബധോനി സിക്സടിച്ചെങ്കിലും ഫോളോത്രൂവിൽ ബാറ്റ് സ്റ്റമ്പിൽ തട്ടി ഹിറ്റ് വിക്കറ്രായി. അവസാന പന്തിൽ മത്സരം ടൈ ആയിരിക്കെ ബിഷ്ണോയിയെ മങ്കാദിംഗിലൂടെ പുറത്താക്കാനുള്ള അവസരം ഹർഷൽ പട്ടേലിന് നഷ്ടമായി. പിന്നീട് അവസാന പന്ത് ബീറ്റണായെങ്കിലും ആവേശ് ഖാനും (0), ബിഷ്ണോയിയും (3) വിജയറൺ ഓടിയെടുക്കുകയായിരുന്നു. പാർനലും സിറാജും മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തേ അർദ്ധ സെഞ്ച്വറിയുമായി നിറഞ്ഞാടിയ ഓപ്പണർമാരായ വിരാട് കൊഹ്ലിയും (44 പന്തിൽ 61), ഫാഫ് ഡുപ്ലെസിസും (പുറത്താകാതെ 46 പന്തിൽ 79), മൂന്നം നമ്പറിലെത്തിയ ഗ്ലെൻ മാക്സ്വെല്ലുമാണ് (29 പന്തിൽ 59) ബാംഗ്ലൂരിനെ വമ്പൻ സ്കോറിലെത്തിച്ചത്.
ഒന്നാം വിക്കറ്റിൽ കൊഹ്ലിയും ക്യാപ്ടൻ ഡുപ്ലെസിസും 69 പന്തിൽ 96 റൺസ് ബാംഗ്ലൂർ സ്കോർബോർഡിൽ എത്തിച്ചു. ആവേശ് ഖാൻ എറിഞ്ഞ ബാംഗ്ലൂർ ഇന്നിംഗ്സിലെ രണ്ടാം ഓവറിൽ തുടർച്ചയായി സിക്സും ഫോറും അടിച്ച കൊഹ്ലി പവർപ്ലേയിൽ ബാംഗ്ലൂരിന്റെ സ്കോർ അതിവേഗം ഉയർത്തി. 3 സിക്സും 4 ഫോറുമുൾപ്പെടെ 42 റൺസാണ് പർപ്ലേയിൽ കൊഹ്ലി നേടിയത്.പന്ത്രണ്ടാം ഓവറിലെ മൂന്നാം പന്തിൽ അമിത് മിശ്ര കൊഹ്ലിയെ സ്റ്രോയിനിസിന്റെ കൈയിൽ എത്തിച്ചാണ് കൂട്ടുകെട്ട് പൊളിച്ചത്. 4 വീതം സിക്സും ഫോറും കൊഹ്ലി നേടി.
തുടർന്നെത്തിയ മാക്സ്വെല്ലും അടിച്ചു പൊളി മൂഡിലായിരുന്നു. ഡുപ്ലെസിസും ടോപ് ഗിയറിലായതോടെ ബാംഗ്ലൂർ സ്കോർ റോക്കറ്റ് പോലെ കുതിച്ചു. ഇരുവരും രണ്ടാം വിക്കറ്റിൽ 50പന്തിൽ കൂട്ടിച്ചേർത്തത് 115 റൺസ്. അവസാന ഓവറിലെ അഞ്ചാം പന്തിൽ മാക്സ്വെല്ലിനെ മാർക്ക് വുഡ് ബൗൾഡാക്കി.6 സിക്സും 3 ഫോറും മാക്സ്വെൽ നേടി. ദിനേഷ് കാർത്തിക്ക് 1 റൺസുമായി ഡുപ്ലെസിസിനൊപ്പം പുറത്താകാതെ നിന്നു. ഡുപ്ലെസി സ് 5 വീതം സിക്സും ഫോറും നേടി.
ഇന്നത്തെ മത്സരം : ഡൽഹി Vs മുംബയ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |