ന്യൂയോർക്ക്: 2016 റിയോ ഒളിമ്പിക്സിൽ മൂന്ന് മെഡലുകളും 2017 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിലെ ചാമ്പ്യൻപട്ടവും സ്വന്തമാക്കിയിരുന്ന അമേരിക്കൻ വനിതാ സ്പ്രിന്റർ ടോറി ബോവി 32-ാം വയസിൽ അന്തരിച്ചു. താരത്തിന്റെ മരണവിവരം പുറത്തുവിട്ട മാനേജ്മെന്റ് കമ്പനി പക്ഷേ മരണകാരണം വ്യക്തമാക്കിയിട്ടില്ല. ബോവിയെ ഫ്‌ളോറിഡയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതായാണ് ബോവിയുടെ ഏജന്റ് അറിയിച്ചത്.
മിസിസിപ്പിയിലെ സാൻഡ് ഹില്ലിലാണ് ബോവി ജനിച്ചത്. 100 മീറ്ററിലും 200 മീറ്ററിലും ലോംഗ് ജമ്പിലും രണ്ട് സംസ്ഥാന ഹൈസ്‌കൂൾചാമ്പ്യൻഷിപ്പുകളും 4×100റിലേയിൽ മൂന്ന് സംസ്ഥാന കിരീടങ്ങളും നേടിയിട്ടുണ്ട്.
റിയോ ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്ററിൽ ജമൈക്കയുടെ എലേയ്ന തോംപ്സണിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ടോറി ഫിനിഷ് ചെയ്തിരുന്നത്. 200 മീറ്ററിൽ വെങ്കലവും നേടിയ ടോറി 4x100 മീറ്റർ റിലേയിൽ ടിയാന ബാർട്ടോലെറ്റ, ആലിസൺ ഫെലിക്സ്, ഇംഗ്ലീഷ് ഗാർഡ്നർ എന്നിവരോടൊപ്പം ആങ്കറായി ഓടി ഒളിമ്പിക് സ്വർണവും സ്വന്തമാക്കി. അടുത്ത വർഷം ലണ്ടനിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലാണ് 100 മീറ്റർ സ്വർണം നേടി വേഗപ്പറവയായത്. ലണ്ടനിൽ 4x100റിലേയിലും ബോവി സ്വർണമണിഞ്ഞിരുന്നു. 2015 ൽ ബെയ്ജിംഗിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ വെങ്കലം നേടിയിരുന്നു. 2019-ൽ ഖത്തറിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ലോംഗ്ജമ്പിൽ നാലാമതായി ഫിനിഷ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |