ചെന്നൈ സൂപ്പർ കിംഗ്സ് 226/6, ആർ.സി.ബി 218/8
ഡെവോൺ കോൺവേ 83,ശിവം ദുബെ 52
ബംഗളുരു : ഇരു ടീമുകളും ചേർന്ന് 444 റൺസ് അടിച്ചുകൂട്ടിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് എട്ടുറൺസിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിനെതിരെ തോൽപ്പിച്ചു. നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 226 റൺസാണ് ധോണിയും കൂട്ടരും അടിച്ചുകൂട്ടിയത്. മറുപടിക്കിറങ്ങിയ ബാംഗ്ളൂർ 218 റൺസാണ് സ്വന്തം തട്ടകത്തിൽ തിരിച്ചടിച്ചത്.
അർദ്ധസെഞ്ച്വറികൾ നേടിയ ഡെവോൺ കോൺവേയ്‌യും (45 പന്തുകളിൽ 83 റൺസ് ) ശിവം ദുബെയും (27പന്തുകളിൽ 52) ചേർന്നാണ് ചെന്നൈയെ ഇത്ര വലിയ സ്കോറിലേക്ക് നയിച്ചത്. അജിങ്ക്യ രഹാനെ (37),മൊയീൻ അലി (19*) എന്നിവരും ടീമിന് പിന്തുണ നൽകി. ആദ്യ രണ്ടോവറിൽ 15 റൺസെടുക്കുന്നതിനിടയിൽ വിരാട് കൊഹ്‌ലിയെയും (6),മഹിപാൽ ലോമോറിനെയും (0) നഷ്ടമായ ആർ.സി.ബിക്ക് വേണ്ടി മൂന്നാം വിക്കറ്റിൽ 126 റൺസ് കൂട്ടിച്ചേർത്ത ഗ്ളെൻ മാക്സ‌്‌വെല്ലും (76) നായകൻ ഫാഫ് ഡുപ്ളെസിയും (62) പൊരുതിയെങ്കിലും കൃത്യം ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ചെന്നൈ കളി വരുതിയിൽ വരുത്തി. 28 റൺസെടുത്ത ദിനേഷ് കാർത്തിക്,19 റൺസടിച്ച സുയാഷ് എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയതും ചെന്നൈ വിജയത്തിന് വഴിയൊരുക്കി.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടിയ ആർ.സി.ബി ക്യാപ്ടൻ ഡുപ്ളെസി ചെന്നൈയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. റിതുരാജ് ഗേയ്ക്ക്‌വാദിനെ(3) മൂന്നാം ഓവറിൽ നഷ്ടമായെങ്കിലും രഹാനെയും കോൺവേയും ചേർന്ന് തകർത്തടിച്ചതോടെ ചെന്നൈയുടെ സ്കോർ ഉയർന്നു. 20 പന്തുകളിൽ മൂന്നുഫോറും രണ്ട് സിക്സുമടക്കം 37 റൺസടിച്ച രഹാനെ രണ്ടാം വിക്കറ്റിൽ 74 റൺസ് കൂട്ടിച്ചേർത്തശേഷമാണ് പുറത്തായത്. തുടർന്ന് ശിവം ദുബെയുടെ വെടിക്കെട്ടായിരുന്നു. 9.3 ഓവറിൽ 90/2 എന്ന നിലയിൽ ക്രീസിലൊരുമിച്ച സഖ്യം 15.4-ാം ഓവറിൽ പിരിയുമ്പോൾ 170/3ലെത്തിയിരുന്നു. 45 പന്തുകളിൽ ആറുവീതം ഫോറും സിക്സുമടിച്ച കോൺവേയ്‌യെ ഹർഷൽ പട്ടേലാണ് പുറത്താക്കിയത്. അടുത്ത ഓവറിൽ ദുബെയ്‌യും പുറത്തായി. രണ്ട് ഫോറും അഞ്ചുസിക്സുമാണ് ദുബെ പായിച്ചത്. തുടർന്ന് അമ്പാട്ടി റായ്ഡു(14),ജഡേജ (10) എന്നിവരുടെ വിക്കറ്റുകൾ കൂടി നഷ്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |