മഞ്ചേരി: ഇന്നലെ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്.സിയും ഐ സ്വാൾ എഫ്.സിയും 2-2ന് സമനിലയിൽ പിരിഞ്ഞതോടെ ഇരു ടീമുകളും സൂപ്പർ കപ്പ് ഫുട്ബാളിന്റെ സെമി കാണാതെ പുറത്തായി. രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്ന ശേഷമാണ് ഈസ്റ്റ് ബംഗാൾ സമനില പിടിച്ചത്.
ആദ്യ പകുതിയുടെ 16-ാം മിനിട്ടിൽ മഹേഷ് സിംഗ് ഈസ്റ്റ് ബംഗാളിന് വേണ്ടി ആദ്യ ഗോൾ നേടി. ക്യാപ്ടൻ ഒലവേരിയ നൽകിയ ത്രൂപാസിലായിരുന്നു ഗോൾ. 21 -ാം മിനിട്ടിൽ വി.പി. സുഹൈർ വലതുവിംഗിൽ നിന്നും കൊടുത്ത ബോൾ സുമിത് ബാസി ഹെഡ് ചെയ്ത് ഈസ്റ്റ് ബംഗാളിന്റെ രണ്ടാം ഗോൾ നേടി. 43 -ാം മിനിട്ടിൽ ഐ സ്വാളിന്റെ ജപ്പാൻ താരം അകിറ്റൊ സൈറ്റോ ബോക്സിൽ നിന്നും കിട്ടിയ ബോൾ ഗോൾ പോസ്റ്റിലേക്കടിച്ചു. ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ കമൽജിത് തട്ടിയിട്ട പന്ത് വലതുവിംഗിൽ നിന്നും ഐ സ്വാൾ മുന്നേറ്റ താരം ഡേവിഡ് ബോക്സിന്റെ ഒത്ത മദ്ധ്യത്തിൽ നിൽക്കുകയായിരുന്ന ലാൽഹുറെ ലുവാൻഗക്ക് നൽകി. ലാൽഹുറെ പന്ത് വലയിലാക്കി.
രണ്ടാംപകുതിയുടെ തുടക്കത്തിൽ തന്നെ ഐ സ്വാൾ രണ്ടാം ഗോളും മടക്കി. മദ്ധ്യനിരയിൽ നിന്നും വന്ന മുന്നേറ്റം ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പർ കമൽജിത് തടഞ്ഞിട്ടു. പന്ത് വീണ് കിട്ടിയ ഐ സ്വാൾ മിഡ്ഫീൽഡർ മഫേല വേഗത്തിൽ പന്ത് ഡേവിഡിന് കൈമാറി. ബോക്സിന് വെളിയിൽ സ്ഥാനം തെറ്റി കിടക്കുകയായിരുന്ന ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ കമൽജിത്തിന്റെ മുകളിലൂടെ ഡേവിഡ് പന്ത് വലയിലേക്കടിച്ചു കയറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |