സൂപ്പർ കപ്പിൽ ശ്രീ നിധി ഡെക്കാൻ 2-0ന് കേരള ബ്ളാസ്റ്റേഴ്സിനെ തോൽപ്പിച്ചു
കോഴിക്കോട്: പരീക്ഷണങ്ങളെല്ലാം പരാജയമായപ്പോൾ സൂപ്പർ കപ്പ് ഫുട്ബാളിൽ ശ്രീനിധി ഡെക്കാനോട് തകർന്നടിഞ്ഞ് മഞ്ഞപ്പട. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഐ ലീഗ് രണ്ടാം സ്ഥാനക്കാരായ ശ്രീനിധി കേരള ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ചത്. നൈജീരിയൻ താരം റിൽവാൻ ഹസനും കൊളംബിയൻ സ്ട്രൈക്കർ ഡേവിഡ് കസ്റ്റനെഡയുമാണ് ഗോളുകൾ നേടിയത്. ഇതോടെ 16ന് ചിരവൈരികളായ ബംഗളൂരു എഫ്.സിയ്ക്കെതിരായ പോരാട്ടം ബ്ലാസ്റ്റേഴ്സിന് നിർണായകമായി.
കഴിഞ്ഞ ദിവസം 3-1ന് റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സിയെ പരാജയപ്പെടുത്തിയ ടീമിൽ നിന്ന് ഏഴ് മാറ്റങ്ങളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ പരീക്ഷണങ്ങൾ അമ്പേ പരാജയമായി. തണുപ്പൻ കളിയുമായി തുടങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ ആക്രമണത്തിലേക്ക് മാറിയെങ്കിലും ശ്രീനിധി പ്രതിരോധത്തിൽ മികച്ചു നിന്നു. ആദ്യ കളിയിൽ ബംഗളൂരു എഫ്.സിയെ സമനിലയിൽ തളച്ച ശ്രീനിധിയ്ക്ക് നാല് പോയന്റായി. കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് പോയിന്റാണ് ഉള്ളത്.
ബ്ലാസ്റ്റേഴ്സിന് 17ാം മിനിട്ടിൽ ആദ്യ പ്രഹരമേറ്റു. ഫൽഗുനി സിംഗിന്റെ അസിസ്റ്റിൽ നിന്ന് നൈജീരിയൻ താരം റിൽവാൻ ഹസൻ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ആദ്യ ഗോൾ നേടി. മധ്യനിരയിൽ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ഫൽഗുനി സിംഗിന്റെ പാസ് സ്വീകരിച്ച ഹസൻ ഉതിർത്ത വലങ്കാലൻ ഗ്രൗണ്ട് ഷോട്ട് ബ്ലാസ്റ്റേഴ്സ് പോസ്റ്റിന്റെ വലതുമൂലയിൽ പതിച്ചു. 44ാം മിനിട്ടിൽ ദിനേഷ് സിംഗിന്റെ ക്രോസ് ക്ലിയർ ചെയ്യന്നതിൽ ഹോർമിപാം പരാജയപ്പെട്ടതോടെ വായുവിൽ ഉയർന്നു ചാടിയ കൊളംബിയൻ സ്ട്രൈക്കർ ഡേവിഡ് കാസ്റ്റനെഡ ബ്ലാസ്റ്റേഴ്സ് വലയിലേക്ക് പന്തുകയറ്റി ശ്രീനിധിയുടെ ലീഡുയർത്തി.
12ാം മിനിട്ടിലായിരുന്നു ബ്ലാസ്റ്റേഴ്സിന് ആദ്യ അവസരം ലഭിച്ചത്. ബ്രെയ്സ് മിറാൻഡയുടെ ക്രോസ് ബോക്സിനുള്ളിലേക്ക് ഓടിയെത്തിയ രാഹുലിന് കണക്ട് ചെയ്യാൻ സാധിച്ചില്ല. 23ാം മിനിട്ടിൽ കലൂഷ്നിയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂട പറന്നു. 29ാം മിനിട്ടിൽ ശ്രീനിധിയുടെ ഡേവിഡ് കസ്റ്റനെഡയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷ് രക്ഷപ്പെടുത്തി. 36ാം മിനിട്ടിൽ രാഹുലിന്റെ മുന്നേറ്റം പെനാൾട്ടി ബോക്സിൽ ശ്രീനിധി പ്രതിരോധം തടഞ്ഞു. 51ാം മിനിട്ടിൽ ബോക്സിനുള്ളിൽ ആയുഷ് അധികാരി സൃഷ്ടിച്ച മികച്ച അവസരും ജിയാനു പാഴാക്കി. 55ാം മിനിട്ടിൽ റോസൻബെർഗ് ഗബ്രിയേലിന്റെ ഗോളെന്നുറച്ച ഷോട്ട് ബ്ലസ്റ്റേഴ്സ് ഗോളി സച്ചൻ സുരേഷ് രക്ഷപ്പെടുത്തി. 62ാം മിനിട്ടിൽ കസ്റ്റനെഡയുടെ ഷോട്ട് തടഞ്ഞ് സച്ചിൻ സുരേഷ് വീണ്ടും രക്ഷകനായി. 70ാം മിനിട്ടിൽ ലഭിച്ച മികച്ച അവസരം ജിയാനുവിന് ഗോളാക്കാൻ സാധിച്ചില്ല. ജിയാനുവിന്റെ ഹെഡ്ഡർ പോസ്റ്റിൽ തട്ടി മടങ്ങി. 73ാം മിനിട്ടിൽ കലൂഷ്നിയുടെ ഷോട്ട് ശ്രീനിധി ഗോളി രക്ഷപ്പെടുത്തി.
ആദ്യ ഇലവനിൽ ഏഴ് മാറ്റങ്ങൾ വരുത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഹോർമിപാം, കെ.പി. രാഹുൽ, ഇവാൻ കലൂഷ്നി ലസ്കോവിച്ച് എന്നിവർ ആദ്യ ഇലവനിൽ ഇടം നേടിയപ്പോൾ സഹൽ അബ്ദുൾ സമദ്, വിപിൻ മോഹൻ, ജിയാനു തുടങ്ങിയവർക്ക് സ്ഥാനം നഷ്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |