
ടോക്യോ : 58-ാംവയസിൽ പുതിയ ക്ലബിൽ ചേർന്ന് കളിക്കളത്തിലെ തന്റെ പടയോട്ടം തുടരുന്ന ജാപ്പനീസ് ഫുട്ബാളർ കസുയോഷി മിയുറ അത്ഭുതമാകുന്നു. കിംഗ് കസു എന്നറിയപ്പെടുന്ന കസുയോഷി മിയുറ ജാപ്പാനീസ് മൂന്നാം ഡിവിഷൻ ക്ളബ് ഫുക്കുഷിമ യുണൈറ്റഡിൽ ആറുമാസത്തെ ലോൺ വ്യവസ്ഥയിൽ കഴിഞ്ഞദിവസമാണ് ചേർന്നത്. അടുത്തമാസം മുതൽ ജെ ലീഗിൽ പുതിയ ക്ളബിനായി പന്തുതട്ടിത്തുടങ്ങും. പ്രൊഫഷണൽ ഫുട്ബാൾ കരിയറിലെ 41-ാം സീസണിലേക്കാണ് കിംഗ് കസു കടക്കുന്നത്. നിലവിൽ കളിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ പ്രൊഫഷണൽ ഫുട്ബാൾ താരവും കസുയോഷി തന്നെ.
അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ജെ ലീഗിലേക്ക് മടങ്ങിയെത്തുന്നത്. 2005 മുതൽ മുൻനിര ക്ളബ് യോക്കോഹോമയുടെ താരമാണ് കസുയോഷി. കഴിഞ്ഞ സീസണിൽ ലോൺ വ്യവസ്ഥയിൽ നാലാം ഡിവിഷൻ ക്ലബ്ബ് അത്‌ലറ്റിക്കോ സുസുക്കയിലാണ് കളിച്ചത്. അതിന് മുമ്പ് ലോൺ വ്യവസ്ഥയിൽ തന്നെ പോർച്ചുഗീസ് ക്ളബ് ഒലിവേറെയ്ൻസിലും സുസുക്ക പോയിന്റ് ഗെറ്റേഴ്സിലും കസുയോഷി കളിച്ചിരുന്നത്.
1986 ൽ മുൻനിര ബ്രസീലിയൻ ക്ളബ് സാന്റോസിലൂടെയാണ് കസുയോഷി പ്രൊഫഷണൽ ഫുട്ബാളിൽ അരങ്ങേറ്റം കുറിച്ചത്. സാക്ഷാൽ നെയ്മർ ഇപ്പോൾ കളിക്കുന്ന ക്ളബാണ് സാന്റോസ്. വർഷങ്ങൾ കടന്നുപോകവേ പല ബ്രസീലിയൻ ക്ലബ്ബുകൾക്കും പന്തുതട്ടി മുന്നേറിയ കസു 1993ൽ ജപ്പാനിൽ ജെ ലീഗ് തുടങ്ങിയപ്പോൾ വെർദി കവാസാക്കിയിലൂടെ ലീഗിലെ ഹീറോയായി. 2022ലാണ് സുസുക്ക പോയിന്റ് ഗെറ്റേഴ്സിലെത്തിയത്. സഹോദരൻ യസുതോഷി മിയുറയായിരുന്നു ആ ക്ലബിന്റെ പരിശീലകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |