ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടം തുടർച്ചയായ മൂന്നാം സീസണിലും മാഞ്ചസ്റ്റർ സിറ്റിക്ക്
കഴിഞ്ഞ ആറുസീസണുകളിൽ സിറ്റിയുടെ അഞ്ചാം പ്രിമിയർ ലീഗ് കിരീടം
മാഞ്ചസ്റ്റർ യുണൈറ്റഡിന് ശേഷം കിരീടഹാട്രിക്ക് നേടുന്ന ആദ്യ ക്ളബ്
ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ തുടർച്ചയായ മൂന്നാം സീസണിലും ചാമ്പ്യന്മാരായി മാഞ്ചസ്റ്റർ സിറ്റി. കഴിഞ്ഞ രാത്രി രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് പരാജയപ്പെട്ടതോടെയാണ് സിറ്റി കിരീടനേട്ടത്തിലെത്തിയത്. സിറ്റിയുടെ ചരിത്രത്തെ ഒൻപതാമത്തെ ഫസ്റ്റ് ഡിവിഷൻ കിരീടമാണിത്. ഇതോടെ കഴിഞ്ഞ ആറു സീസണുകളിൽ അഞ്ചുതവണയും ലീഗ് കിരീടം നേടുന്ന ക്ലബായി സിറ്റി മാറി.
ഇന്നലെ ചെൽസിയെ തോൽപ്പിച്ച് കിരീടമണിയാം എന്ന കണക്കുകൂട്ടലുകളുമായിരുന്ന സിറ്റിക്ക് ആഴ്സനലിന്റെ തോൽവി കാര്യങ്ങൾ എളുപ്പമാക്കുകയായിരുന്നു. നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ആഴ്സനലിന്റെ തോൽവി.നോട്ടിംഗ്ഹാമിനെതിരായ മത്സരത്തിന് മുമ്പ് ആഴ്സനലിന് 36 കളികളിൽ നിന്ന് 81 പോയിന്റും സിറ്റിക്ക് 35 മത്സരങ്ങളിൽ നിന്ന് 85 പോയിന്റുമായിരുന്നു. ആഴ്സനൽ 37-ാം മത്സരം തോറ്റതോടെ അവസാന മത്സരം ജയിച്ചാലും ആഴ്‌സനലിന് സിറ്റിക്ക് ഒപ്പമെത്താനാവില്ല.
ഇന്നലെ രാത്രി ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് സിറ്റി കിരീടാഘോഷത്തിന് മാറ്റുകൂട്ടുകയും ചെയ്തു.12-ാം മിനിട്ടിൽ ജൂലിയാൻ അൽവാരേസ് നേടിയ ഗോളിനായിരുന്നു സിറ്റിയുടെ ജയം. ചാമ്പ്യന്മാരായി തങ്ങളുടെ തട്ടകത്തിലേക്ക് എത്തിയ ചെൽസിയെ ഗാർഡ് ഒഫ് ഓണർ നൽകിയാണ് മത്സരത്തിനായി ചെൽസി താരങ്ങൾ ആനയിച്ചത്. മത്സരശേഷം സിറ്റി ആരാധകർ ഗ്രൗണ്ടിലേക്ക് ഇറങ്ങി ആഘോഷപ്രകടനം നടത്തിയതിനാൽ ട്രോഫി ഏറ്റുവാങ്ങുന്നതിന് അൽപ്പം താമസം നേരിട്ടിരുന്നു.
ഒന്നിലെത്തി, ലക്ഷ്യം മൂന്ന്
സീസണിൽ മിന്നുന്ന ഫോമിലാണ് മാഞ്ചസ്റ്റർ സിറ്റി. മൂന്ന് കിരീടങ്ങൾ ഈ സീസണിൽ നേടുകയാണ് ലക്ഷ്യം. മാഞ്ചസ്റ്റർ യുണൈറ്റഡിനു ശേഷം ഈ നേട്ടത്തിലെത്തുന്ന ടീമാകാനും സിറ്റി കഴിയും. ഇക്കുറി പ്രിമിയർ ലീഗിന് പുറമേ ചാമ്പ്യൻസ് ലീഗ് ഫൈനലിലും ഇംഗ്ളീഷ് എഫ്.എ കപ്പ് ഫൈനലിലുമാണ് സിറ്റി കിരീടം കൊതിക്കുന്നത്. ജൂൺ മൂന്നിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേ വെംബ്ലിയിലാണ് എഫ്.എ. കപ്പ് ഫൈനൽ നടക്കുന്നത്.ജൂൺ പത്തിന് ഇസ്താംബുളിൽ ഇന്റർമിലാനെതിരേയാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ. ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സിറ്റിക്ക് കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |