സാത്വിക് സായ്‌രാജ് റാൻകിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യത്തിന് ഖേൽരത്ന
എം.ശ്രീശങ്കറും മുഹമ്മദ് ഷമിയും അടക്കം 26 പേർക്ക് അർജുന
മലയാളി കബഡി കോച്ച് ഇ.ഭാസ്കരന് ലൈഫ് ടൈം ദ്രോണാചാര്യ
ന്യൂഡൽഹി : ഖേൽ രത്ന അടക്കമുള്ള ദേശീയ കായിക പുരസ്കാരകങ്ങൾ കേന്ദ്ര കായിക മന്ത്രാലയം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. റിട്ട.ജസ്റ്റിസ് ഖാൻവിൽക്കർ അദ്ധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി സമർപ്പിച്ച ശുപാർശപ്പട്ടിക കഴിഞ്ഞയാഴ്ച കായികമന്ത്രാലയം അംഗീകരിച്ചിരുന്നു.
പുരുഷ ബാഡ്മിന്റൺ ഡബിൾസിൽ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ സാത്വിക് സായ്‌രാജ് റാൻകിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിനാണ് ഖേൽരത്ന പുരസ്കാരം. മലയാളി ലോംഗ് ജമ്പ് താരം എം.ശ്രീങ്കറും ക്രിക്കറ്റർ മുഹമ്മദ് ഷമിയും അടക്കമുള്ള 26 താരങ്ങൾക്കാണ് അർജുന അവാർഡ്. ഇത്തവണ അർജുന ലഭിച്ച ഏക മലയാളിയാണ് ശ്രീശങ്ക. സെലക്ഷൻ കമ്മിറ്റി ക്ക് മുന്നിൽ ആദ്യം ഷമിയുടെ പേര് വന്നിരുന്നില്ലെങ്കിലും ലോകകപ്പിലെ പ്രകടനത്തിന് ശേഷം ബി.സി.സി.ഐ നൽകിയ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് അവാർഡിനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയത്. മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരത്തിന് ലൈഫ് ടൈം അച്ചീവ്മെന്റായി മലയാളിയായ കബഡി കോച്ച് ഇ.ഭാസ്കരൻ അർഹനായി.
ചെസ് താരം പ്രഗ്നാനന്ദയുടെ സഹോദരിയും അടുത്തിടെ വനിതാ ഗ്രാൻഡ്മാസ്റ്റർ പട്ടം നേടുകയും ചെയ്ത വൈശാലിക്ക് അർജുനയും വൈശാലിയുടെയും പ്രഗ്ഗിന്റെയും കോച്ച് ആർ.ബി രമേഷിന് ദ്രോണാചാര്യയും ലഭിച്ചു. അഞ്ചുപേർക്കാണ് ദ്രോണാചാര്യ. മൂന്നുപേരെ ധ്യാൻചന്ദ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിനും തിരഞ്ഞെടുത്തു. പുരസ്കാരങ്ങൾ ജനുവരി 9 ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിക്കും.
ആഹ്ളാദത്തിൽ ശങ്കുവും കുടുംബവും
അർജുന അവാർഡ് പ്രഖ്യാപനത്തിന്റെ സന്തോഷത്തിലാണ് മലയാളി ലോംഗ് ജമ്പ് താരം എം.ശ്രീശങ്കർ. കഴിഞ്ഞ വർഷം ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിലും ഈ വർഷം ഹ്വാംഗ്ചൗ ഏഷ്യൻ ഗെയിംസിലും ബാങ്കോക്ക് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വെള്ളിമെഡൽ നേടിയ പ്രകടനമാണ് പാലക്കാടുകാരൻ ശങ്കുവിനെ രാജ്യത്തിന്റെ പുരസ്കാരത്തിന് അർഹനാക്കിയത്. മുൻ കായിക താരങ്ങളായ മുരളിയുടെയും ബിജിമോളുടെയും മകനാണ് 24കാരനായ ശ്രീശങ്കർ. റിസർവ് ബാങ്ക് ഉദ്യോഗസ്ഥനായ ശ്രീശങ്കർ ഏഷ്യൻ ഗെയിംസിന് ശേഷമുള്ള വിശ്രമം കഴിഞ്ഞ് പാലക്കാട്ട് പരിശീലനം പുനരാരംഭിച്ചിരിക്കുകയാണ്. പിതാവ് മുരളിയാണ് പരിശീലനം നൽകുന്നത്.
അടുത്ത വർഷം പാരീസിൽ നടക്കുന്ന ഒളിമ്പിക്സിലെ മെഡലാണ് ശ്രീശങ്കർ ഇപ്പോൾ ലക്ഷ്യമിടുന്നത്. 8.26 മീറ്റർ ചാടി ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടിയെങ്കിലും അവിടെ ചെന്ന് 7.69 മീറ്റർ ചാടാനേ ശങ്കുവിന് കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ മൂന്നുവർഷത്തിന് ശേഷം അടുത്ത ഒളിമ്പിക്സിന് തയ്യാറെടുക്കുമ്പോൾ ശങ്കുവിന്റെ പരിചയസമ്പത്തും ആത്മവിശ്വാസവും വർദ്ധിച്ചിട്ടുണ്ട്. ഈ വർഷം 8.41 മീറ്റർ ചാടിയിട്ടുള്ള ശങ്കു ആ മികവ് പാരീസ് വരെ നിലനിറുത്താനുള്ള ശ്രമത്തിലാണ്. ഇപ്പോൾ പാലക്കാട്ട് പരിശീലിക്കുന്ന താരം വൈകാതെ ഇന്ത്യൻ ക്യാമ്പിലേക്ക് പോകും. ഒളിമ്പിക്സിന് മുമ്പ് വിദേശ പരിശീലനം ഉൾപ്പടെ നടത്തും.
അർജുന ശുപാർശകൾ
ശ്രീശങ്കർ, പരുൾ ചൗധരി( അത്‌ലറ്റിക്സ് ), മുഹമ്മദ് ഷമി ( ക്രിക്കറ്റ്), അജയ് റെഡ്ഡി ( ബ്ളൈൻഡ് ക്രിക്കറ്റ്),ഓജസ് പ്രവീൺ,അതിഥി ഗോപിചന്ദ് ( ആർച്ചറി ),ശീതൽ ദേവി( പാരാ ആർച്ചറി),ഹുസാമുദ്ദീൻ ( ബോക്സിംഗ്),ആർ.വൈശാലി ( ചെസ് ),ദിവ്യാകൃതി സിംഗ്, അനുഷ് അഗർവാല( ഇക്വിസ്ട്രിയൻ),ദിക്ഷ ദാഗർ (ഗോൾഫ്), കൃഷൻ ബഹാദൂർ പഥക് ,സുശീല ചാനു ( ഹോക്കി), പിങ്കി( ലോൺബാൾ),ഐശ്വരി പ്രതാപ് സിംഗ്,ഇഷ സിംഗ് ( ഷൂട്ടിംഗ്),അന്തിം പംഗൽ,സുനിൽ കുമാർ ( റെസ്‌ലിംഗ്),അയ്‌ഹിക മുഖർജീ ( ടേബിൾ ടെന്നീസ് ),പവൻ കുമാർ ,റിതു നേഗി(കബഡി), നസ്‌റീൻ (ഖൊ ഖൊ),ഹരീന്ദർ പാൽ സന്ധു (സ്ക്വാഷ്), റോഷിബിന ദേവി (വുഷു), പ്രാചി യാദവ്( പാരാ കനോയിംഗ്),
ദ്രോണാചാര്യ( റെഗുലർ) : ഗണേഷ് പ്രഭാകരൻ( മല്ലക്കമ്പ്),മഹാവീർ സെയ്നി ( പാരാ അത്‌ലറ്റിക്സ്),ലളിത് കുമാർ ( റെസ്‌ലിംഗ്),ആർ.ബി രമേഷ്( ചെസ്),ശിവേന്ദ്ര സിംഗ് ( ഹോക്കി).
ദ്രോാണാചാര്യ (ലൈഫ് ടൈം): ജസ്കീരത്ത് ഗ്രേവാൾ( ഗോൾഫ്),ഇ.ഭാസ്കരൻ (കബഡി), ജയന്തകുമാർ (ടേബിൾ ടെന്നിസ്)
ധ്യാൻ ചന്ദ് അവാർഡ് : കവിത ( കബഡി),മഞ്ജുഷ കൻവാർ ( ബാഡ്മിന്റൺ),വിനീത് കുമാർ ശർമ്മ ഹോക്കി.
കണ്ണൂരുനിന്ന് കബഡിയിലേക്ക്
വർഷങ്ങളായി ദേശീയ തലത്തിൽ കബഡിയിൽ നൽകിയ സേവനത്തിനാണ് കണ്ണൂർ സ്വദേശിയായ പരിശീലകൻ ഇടച്ചേരി ഭാസ്കരന് ലൈഫ് ടെെം അച്ചീവ്മെന്റ് വിഭാഗത്തിൽ ദ്രോണാചാര്യ ലഭിച്ചത്. 2010 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ പുരുഷ കബഡി ടീമിന്റെയും 2014 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ കബഡി ടീമിന്റെയും മുഖ്യ പരിശീലകനായിരുന്നു മുൻ സൈനികനായ ഭാസ്കരൻ. പിന്നീട് സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയിൽ ഉൾപ്പടെ പരിശീലകനായി. പ്രൊ കബഡി ലീഗിലും പരിശീലകനായിരുന്നു. പ്രൊ കബഡി ലീഗിന്റെ രണ്ടാം സീസണിൽ യു മുംബയ്‌യെ ചാമ്പ്യൻസാക്കിയത് ഇദ്ദേഹമാണ്. പിന്നീട് തമിഴ് തലൈവാസിന്റെ കോച്ചായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |