പ്രിമിയർ ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകളുമായി എർലിംഗ് ഹാലാൻഡ്
വെസ്റ്റ് ഹാമിനെ 3-0ത്തിന് തോൽപ്പിച്ച മാഞ്ചസ്റ്റർ സിറ്റി ആഴ്സനലിനെ മറികടന്ന് വീണ്ടും ഒന്നാമത്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിന്റെ ഗോളടി ചരിത്രം വീണ്ടും തിരുത്തിയെഴുതി മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേക്കാരൻ യുവ സ്ട്രൈക്കർ എർലിംഗ് ഹാലാൻഡ്. പ്രീമിയർ ലീഗിൽ കഴിഞ്ഞ രാത്രി വെസ്റ്റ്ഹാമിനെതിരെ നടന്ന മത്സരത്തിൽ സിറ്റി മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് ജയിച്ചപ്പോൾ രണ്ടാം ഗോൾ നേടിയത് ഹാലാൻഡായിരുന്നു. ഈ സീസൺ പ്രിമിയർ ലീഗിൽ നിന്ന് മാത്രം ഈ 22 കാരന്റെ 35-ാമത് ഗോളായിരുന്നു ഇത്. ഇതോടെ പ്രിമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോളടിക്കുന്ന താരം എന്ന ആൻഡ്രൂ കോളിന്റേയും അലൻ ഷിയയറുടെയും റെക്കാഡാണ് ഹാലാൻഡ് തിരുത്തിയെഴുതിയത്.
ഹാലാൻഡിന്റെ ചരിത്ര നേട്ടത്തിനൊപ്പം പ്രിമിയർ ലീഗിൽ വീണ്ടും ഒന്നാമതെത്താനായത് മാഞ്ചസ്റ്റർ സിറ്റിയുടെ ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്നു. വെസ്റ്റ് ഹാമിനെതിരായ 3-0ത്തിന്റെ വിജയത്തോടെ സിറ്റിക്ക് 33 മത്സരങ്ങളിൽ നിന്ന് 79 പോയിന്റായി. 34 കളികളിൽ നിന്ന് 78 പോയിന്റാണ് ആഴ്സനലിനുള്ളത്.
ഹാലാൻഡിനെ കൂടാതെ നഥാൻ എകെ,ഫിൽ ഫോഡൻ എന്നിവരും നേടിയ ഗോളുകളാണ് വെസ്റ്റ്ഹാമിനെതിരെ സിറ്റിക്ക് വിജയം നൽകിയത്. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.49-ാം മിനിട്ടിലാണ് എകെ സ്കോർ ചെയ്തത്.70-ാം മിനിട്ടിൽ ഹാലാൻഡിന്റെ വക ഗോൾ. 85-ാം മിനിട്ടിലാണ് ഫോഡൻ പട്ടിക പൂർത്തിയാക്കിയത്.
ഈ സീസണിന്റെ തുടക്കം മുതൽ ലീഡ് ചെയ്തിരുന്ന ആഴ്സനലിനെ കഴിഞ്ഞ ഞായറാഴ്ചയാണ് സിറ്റി ആദ്യം മറികടന്നിരുന്നത്. എന്നാൽ അതിന് ശേഷം ചെൽസിയെ തോൽപ്പിച്ച് ആഴ്സനൽ വീണ്ടും മുന്നിലെത്തിയിരുന്നു. ആ ആഴ്സനലിനെയാണ് സിറ്റി ഇപ്പോൾ വീണ്ടും പിന്നിലാക്കിയിരിക്കുന്നത്. ആഴ്സനലിനേക്കാൾ ഒരു മത്സരം കുറച്ചാണ് സിറ്റി കളിച്ചിരിക്കുന്നത് എന്നതിനാൽ ഇക്കുറി സിറ്റിക്കാണ് കിരീടസാദ്ധ്യത. എന്നാൽ അവസാന മത്സരങ്ങളിലെ അട്ടിമറികൾ കിരീടാവകാശിയെ മാറ്റി മറിച്ചേക്കാം.
ലിവർപൂളിന് ജയം
പ്രിമിയർ ലീഗിൽ കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ ലിവർപൂൾ ഏകപക്ഷീയമായ ഏക ഗോളിന് ഫുൾഹാമിനെ കീഴടക്കി.ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിന്റെ 39-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് മുഹമ്മദ് സലായാണ് ലിവർപൂളിന്റെ വിജയഗോൾ നേടിയത്.
ഈ സീസണിലെ 17-ാം ജയം നേടിയ ലിവർപൂൾ 34 മത്സരങ്ങളിൽ നിന്ന് 59 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 45 പോയിന്റുള്ള ഫുൾഹാം പത്താം സ്ഥാനത്തും.
35
ഒരു ടീമിന് 42 മത്സരങ്ങൾ കളിക്കാനാകുമായിരുന്ന ലീഗ് ഫോർമാറ്റിലാണ് അലൻ ഷിയററും ആൻഡ്രൂ കോളും 34 ഗോളുകൾ നേടിയിരുന്നത്.എന്നാൽ ഹാലാൻഡിന് 35 ഗോളുകൾ നേടാൻ 33 മത്സരങ്ങളേ വേണ്ടിവന്നുളളൂ.
1993-94
സീസണിൽ ന്യൂകാസിൽ യുണൈറ്റഡിന്റെ താരമായിരുന്ന ആൻഡ്രൂ കോളാണ് ആദ്യം 34 പ്രിമിയർ ലീഗ് ഗോളുകൾ എന്ന റെക്കാഡിലെത്തിയത്. തൊട്ടടുത്ത സീസണിൽ ന്യൂകാസിലിന്റെതന്നെ താരമായ അലൻ ഷിയററും 34 ഗോളുകൾ അടിച്ചുകൂട്ടിയത്.
51
ഈ സീസണിൽ എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി സിറ്റിയ്ക്ക് വേണ്ടി ഹാലാൻഡ് നേടുന്ന 51-ാമത്തെ ഗോളായിരുന്നു വെസ്റ്റ് ഹാമിന് എതിരായത്. സിറ്റിയ്ക്ക് വേണ്ടി ഹാലാൻഡിന്റെ അരങ്ങേറ്റ സീസണാണ് ഇത്.
22
വയസ് മാത്രമാണ് ഹാലാൻഡിനുള്ളത്.ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിൽ നിന്നാണ് കഴിഞ്ഞ വർഷം ഹാലാൻഡ് സിറ്റിയിലെത്തിയത്.
38
മത്സരങ്ങൾ ഉള്ള പ്രിമിയർ ലീഗ് ഫോർമാറ്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ (32) നേടിയിരുന്ന മുഹമ്മദ് സലയെ ഈ സീസണിൽ ഹാലാൻഡ് മറികടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |